big-boss

മുംബൈ: നടനും മുൻ ബിഗ്‌ബോസ് മത്സരാർത്ഥിയുമായ അജാസ് ഖാനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം നടന്റെ മുംബൈയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരിഗുളികകൾ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജസ്ഥാനിൽനിന്ന് മുംബൈയിലെത്തിയ അജാസിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

നടന്റെ വീട്ടിൽ നിന്നും അൽപ്രസോളം (alprazolam) ഗുളികകൾ കണ്ടെത്തിയതായ് എൻ.സി.ബി വ്യക്തമാക്കി. ഇയാൾ ലഹരിക്കടത്തുകാരനായ ഷദാബ് ഫാറൂഖ് ഷെയ്ഖിന്റെ സംഘത്തിൽപ്പെട്ട ആളാണെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ വ്യാഴാഴ്ച രണ്ട് കിലോഗ്രാം മെഫിഡ്രോൺ (mephedrone) ലഹരിമരുന്നുകളുമായി ഷദാബ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് അജാസ് ഖാനെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതെന്നും എൻ.സി.ബി ഉദ്യോഗസ്ഥർ പറഞ്ഞു.

ajaz-khan

അതേസമയം, തന്റെ വീട്ടിൽനിന്നോ, എയർ പോർട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തസമയത്തോ ലഹരി മരുന്നുകൾ കണ്ടെത്തിയിട്ടില്ലെന്ന് അജാസ് പറഞ്ഞു. ലഹരിഗുളികകൾ എവിടെനിന്ന് കിട്ടിയെന്ന് ഉദ്യോഗസ്ഥരോട് ചോദിക്കണം. നാല് ഉറക്കഗുളികകൾ മാത്രമാണ് അവർക്ക് വീട്ടിൽനിന്ന് കിട്ടിയത്. ഗർഭം അലസിയതിനെ തുടർന്ന് വിഷാദത്തിലായ ഭാര്യ മരുന്ന് കഴിച്ചിരുന്നു. ആ മരുന്നാണ് അവർക്ക് കിട്ടിയത്. താൻ നിരപരാധിയാണെന്നും അജാസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.