jairam-ramesh

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ്. മോദിയുടെ പാത പിന്തുടർന്ന് കേരളത്തിൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം പോലും കുത്തകകൾക്ക് തീറെഴുതിയ 'മുണ്ടുടുത്ത മോദി'യെ വോട്ടർമാർ ഭരണത്തിൽ നിന്ന് പുറത്താക്കും. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഇത്രയേറെ ജനദ്രോഹവും കോർപ്പറേറ്റ്‍‌വത്ക്കരണവും അഴിമതിയുമാണ് ഈ സർക്കാരിൽ നിന്നുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.

ഏതൊക്കെ സർവേകൾ ഭരണത്തുടർച്ച പ്രഖ്യാപിച്ചാലും കേരളത്തിൽ ഇടതു, വലതു മുന്നണികൾ മാറി മാറി ഭരിക്കുന്ന രീതി ഇക്കുറിയും തുടരുമെന്ന് ഉറപ്പാണ്. ഒരു സർവേയിലും കോൺഗ്രസ് പാർട്ടി വിശ്വസിക്കുന്നില്ല. വോട്ടെടുപ്പിൽ ജനങ്ങളുടെ തീരുമാനമാണ് പ്രധാനം. നഷ്ടപ്പെട്ട ജനാധിപത്യം തിരികെ കൊണ്ടുവരാൻ ഇനി യു.ഡി.എഫ് കേരളം ഭരിക്കുന്നതാണ് അഭികാമ്യമെന്ന് ജനങ്ങൾ ഉറപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടർച്ചയായി ബംഗാളും ത്രിപുരയും ഭരിച്ച ഇടതുപക്ഷം ഇപ്പോൾ എവിടെ നിൽക്കുകയാണെന്ന് എല്ലാവർക്കും ബോദ്ധ്യമുണ്ട്. അവിടെ ബി.ജെ.പിയാണ് ശക്തിപ്പെട്ടത്. ദേശീയതലത്തിൽ ബി.ജെ.പിയെ എതിർക്കാൻ കഴിയുന്ന ഏക പാർട്ടി കോൺഗ്രസ് മാത്രമാണെന്നും ജയറാം രമേശ് പറഞ്ഞു.