malappuram-muslim-league

മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയ്ക്ക് മൂന്ന് ദിവസത്തിനകം രൂപമേകും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന യു.ഡി.എഫ് ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം വെള്ളിയാഴ്ച്ച പാണക്കാട്ട് ഉന്നതാധികാര സമിതി യോഗം ചേർന്നാവും സ്ഥാനാർത്ഥികളെ തീരുമാനിക്കുക.

മൂന്ന് സീറ്റ് അധികം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ്. 24 സീറ്റുകളിൽ മത്സരിക്കുന്നത് 27 സീറ്റായി ഉയരും. സാദ്ധ്യതാ പട്ടികയിൽ പല മണ്ഡലങ്ങളിലും രണ്ടിലധികം പേർ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, പി.കെ. ഫിറോസ്, പി.വി.അബ്ദുൽ വഹാബും പട്ടികയിൽ ഇടംപിടിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ മത്സരിക്കും. വഹാബിനെ രാജ്യസഭയിലേക്കും പരിഗണിക്കുന്നുണ്ട്. മജീദ് സംഘടനാ രംഗത്ത് തുടരട്ടെയെന്ന നിലപാടും ലീഗിലുണ്ട്. കളമശ്ശേരിയിൽ വി.കെ.ഇബ്രാഹീംകുഞ്ഞിന് പകരം മകനും ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ പി.കെ.ഗഫൂറിനെയും മങ്കട എം.എൽ.എ ടി.എ.അഹമ്മദ് കബീനെയും പരിഗണിക്കുന്നുണ്ട്. മഞ്ചേശ്വരത്ത് എം.സി.ഖമറുദ്ദീന് പകരം എ.കെ.എം അഷ്റഫ്, കല്ലട മായിൻ ഹാജിയും ലിസ്റ്റിലുണ്ട്.
കോഴിക്കോട് സൗത്തിൽ നിന്ന് എം.കെ.മുനീർ കൊടുവള്ളിയിലേക്ക് മാറും. സൗത്തിൽ ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാലയുടെ പേരിനാണ് മുൻതൂക്കം. പി.കെ.ഫിറോസും ലിസ്റ്റിലുണ്ട്. അഴീക്കോടിന് പകരം കാസർക്കോടോ, കണ്ണൂരോ മത്സരിപ്പിക്കണമെന്ന ആവശ്യം കെ.എം. ഷാജി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അഴീക്കോട്, കണ്ണൂർ സീറ്റുകൾ കോൺഗ്രസുമായി വെച്ചുമാറണമെന്ന നിർദ്ദേശവും മുന്നിൽവച്ചിട്ടുണ്ട്. അഴീക്കോട് അഡ്വ. കരീം ചേലേരിയുടെ പേരുയർന്നിട്ടുണ്ട്.

ഏറനാട് - പി.കെ.ബഷീർ, കോട്ടയ്ക്കൽ - ആബിദ് ഹുസൈൻ തങ്ങൾ, വള്ളിക്കുന്ന് - പി.അബ്ദുൽഹമീദ്, കൊണ്ടോട്ടി -ടി.വി.ഇബ്രാഹിം എന്നിങ്ങനെ സിറ്റിംഗ് എം.എൽ.എമാർ മത്സരിക്കും. മഞ്ചേരിയിൽ പി.വി.അബ്ദുൽവഹാബ്, യു.എ.ലത്തീഫ്, എം.ഉമ്മർ എന്നിവരെയും പെരിന്തൽമണ്ണയിൽ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.അഷ്‌റഫലി, മഞ്ഞളാംകുഴി അലിയും സാദ്ധ്യതാ ലിസ്റ്റിലുൾപ്പെട്ടിട്ടുണ്ട്. തിരൂരങ്ങാടിയിൽ മുൻമന്ത്രി പി.കെ.അബ്ദുറബ്ബിന് പകരം പി.എം.എ സലാം മത്സരിച്ചേക്കും. താനൂരിൽ പി.കെ.ഫിറോസ്, അബ്ദുറഹിമാൻ രണ്ടത്താണി, ഫൈസൽബാബുവും പരിഗണനയിലുണ്ട്. കുന്ദമംഗലത്ത് എം.എ.റസാഖ്,​ നജീബ് കാന്തപുരം, സി.പി.ചെറിയ മുഹമ്മദ്, തിരുവമ്പാടിയിൽ സി.കെ. കാസിം, കുറ്റിയാടി - പാറക്കൽ അബ്ദുള്ള, ഗുരുവായൂർ- സി.എച്ച്. റഷീദ് എന്നിങ്ങനെയാണ് സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ. മണ്ണാർക്കാട് നിന്ന് സ്വന്തം നാടായ തിരൂരിലേക്ക് വരണമെന്ന ആവശ്യം എൻ.ഷംസുദ്ദീൻ എം.എൽ.എ ഉയർത്തിയിട്ടുണ്ട്.