sub
തറക്കല്ലിട്ടതിനു ശേഷം കാടു മൂടിക്കിടക്കുന്ന പഴയ സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടത്തിന്റെ മുൻഭാഗം

പരപ്പനങ്ങാടി: ആറുമാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ചു തറക്കല്ലിട്ട സബ് രജിസ്ട്രാർ ഓഫിസ് ഒന്നര വർഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ സ്ഥലം കാടുപിടിച്ചു കിടക്കുന്നു. 1.6 കോടി രൂപ ചെലവിട്ടു 4,​000 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളിലായി നിർമ്മിക്കാൻ ഉദ്ദേശിച്ചു 2019 ജൂലൈ 14നാണു കെട്ടിടത്തിന് തറക്കല്ലിട്ടത്.കേരള കൺസ്ട്രക്ഷൻ കോർപറേഷൻ ആയിരുന്നു നിർമ്മാണ കരാർ ഏറ്റെടുത്തിരുന്നത്. എന്നാൽ നിർമ്മാണത്തിന്റെ ഭാഗമായി നടന്ന മണ്ണ് പരിശോധനയിൽ സാധാരണ രീതിയിൽ നിർമ്മാണം നടത്താൻ ഉചിതമല്ല എന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്ലാൻ മാറ്റി പുതിയത് പാസാക്കി എടുക്കുന്നതിനും മറ്റുമായി ഏറെ സമയമെടുത്തു. ഇതിനിടയിൽ കൊവിഡ് മഹാമാരിയും തുടർപ്രവർത്തനങ്ങൾക്ക് തടസ്സമായി.
പുതുക്കിയ പ്ലാൻ അനുസരിച്ചു പൈലിംഗോട് കൂടിയുള്ള നിർമ്മാണത്തിനാണ് സർക്കാർ അനുമതി നൽകിയത് .എന്നാൽ എസ്റ്റിമേറ്റിൽ പുതുക്കിയ തുക ഉൾപ്പെടുത്താത്തതിനെ തുടർന്ന് കൺസ്ട്രക്ഷൻ കോർപറേഷൻ കൈയൊഴിഞ്ഞു .ഇനി പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കാനും മറ്റുമായി സമയമെടുക്കും. മാർച്ചിൽ തന്നെ റീ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ബന്ധപ്പെട്ട അധികാരികൾ പറയുന്നുണ്ടെങ്കിലും നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ ഇനിയും മാസങ്ങൾ എടുക്കുമെന്നാണ് കരുതുന്നത് .
പരപ്പനങ്ങാടിയിലെ ഏറ്റവും പുരാതനമായ കെട്ടിടങ്ങളിൽ ഒന്നായിരുന്നു സബ് രജിസ്ട്രാർ ഓഫിസ്. നേരത്തെ മുൻസിഫ് കോടതി പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു.പിന്നീട് കോടതി മാറ്റിയതിന് ശേഷമാണു സബ് രജിസ്ട്രാർ ഓഫീസാക്കി പ്രവർത്തിച്ചിരുന്നത്.116 വർഷം പഴക്കമുള്ള കെട്ടിടം ചോർച്ചയും സുരക്ഷിതം ഇല്ലാതെയും ആയതോടെയാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത് .