
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഒരേസമയം ആശങ്കയും പ്രതീക്ഷയുമാണ് ഇടതുപക്ഷത്തിനേകുന്നത്. മറ്റ് ജില്ലകളിലെ ഇടതുതരംഗം മലപ്പുറത്ത് ഉണ്ടായില്ലെങ്കിലും കോൺഗ്രസ് - ലീഗ് ബന്ധം സമീപകാലത്തെ മികച്ച നിലയിലായിട്ടും വലിയ പരിക്കേറ്റില്ലെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം. അപ്രതീക്ഷിതമായി നിലമ്പൂർ മുനിസിപ്പാലിറ്റി അടക്കം പലയിടങ്ങളിലും മുന്നേറ്റമുണ്ടായി. പൊന്നാനിയിലും തവനൂരിലും തദ്ദേശ തിരഞ്ഞെടുപ്പിലും മുന്നിലെത്തി. എന്നാൽ 2015ൽ സാമ്പാർ മുന്നണിയിലൂടെ 24 പഞ്ചായത്തുകളിലെ ഭരണം പിടിച്ചെടുത്തപ്പോൾ 2020ലിത് 19ലേക്ക് താഴ്ന്നതും നിയമസഭയിൽ അട്ടിമറി വിജയം നേടിയ താനൂരിലും നിലമ്പൂരിലും പിന്നോട്ടുപോയതും ആശങ്കയാണ്.
തദ്ദേശത്തിൽ നിന്ന് നിയമസഭയിലേക്ക് എത്തുമ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണം വിപുലമാക്കി നേട്ടം കൊയ്യാനുള്ള കരുക്കളിലാണ് സി.പി.എം ജില്ലാ നേതൃത്വം. യു.ഡി.എഫ് വിമതരെയും പൊതുസ്വീകാര്യരെയും ഉൾപ്പെടുത്തിയാണ് ഇത്തവണയും സ്ഥാനാർത്ഥി പരിഗണനാ പട്ടിക സംസ്ഥാന നേതൃത്വത്തിന് നൽകിയത്. പാർട്ടി സ്ഥാനാർത്ഥികളേക്കാൾ സ്വതന്ത്ര സ്ഥാനാർത്ഥികളാവും സി.പി.എമ്മിന്. ജില്ലാ സെക്രട്ടേറിയേറ്റ് സമർപ്പിച്ച ലിസ്റ്റിൽ മാറ്റമുണ്ടാവാൻ സാദ്ധ്യത കുറവാണ്. മുൻ ഇന്ത്യൻ ഫുട്‌ബാൾ ടീം ക്യാപ്റ്റൻ യു.ഷറഫലി അടക്കം പ്രമുഖർ ഇടതിനായി കളത്തിലിറങ്ങിയേക്കും. ഫുട്ബാൾ പ്രാണവായുവായ നാട്ടിൽ ഷറഫലിയുടെ സാന്നിദ്ധ്യം ഗുണമാവുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. ഏറനാട്ടിൽ മുസ്‌ലിം ലീഗിന്റെ പി.കെ. ബഷീറിനെതിരെയാവും അരീക്കോട് സ്വദേശിയായ ഷറഫലിയുടെ ഗ്രൗണ്ടിന് പുറത്തെ കന്നി മത്സരം. 2016ൽ 12,893നും 2011ൽ 11,246 വോട്ടിനുമാണ് പി.കെ.ബഷീർ വിജയിച്ചത്. അരീക്കോട് ലീഗിലെ പ്രശ്നങ്ങളും എടവണ്ണ പഞ്ചായത്തിലെ ഇടതിന്റെ അട്ടിമറി വിജയവുമെല്ലാം സി.പി.എമ്മിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. സെവൻസ് ഫുട്ബാളിന്റെ മണ്ണ് കൂടിയാണിത്.
ഏറനാട് സി.പി.ഐയുടെ സീറ്റാണെന്നതിനാൽ ഇവരുടെ നിലപാടും ഷറഫലിയുടെ സ്ഥാനാർത്ഥിത്വത്തിൽ നിർണ്ണായകമാണ്. ഏറനാടിന് പകരമായി കൊണ്ടോട്ടി വാങ്ങി എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റും കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിയുമായ അഡ്വ.കെ.കെ.സമദിനെ മത്സരിപ്പിക്കാനും സി.പി.ഐയിൽ നീക്കമുണ്ട്. അതേസമയം എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം ജിജിയടക്കം കൊണ്ടോട്ടിയിൽ സി.പി.എമ്മിന്റെ പട്ടികയിലുണ്ട്. നാളെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്. സീറ്റ് വച്ചുമാറലും പുതുതായി വന്ന ഘടകകക്ഷികൾക്കുള്ള പ്രാതിനിധ്യവുമെല്ലാം ചർച്ചയാവും. നിലവിലെ മൂന്ന് സീറ്റെങ്കിലും വേണമെന്ന നിലപാടിലാണ് സി.പി.ഐ. കൂടുതൽ സ്വതന്ത്രരെ പരീക്ഷിക്കുന്നതിനാൽ ഇക്കാര്യത്തിൽ സി.പി.എം നേതൃത്വം ഉറപ്പ് നൽകിയിട്ടില്ല. ജില്ലയിലെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ച സംസ്ഥാനതലത്തിൽ പുരോഗമിക്കുകയാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ പി.പി.സുനീർ പറഞ്ഞു.
