
മലപ്പുറം: ജില്ലയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് മൂന്നുദിവസത്തിനുള്ളിൽ ചിത്രം വ്യക്തമാവും. നിലമ്പൂർ സീറ്റിൽ ആര് മത്സരിക്കുമെന്നത് സംബന്ധിച്ച അവ്യക്തതയാണ് ഇതിന് കാരണം. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.വി. പ്രകാശിനെ മത്സരിപ്പിക്കാനാണ് നേതൃതലത്തിലെ ധാരണയെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച ആര്യാടൻ ഷൗക്കത്ത് സീറ്റിനായി പിതാവ് ആര്യാടൻ മുഹമ്മദ് വഴിയുള്ള സമ്മർദ്ദം തുടരുകയാണ്. ഷൗക്കത്തിന് വീണ്ടും അവസരമേകുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് താത്പര്യമില്ല. 2016ൽ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയായ പി.വി.അൻവറിനോട് കോൺഗ്രസ് കോട്ടയിൽ 11,504 വോട്ടിനാണ് ആര്യാടൻ ഷൗക്കത്ത് പരാജയപ്പെട്ടത്. ഇത്തവണയും പി.വി.അൻവർ തന്നെ മത്സരിക്കും.തദ്ദേശ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന് മുൻതൂക്കം ലഭിച്ച പശ്ചാത്തലത്തിൽ ശക്തനായ സ്ഥാനാർത്ഥി തന്നെ വേണമെന്ന സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിലപാട് അൻവറിന് തുണയായി. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലുള്ള പി.വി.അൻവർ മൂന്ന് ദിവസത്തിനകം തിരിച്ചെത്തുമെന്ന് സി.പി.എം ജില്ലാ നേതൃത്വം പറയുന്നു. സാമ്പത്തിക തട്ടിപ്പുകളുടെ പേരിൽ രാജ്യം വിടാൻ കഴിയാത്ത അവസ്ഥയിലാണ് അൻവറെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ യാത്ര നിലമ്പൂരിൽ എത്തിയപ്പോഴടക്കം അൻവറിന്റെ അസാന്നിദ്ധ്യം വലിയ ചർച്ചയായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും എം.എൽ.എ മണ്ഡലത്തിൽ തിരിച്ചെത്താത്തത് യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കുന്നത് എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നാട്ടിലെത്തിയാലും രണ്ടാഴ്ച്ചത്തെ ക്വാറന്റൈന് ശേഷമേ പരസ്യപ്രചാരണത്തിന് ഇറങ്ങാനാവൂ എന്നതും വെല്ലുവിളിയാണ്.
അനുനയമെന്ന നിലയിൽ തവനൂർ നൽകാമെന്ന് ആര്യാടൻ ഷൗക്കത്തിനെ അറിയിച്ചിട്ടുണ്ടെങ്കിലും വഴങ്ങിയിട്ടില്ല. ആര്യാടൻ ഷൗക്കത്ത് തവനൂരിൽ മത്സരിക്കുകയാണെങ്കിൽ പൊന്നാനിയിൽ റിയാസ് മുക്കോളിക്കോ സിദ്ദിഖ് പന്താവൂരിനോ നറുക്കുവീണേക്കും. ആര്യാടൻ ഷൗക്കത്തിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് നേതൃത്വം. വി.വി.പ്രകാശിനെ മത്സരിപ്പിക്കുന്നതിലൂടെ നിലമ്പൂർ തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. പാർട്ടിയെ സജീവമാക്കാനും കോൺഗ്രസ്- ലീഗ് ബന്ധം കൂടുതൽ ശക്തമാക്കാനും വി.വി.പ്രകാശിന് കഴിഞ്ഞിട്ടുണ്ട്. വണ്ടൂരിൽ സിറ്റിംഗ് എം.എൽ.എ എ.പി.അനിൽകുമാർ തന്നെ തുടരും.
തവനൂരിൽ റിയാസ് മുക്കോളി
കോൺഗ്രസ് സ്ഥാനാർത്ഥികൾ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ഈമാസം അഞ്ചിനുള്ളിൽ തീരുമാനമുണ്ടാവും
വി.വി.പ്രകാശ്, ഡി.സി.സി പ്രസിഡന്റ്