kk-

അഹമ്മദാബാദ്: ഗുജറാത്തിൽ ഉന്നതോദ്യോഗസ്ഥനെ ഹണിട്രാപ്പിൽ കുടുക്കി യുവതി ലക്ഷങ്ങൾ തട്ടിയെടുത്തു. 61കാരനുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച് ഹോട്ടലിൽ വിളിച്ചുവരുത്തിയാണ് ഹണിട്രാപ്പിൽ കുടുക്കിയത്. പണം നൽകിയില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞ് ലക്ഷങ്ങൾ ആവശ്യപ്പെടുകയായിരുന്നു. അഹമ്മദാബാദിലാണ് സംഭവം.

ജോലിയുടെ ഭാഗമായി തൊഴിലന്വേഷകരുടെ സംശയങ്ങൾ പരിഹരിച്ച് കൊടുക്കുന്നതിനിടെയാണ്, 61കാരനായ രാജേഷിനെ ഹണിട്രാപ്പിൽ കുടുക്കിയതെന്ന് പൊലീസ് പറയുന്നു,​ തൊഴിൽ അന്വേഷക എന്ന വ്യാജേനയാണ് യുവതി രാജേഷുമായി ഫോണിൽ ബന്ധപ്പെട്ടത്. ഫോണിലൂടെയുള്ള ബന്ധം പിന്നീട് വളരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരു ദിവസം രാജേഷിനെ ഹോട്ടലിലേക്ക് യുവതി വിളിച്ചുവരുത്തി. ഇവിടെ വച്ച് യുവതി 13 ലക്ഷം രൂപ ചോദിച്ചതായി പരാതിയിൽ പറയുന്നു. ഇല്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. രാജേഷ് തുടക്കത്തിൽ പണം നൽകാൻ വിസമ്മതിച്ചു. എന്നാൽ ഭീഷണിക്ക് വഴങ്ങി ഒരു ലക്ഷം രൂപ നൽകി. ഇതിന് പിന്നാലെ യുവതി പൊലീസിൽ വ്യാജ പരാതി നൽകി. അന്വേഷണത്തിലാണ് പണം തട്ടുന്ന സംഘത്തെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.