
മലപ്പുറം: വേനൽ ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സൂര്യാതപവും, നിർജ്ജലീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാവാൻ സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീന അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. ജോലി സമയം ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കാത്ത വിധം ശരീരം മൂടുന്ന രീതിയിലുള്ള ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക. യാത്രയിൽ കുപ്പിയിൽ വെള്ളം കരുതുക. നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ കുടയോ, തൊപ്പിയോ ഉപയോഗിക്കുക. ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തരുത്. പ്രായമായവർ, കുട്ടികൾ, രോഗബാധിതർ, കഠിനമായ ജോലികൾ ചെയ്യുന്നവർ പ്രത്യേകം സൂക്ഷിക്കുക. കുടിക്കുന്നത് ശുദ്ധജലം ആണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും ശരീരിക ബുദ്ധിമുട്ട് തോന്നുന്ന പക്ഷം വൈദ്യസഹായം തേടണമെന്നുെം ഡി.എം.ഒ അറിയിച്ചു.