
കൊച്ചി: ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ 2025ഓടെ മൊത്തം ഇടപാടിന്റെ 71.7 ശതമാനമായി ഉയരുമെന്ന് ആഗോളതലത്തിൽ കോർപ്പറേറ്റ് കമ്പനികൾക്ക് പേമെന്റ് സൊല്യൂഷൻസ് നൽകുന്ന സ്ഥാപനമായ എ.സി.ഐ വേൾഡ് വൈഡിന്റെ റിപ്പോർട്ട്. കാഷ് (കറൻസി), ചെക്ക്, മറ്റ് മാർഗങ്ങൾ എന്നിവയുടെ വിഹിതം 28.3 ശതമാനമായിരിക്കും.
2020ൽ 2,550 കോടി ഡിജിറ്റൽ പണമിടപാടുകളാണ് ഇന്ത്യയിൽ നടന്നത്. 1,570 കോടി ഇടപാടുകൾ നടന്ന ചൈനയേക്കാൾ മുന്നിലാണ് ഇന്ത്യയെന്നും റിപ്പോർട്ടിലുണ്ട്. 2020ലെ മൊത്തം ഇടപാടുകളിൽ 15.6 ശതമാനം ഇൻസ്‌റ്റന്റ് പേമെന്റുകളും 22.9 ശതമാനം ഇലക്‌ട്രോണിക് പേമെന്റുകളുമായിരുന്നു. പേപ്പർ അധിഷ്‌ഠിത (കറൻസി, ചെക്ക്) ഇടപാട് വിഹിതം 61.4 ശതമാനമായിരുന്നു. 2025ൽ ഇൻസ്‌റ്റന്റ് പേമെന്റുകൾ 37.1 ശതമാനമാകും. 34.6 ശതമാനമായിരിക്കും ഇലക്‌ട്രോണിക് പേമെന്റുകളുടെ വിഹിതം. കറൻസിയും ചെക്കും 28.3 ശതമാനത്തിലേക്ക് ചുരുങ്ങും. 2024ൽ റിയൽ-ടൈം പേമെന്റുകളുടെ വിഹിതം 50 ശതമാനം കവിയുമെന്നും റിപ്പോർട്ട് പറയുന്നു.
2020ലെ റിയൽ-ടൈം ഇടപാടുകളിൽ ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ബ്രിട്ടൻ എന്നിവയാണ് യഥാക്രമം ഏറ്റവും മുന്നിലുള്ള രാജ്യങ്ങൾ. മൊബൈൽ വാലറ്റ് ഇടപാടുകൾ 2018ൽ 18.9 ശതമാനമായിരുന്നത് 2019ൽ 40.6 ശതമാനത്തിലേക്കും 2020ൽ 46 ശതമാനത്തിലേക്കും കുതിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.