jjj

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളമൊന്നാകെ വീശിയ ഇടതുകാറ്റിലും മലപ്പുറം ഇളകിയിരുന്നില്ല. 94 പഞ്ചായത്തുകളിൽ 67ഉം യു.ഡി.എഫ് നേടിയപ്പോൾ എൽ.ഡി.എഫ് 16ൽ ഒതുങ്ങി. ജില്ലാ പഞ്ചായത്തും 12 മുനിസിപ്പാലിറ്റികളിൽ ഒമ്പതും 15 ബ്ലോക്കുകളിൽ 12ഉം നേടി മു‌സ്‌ലിം ലീഗിന്റെ ചിറകിൽ യു.ഡി.എഫ് ഇടതുതംഗത്തിന് തടയിട്ടു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 16 ഇടങ്ങളിൽ പന്ത്രണ്ടിടത്തും യു.ഡി.എഫിനായിരുന്നു വിജയം. തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്ന് നിയമസഭയിലേക്ക് എത്തുമ്പോൾ നേട്ടം ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ലീഗ് നേതൃത്വം. പതിവില്ലാത്ത വിധം പാണക്കാട് കുടുംബത്തിലെ രണ്ടാമനും ലീഗ് ജില്ലാ പ്രസിഡന്റുമായ സാദിഖലി ശിഹാബ് തങ്ങളെ തന്നെ രംഗത്തിറക്കിയുള്ള സൗഹൃദ സന്ദേശ യാത്രയിലൂടെ പ്രവർത്തകരെയും സംഘടനാ സംവിധാനത്തെയും കൂടുതൽ സജീവമാക്കാൻ ലീഗിനായിട്ടുണ്ട്. യു.ഡി.എഫിൽ ലീഗിന്റെ അപ്രമാധിത്വമെന്ന പ്രചാരണം ഇതര സമുദായ വോട്ടുകളിൽ വിള്ളലുണ്ടാക്കാനുള്ള സാദ്ധ്യതയും ഹാഗിയ സോഫിയ ലേഖനത്തിന് പിന്നാലെ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുയർന്ന എതിർപ്പും ഇല്ലാതാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ലീഗിന്റെ സൗഹൃദ യാത്ര.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മുന്നിൽ സമ്പൂർണ്ണ അപ്രമാധിത്വമെന്ന ചുമതലയും ലീഗ് നേതൃത്വം നൽകിയിട്ടുണ്ട്. 16 സീറ്റിൽ പന്ത്രണ്ടിടത്താണ് ലീഗ് മത്സരിക്കുന്നത്. 2011ലെ 12 സീറ്റെന്ന നേട്ടം തിരിച്ചുപിടിക്കാനായില്ലെങ്കിൽ കുഞ്ഞാലിക്കുട്ടിക്കും ക്ഷീണമാവും. തദ്ദേശ തിരഞ്ഞെടുപ്പിൽ താനൂരിൽ യു.ഡി.എഫിലുണ്ടായ മുൻതൂക്കം നിയമസഭയിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസാണ് സാദ്ധ്യതാപട്ടികയിൽ മുന്നിൽ.

കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിൽ മലപ്പുറത്ത് ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് കൂടി വരുന്നതിനാൽ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ഇരട്ടപോരാട്ടമാവും. 2019ൽ 2,60,153 വോട്ടുമായി സംസ്ഥാനത്തെ രണ്ടാമത്തെ ഉയർന്ന ലീഡായിരുന്നു കുഞ്ഞാലിക്കുട്ടിക്ക്. ഭൂരിപക്ഷത്തിലെ ചെറിയ കുറവ് പോലും ലീഗിന് ക്ഷീണമാവും. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് ചർച്ചയാക്കാനാണ് സി.പി.എമ്മിന്റെയും ചെറുപാർട്ടികളുടെയും തീരുമാനം. ആദ്യമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ ഈ ചർച്ചയ്ക്ക് തുടക്കമിട്ടു. ദേശീയ ജനറൽ സെക്രട്ടറി ഡോ.തസ്‌ലിം അഹമ്മദ് റഹ്മാനിയെയാണ് രംഗത്തിറക്കിയിട്ടുള്ളത്. 2019ൽ 19,106 വോട്ടാണ് പി.അബ്ദുൽ മജീദ് ഫൈസിയിലൂടെ എസ്.ഡി.പി.ഐ നേടിയത്.

ബ്രേക്കിട്ട് ചർച്ച

അധിക സീറ്റ് സംബന്ധിച്ച് ഇന്നലെ തിരുവനന്തപുരത്ത് ലീഗ് നേതാക്കൾ കോൺഗ്രസുമായി നടത്തിയ ചർച്ചകളിൽ തീരുമാനമായിട്ടില്ല. ഇതിന് ശേഷമേ സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമ ചർച്ചകളിലേക്ക് ലീഗ് കടക്കൂ.സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്,​ പി.വി.അബ്ദുൾ വഹാബ് എന്നിവർ മത്സരിക്കുന്നത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ അവ്യക്തത തുടരുകയാണ്. മഞ്ചേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനാണ് വഹാബിന് താത്പര്യം. മജീദിനെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നാണ് വഹാബ് അനുകൂലികളുടെ ആവശ്യം. ഈ വികാരം വഹാബ് തന്നെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മജീദിനെയും വഹാബിനെയും പരിഗണിച്ചാൽ ലീഗ് പാർലമെന്ററി ബോ‌ർഡിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി ഒഴികെ മുഴുവൻ പേരും മത്സരരംഗത്തുണ്ടാവും. സംഘടനാ രംഗത്ത് വഹാബിനുള്ള പരിചയക്കുറവ് ചൂണ്ടിക്കാട്ടി മജീദിന്റെ വരവിന് തടയിടാനും ലീഗിൽ ഒരുവിഭാഗത്തിന്റെ നീക്കമുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സജീവ പിന്തുണയുണ്ടായിട്ടും കഴിഞ്ഞ തവണ രാജ്യസഭ സീറ്റിലേക്ക് കെ.പി.എ മജീദിന്റെ വരവിന് തടയിടാൻ സമസ്തയുടെ പിന്തുണയിൽ വഹാബിന് കഴിഞ്ഞിരുന്നു.