
തിരൂരങ്ങാടി: കഴിഞ്ഞ തവണവോട്ടെണ്ണലിന്റെ അവസാന നിമിഷം വരെയും ഉദ്വേഗജനകമായ നിമിഷങ്ങൾ സമ്മാനിച്ച തിരൂരങ്ങാടി സ്ഥാനാർത്ഥി പ്രഖ്യാപത്തിന് കാതോർക്കുന്നത് ഏറെ ആകാംക്ഷയോടെ. മുസ്ലിംലീഗിന്റെ ഉറച്ച മണ്ഡലത്തിൽ മുൻ കോൺഗ്രസ് നേതാവായിരുന്ന നിയാസ് പുളിക്കലകത്ത് ഇടതു സ്വതന്ത്രനായെത്തിയപ്പോൾ പരിചയസമ്പന്നനായ അബ്ദുറബ്ബിന്റെ ഭൂരിപക്ഷം വൻതോതിൽ കുറഞ്ഞു. ആറായിരം ഭൂരിപക്ഷം മണ്ഡലത്തിന്റെ ലീഗ് അനുകൂല സ്വഭാവം പരിഗണിക്കുമ്പോൾ തീരെ കുറവാണെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. ഇത്തവണത്തെ മത്സരത്തിന് ആവേശമേറുന്നതും ഇക്കാരണത്താൽ തന്നെ.
ഐ.എൻ.എല്ലിൽ നിന്നും ലീഗിലേക്ക് മടങ്ങിയെത്തിയ പി.എം.എ സലാമിന്റെ പേരിനാണ് പ്രധാന പരിഗണന. അഡ്വ. എൻ. ഷംസുദ്ദീൻ, പി.കെ.അബ്ദുറബ്ബിന്റെ സഹോദരൻ പി.കെ. മുഹമ്മദ് ജമാൽ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. തിരൂർ ലഭിച്ചില്ലെങ്കിലാണ് ഷംസുദ്ദീന്റെ പേര് തിരൂരങ്ങാടിയിൽ പരിഗണിക്കപ്പെടുക. പി.കെ. അബ്ദുറബ്ബിനെ നിലനിറുത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സമ്മർദ്ദം ശക്തമാക്കുന്നുണ്ട്.
എൽ.ഡി.എഫ് പട്ടികയിൽ നിയാസ് പുളിക്കലകത്തിന് തന്നെയാണ് മുൻതൂക്കം. കോൺഗ്രസിലെ വേരുകളും ജനകീയതയുമാണ്കഴിഞ്ഞ തവണത്തെ കനത്ത പോരാട്ടത്തിന് നിയാസിനെ തുണച്ചത്. തിരഞ്ഞെടുപ്പിന് ശേഷം സിഡ്കോ ചെയർമാൻ സ്ഥാനം നിയാസിന് ലഭിച്ചു.
തദ്ദേശതിരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ നല്ല മുന്നേറ്റമുണ്ടാക്കാൻ യു.ഡി.എഫിനായിട്ടുണ്ട്.രണ്ട് നഗരസഭയും നാല് പഞ്ചായത്തുകളുമുള്ള മണ്ഡലത്തിൽ ആറിടത്തും യു.ഡി.എഫാണ് ഭരിക്കുന്നത്. മണ്ഡലത്തിൽ കോൺഗ്രസും ലീഗും തമ്മിലുള്ള തമ്മിലടിക്ക് പരിഹാരം കണ്ടെത്തിയത് യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നുണ്ട്.
ബി ജെ പി സ്ഥാനാർത്ഥിയായി ജില്ല മഹിളാമോർച്ചാ പ്രസിഡന്റ് ദീപാ വള്ളിക്കുന്നിനെയാണ് എൻ.ഡി.എ പരിഗണിക്കുന്നത്.