nannangadi
നന്നങ്ങാടിയും അതിലേക്ക് പാറയിൽ വെട്ടിയിറക്കിയുണ്ടാക്കിയ ചതുരവും പ്രവേശന കവാടവും

വേങ്ങര: ശിലായുഗത്തിലെ മനുഷ്യർ ഉപയോഗിച്ചതെന്ന് കരുതുന്ന ചരിത്ര ശേഷിപ്പുകൾ വേങ്ങരയിൽ കണ്ടെത്തി. മഹാ ശിലായുഗ കാലത്ത് മനുഷ്യ മൃതശരീരങ്ങൾ അടക്കം ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന നന്നങ്ങാടിയും അതിലേക്ക് പാറയിൽ വെട്ടിയിറക്കിയുണ്ടാക്കിയ ചതുരവും പ്രവേശന കവാടവുമാണ് കഴിഞ്ഞ ദിവസം വേങ്ങര ഗാന്ധിക്കുന്നിലെ അന്നങ്ങാടിയിൽ വേലായുധന്റെ പുരയിടത്തിൽ നിന്ന് കണ്ടെത്തിയത്. ചെറിയ ഒതുക്കുകളോടെയുള്ള ഒന്നര മീറ്ററോളം താഴ്ച്ചയിലുള്ള ചതുരവും ഒരാൾക്ക് കഷ്ടിച്ച് കടക്കാൻ പറ്റിയ പ്രവേശന കവാടവുമാണ് ഇതിനുള്ളത്:

വലിയ മൺകുടം ഉണ്ടാക്കി മൃതദേഹം ഇതിൽ അടക്കം ചെയ്ത് കുഴിച്ചിടുന്നതാണ് നന്നങ്ങാടികൾ. ഗോത്രത്തലവന്മാർ, യോദ്ധാക്കൾ എന്നിവരെയാണ് ഇത്തരത്തിൽ ശ്രേഷ്ടമായി സംസ്‌കരിച്ചിരുന്നത്. പ്രദേശത്ത് മുമ്പും ധാരാളം നന്നങ്ങാടികൾ കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താലാണ് ഇവിടം അന്നങ്ങാടി എന്ന പേരിലറിയപ്പെടുന്നത്.
ആദ്യമായാണ് ഇവിടെ നന്നങ്ങാടി അറയ്ക്കു മുമ്പിൽ കവാടം കണ്ടെത്തുന്നത്.പുനർജന്മത്തിൽ വിശ്വസിച്ചിരുന്ന പൂർവ്വകാല മനുഷ്യർ ആത്മാവിന് സൂര്യപ്രകാശമടക്കം ലഭിക്കുന്നതിന്നാണ് നന്നങ്ങാടിയുടെ കിഴക്കേ ഭാഗത്തായി ഇത്തരം അറകളും കവാടവും നിർമ്മിച്ചിരുന്നതെന്നാണ് വിശ്വാസം: വർഷം തോറും ശ്രാദ്ധകർമങ്ങൾക്കായി ഈ കവാടങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നതായി വിദഗ്ദ്ധർ പറയുന്നു.
വലിയോറ പുത്തനങ്ങാടിയിലെ ജറ്റ് ക്ലബ്ബ് പ്രവർത്തകരുടെ ചരിത്രശേഷിപ്പുകൾ തേടിയുള്ള യാത്രയ്ക്ക് വേണ്ടി ടി കെ ദിലീപിന്റെ നേതൃത്വത്തിൽ അന്നങ്ങാടി പരിസരം വൃത്തിയാക്കിപ്പോഴാണ് പുതിയ ശേഷിപ്പുകൾ കണ്ടെത്തിയത്.