തിരൂരങ്ങാടി: കുണ്ടൂർ ,ചെറുമുക്ക് ഭാഗത്തുള്ളവർക്ക് തിരൂരങ്ങാടി നഗരത്തിലെ ഗതാഗതക്കുരുക്കിൽപെടാതെ ചെമ്മാട്ടേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുന്ന താഴെച്ചിന സി.കെ.നഗർ വയലോര റോഡിനോട് മുഖംതിരിച്ച് അധികൃതർ. നൂറ് മീറ്ററോളം ദുരമുള്ള റോഡ് ടാറിംഗോ നടത്തിയോ കോൺഗ്രീറ്റ് ചെയ്തോ ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പത്ത് വർഷത്തെ പഴക്കമുണ്ട്. താഴെച്ചിന, കുണ്ടുച്ചിന, ചെറുമുക്ക്, കുണ്ടൂർ ഭാഗത്തുള്ളവർക്ക് തിരൂരങ്ങാടി താലൂക്ക് ആസ്ഥാനമായ ചെമ്മാട്ടേക്ക് എത്തിപ്പെടാൻ ദൂരം കുറഞ്ഞ റോഡാണിത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് റോഡിന്റെ ഇരുവശങ്ങളും പാർശ്വഭിത്തി കെട്ടി സംരക്ഷിച്ചിരുന്നു. എന്നാൽ ഇതുതന്നെ ശാസ്ത്രീയമായല്ല നടത്തിയതെന്ന ആക്ഷേപമുണ്ട്. മഴക്കാലത്ത് ഇരുവശങ്ങളിലുമുള്ള നെൽ വലയിലിൽ നിന്ന് റോഡിലേക്ക് വെള്ളം കയറുന്നത് പതിവാണ്. ഇതോടെ വെള്ളവും ചളിയും കെട്ടി റോഡിലൂടെയുള്ള യാത്ര ഏറെ ദുരിതമാവുകയാണ്. ഇതില്ലാതാക്കാൻ റോഡിന്റെ ഉയരം കൂട്ടി ടാറിംഗ് നടത്തേണ്ടതുണ്ട്.
ഗതാഗതക്കുരുക്കിന് ആശ്വാസം
തിരൂരങ്ങാടി നഗരത്തിലെ ഗതാഗതക്കുരുക്ക് അനുദിനം വർദ്ധിക്കുകയാണ്. യാത്രക്കാർ ഏറെയുള്ള രാവിലെയും വൈകിട്ടും നഗരപരിധി പിന്നിടാൻ ഏറെപാടുപെടേണ്ട അവസ്ഥയാണ്. സി.കെ.നഗർ വയലോര റോഡിനെ ഗതാഗതയോഗ്യമാക്കിയാൽ ഈ കുരുക്ക് വലിയതോതിൽ കുറക്കാനാവും. നിലവിൽ റോഡിൽ കുണ്ടും കുഴിയും ഉള്ളതിനാൽ വയലോര റോഡ് വഴിയുള്ള യാത്ര ദുസ്സഹമാണ്. നഗരസഭയിലെ താഴെച്ചിന ഉൾപ്പെട്ട 25, 26, ചെമ്മാട് സി.കെ നഗർ 29 ഡിവിഷനിലൂടെയാണ് പാത കടന്നുപോവുന്നത്. മൂന്ന് കൗൺസിലർമാരും ഒത്തൊരുമിച്ച് പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നഗരസഭ ഭരണസമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് വയലോര റോഡ് നവീകരിക്കാൻ ശ്രമം നടത്തും.
അലി മോൻ തടത്തിൽ, 25ാം ഡിവിഷൻ കൗൺസിലർ