നിബന്ധന കുരുക്കാവുമോ
രണ്ടുതവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കേണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം പൊന്നാനിയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും വിനയായേക്കും. ആർക്കും ഇളവ് നൽകേണ്ടെന്നാണ് തീരുമാനമെന്നാണ് വിവരം. ഇളവ് അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സ്പീക്കർ. സിറ്റിംഗ് എം.എൽ.എമാരിൽ കെ.ടി.ജലീൽ ഒഴികെ മറ്റെല്ലാവരും ഒരുടേം മാത്രം പൂർത്തിയാക്കിയവരാണ്. സ്വതന്ത്ര പരിവേഷം കെ.ടി.ജലീലിന് തുണയാകുമെന്നാണ് വിലയിരുത്തൽ. താനൂരിൽ വി.അബ്ദുറഹ്മാനും നിലമ്പൂർ പി.വി.അൻവറും മത്സരിക്കും. താനൂരിൽ നിന്ന് തിരൂരിലേക്ക് മാറാൻ വി.അബ്ദുറഹ്മാൻ താത്പര്യം പ്രകടപ്പിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇങ്ങനെയെങ്കിൽ തിരൂരിലെ ഗഫൂർ പി.ലില്ലീസ് താനൂരിൽ മത്സരിക്കും.
ഏറെ പ്രതീക്ഷ പുലർത്തുന്ന മങ്കടയിൽ കഴിഞ്ഞ തവണ മത്സരിച്ച ടി.കെ. റഷീദലി തന്നെ തുടരും. 1,508 വോട്ടിനാണ് ടി.എ.അഹമ്മദ് കബീർ വിജയിച്ചത്. കളമശ്ശേരിയിൽ വി.കെ.ഇബ്രാഹീം കുഞ്ഞിന് പകരം അഹമ്മദജ് കബീറിനെ പരിഗണിക്കുകയോ ഇതല്ലെങ്കിൽ മറ്റൊരു സുരക്ഷിത മണ്ഡലം നൽകുകയോ ചെയ്യണമെന്ന് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയെങ്കിൽ മങ്കടയിൽ തുടരാനുള്ള സാദ്ധ്യതയും ചൂണ്ടിക്കാട്ടുന്നുണ്ട്. മികച്ച മത്സരത്തിനുള്ള സാദ്ധ്യതയാണ് ഇതുവഴി ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്.
പെരിന്തൽമണ്ണയിൽ ലീഗുമായി ഇടഞ്ഞുനിൽക്കുന്ന മുൻ മലപ്പുറം നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് മുസ്തഫയെ ഇടതുസ്വതന്ത്രനാക്കി മത്സരിപ്പിക്കാനും നീക്കമുണ്ട്. സി.പി.എമ്മിലെ വി.ശശികുമാറിനെതിരെ 579 വോട്ടിനായിരുന്നു മഞ്ഞളാംകുഴി അലി വിജയിച്ചത്. വണ്ടൂരിൽ പള്ളിക്കൽ മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മിഥുനയെ ആണ് കോൺഗ്രസിലെ എ.പി.അനിൽകുമാറിനെതിരെ മത്സരിപ്പിക്കാൻ പരിഗണിക്കുന്നത്. ലീഗിന്റെ പ്രസിഡന്റായിരുന്ന മിഥുന അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ഇടതുപക്ഷത്തേക്കെത്തിയത്. ലീഗിന്റെ കടുത്ത വിമർശകയായി മാറിയ മിഥുന സ്ഥാനാർത്ഥിയായി വരുന്നത് ഫലത്തിൽ കോൺഗ്രസിന് സഹായകമാവുമെന്നാണ് വിലയിരുത്തൽ. വണ്ടൂർ നിയോജക മണ്ഡലത്തിൽ പലയിടങ്ങളിലും കോൺഗ്രസ് - ലീഗ് പ്രശ്നം പൂർണ്ണമായും പരിഹരിക്കാനായിട്ടില്ല. മിഥുനയുടെ സ്ഥാനാത്ഥിത്വം ലീഗിനും കോൺഗ്രസിനുമിടയിലെ സഹകരണം വർദ്ധിപ്പിക്കും.