
എടപ്പാൾ : തവനൂരിൽ വോട്ടർമാരുമായി സൗഹൃദം പങ്കിട്ട് മന്ത്രി കെ.ടി. ജലീൽ . വട്ടംകുളം കാലടിയിലെ മാണിയൂരിലാണ് സ്വന്തം വാഹനം നിറുത്തി വോട്ടർമാരെ കണ്ട് സൗഹൃദം പുതുക്കിയത്. താൻ തന്നെയാകും സ്ഥാനാർത്ഥിയെന്ന സൂചന നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇടപഴകൽ. മണ്ഡലംമാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങൾ നിലനിന്നിരുന്നെങ്കിലും ഇതിനെല്ലാം വിരാമമിടുന്നതാണ് ജലീലിന്റെ പ്രചാരണം. ജില്ലാ കമ്മിറ്റിയുടെ പരിഗണനയിലുള്ള ലിസ്റ്റിലും ജലീലിന്റെ പേര് തന്നെയാണ് തവനൂരിൽ. തവനൂരിൽ ജലീൽ മത്സരിക്കുന്നതിനെതിരെ പ്രാദേശിക ഘടകങ്ങൾക്കിടയിൽ കടുത്ത എതിർപ്പുണ്ട്.ജലീൽ പൊന്നാനിയിൽ നിന്നും പി. ശ്രീരാമകൃഷ്ണൻ തവനൂരിൽ നിന്നും പരസ്പരം മണ്ഡലം മാറി മത്സരിക്കുമെന്ന അഭ്യൂഹമുയർന്നിരുന്നു. പ്രാദേശിക ഘടകങ്ങൾക്കിടയിൽ ഉയർന്നിട്ടുള്ള ചില അസ്വാരസ്യങ്ങൾക്കുള്ള പരിഹാരമായാണ് ഈ ഫോർമുല ഉയർന്നത്.
എന്നാൽ ഇത്തരത്തിലുള്ള മാറ്റം വേണ്ടെന്ന നിലപാടിലേക്ക് പാർട്ടി ജില്ലാ നേതൃത്വം എത്തുന്നതായാണ് സൂചന.