jayanthi

കാൽനൂറ്റാണ്ട് വേണ്ടി വന്നു മുസ്‌ലിം ലീഗീന് മറ്റൊരു വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത് സജീവമായി ചർച്ച ചെയ്യാൻ. കാലത്തിന്റെ മാറ്റം ഉൾക്കൊള്ളുന്നു എന്നും ഇത്തവണ വനിതാ സ്ഥാനാർത്ഥി ഉറപ്പാണെന്നുമുള്ള മുസ്‌ലിം ലീഗ് നേതാക്കളുടെ പരസ്യപറച്ചിലുകൾ ഇപ്പോൾ അടക്കം പറച്ചിലിലേക്ക് മാറിയിട്ടുണ്ട്. 1996ൽ കോഴിക്കോട് സൗത്തിൽ മത്സരിച്ച ഖമറുന്നീസ അൻവറാണ് ലീഗിന്റെ ഏക വനിതാ സ്ഥാനാർത്ഥി. സി.പി.എം നേതാവായ എളമരം കരീമിനോട് 8,766 വോട്ടുകൾക്ക് പരാജയപ്പെട്ടു. പിന്നീട് ലീഗ് വനിതകൾക്ക് സീറ്റ് നൽകിയിട്ടില്ല. കാലത്തിനനുസരിച്ച മാറ്റം അനിവാര്യമാണെന്നും ഉറച്ച സീറ്റിൽ തന്നെ വനിതയെ മത്സരിപ്പിക്കണമെന്നുമുള്ള വികാരം പാർട്ടിക്കുള്ളിലുണ്ടെങ്കിലും വോട്ടുബാങ്കായ സമസ്തയുടെ എതിർപ്പാണ് തടസം. വനിതാ സ്ഥാനാർത്ഥി വേണമെന്ന ആവശ്യവുമായി രംഗത്തുവന്നവരടക്കം പതിയെ ഉൾവലിയുന്ന കാഴ്ച്ചയാണിപ്പോൾ.

വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കേണ്ട സാഹചര്യമില്ലെന്ന എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരിന്റെ പരസ്യപ്രസ്താവന സമസ്തയുടെ നിലപാട് വ്യക്തമാക്കുന്നു. സംവരണതത്വം പാലിക്കാനാണ് സാധാരണഗതിയിൽ സ്ഥാനാർത്ഥികളെ നിറുത്തുന്നത്. നിയമസഭയിലേക്ക് അങ്ങനെ ഒരു സാഹചര്യമില്ല. പൊതുമണ്ഡലത്തിൽ മുസ്‌ലിം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറയുന്നു. നേരത്തെയും മുസ്‌ലിം ലീഗിൽ വനിതാ സ്ഥാനാർത്ഥികളെ സംബന്ധിച്ച ചർച്ചകൾ ഉയർന്നിരുന്നെങ്കിലും ഇത്തവണത്തെ പോലെ സ്ഥാനാർത്ഥി ഉണ്ടാവുമെന്ന പ്രതീതി നേതൃത്വം സൃഷ്ടിച്ചിരുന്നില്ല. സമസ്തയുടെ എതിർപ്പ് മനസിലാക്കിയ മുസ്‌ലിം ലീഗ് നേതൃത്വം വനിതാ സ്ഥാനാർത്ഥിയെന്ന ആവശ്യത്തിൽ നിന്ന് പിന്മാറുന്ന കാഴ്ച്ചയാണിപ്പോൾ. ആരൊക്കെ സ്ഥാനാർത്ഥികളാവുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സമസ്തയുടെ അഭിപ്രായം കൂടി മാനിച്ചേ എന്നും ലീഗ് തീരുമാനം എടുത്തിട്ടുള്ളൂ എന്ന മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്തവാന ഇതിന് തെളിവാണ്.

പിണക്കാനാവില്ല സമസ്തയെ

വോട്ടുബാങ്കായ സമസ്തയെ പിണക്കുന്നത് തിരിച്ചടിക്ക് വഴിയൊരുക്കുമെന്ന ഭീതി ലീഗിനുണ്ട്. അടുത്ത കാലത്ത് സമസ്തയും ലീഗും വിവിധ വിഷയങ്ങളിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചത് ഇരുകൂട്ടർക്കുമിടയിലെ അസ്വാരസ്യം വർദ്ധിപ്പിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടുന്നതിനെ സമസ്ത പരസ്യമായി എതിർത്തിരുന്നു. ഇതിനെ ഗൗനിക്കാതിരുന്ന ലീഗ് നേതൃത്വം തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാകാതെ വന്നതോടെ ഈ ബന്ധം പുനർവിചാരണ ചെയ്തിട്ടുണ്ട്. സമസ്ത പ്രവർത്തകരിൽ ഭൂരിഭാഗം പേരും മുസ്‌ലിം ലീഗ് പ്രവർത്തകരോ അനുഭാവികളോ ആണെങ്കിലും സമസ്ത നേതൃത്വത്തെ വിലക്കെടുക്കാതെ മുന്നോട്ടുപോയാൽ വോട്ടു ചോർച്ചയിലടക്കം കാര്യങ്ങളെത്തുമെന്ന മുൻകാല അനുഭവങ്ങൾ ലീഗിന് മുന്നിലുണ്ട്. വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിൽ സമസ്തയുടെ വികാരം മറികടന്ന് ലീഗ് തീരുമാനമെടുക്കാനുള്ള സാദ്ധ്യത കുറവാണ്. വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും ദളിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റുമായ ജയന്തി രാജനെ മത്സരിപ്പിക്കാനും ലീഗിൽ ആലോചന പുരോഗമിച്ചിരുന്നു. തൃശൂരിലെ ചേലക്കരയിൽ നിന്ന് മത്സരിപ്പിക്കാനായിരുന്നു നീക്കം. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു ജയന്തി രാജൻ. ഇത്തവണ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. ജയന്തി രാജനെ മത്സരിപ്പിക്കുന്നതിനായി സംവരണ സീറ്റായ ചേലക്കര കോൺഗ്രസിനോട് ചോദിക്കാനും ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു. അധികമായി ലഭിക്കുന്ന മൂന്ന് സീറ്റുകളിൽ ഒന്നായി ചേലക്കരയെ പരിഗണിക്കാനായിരുന്നു ലീഗിന്റെ തീരുമാനം. ഒരേ സമയം സ്ത്രീ-ദളിത്- മുസ്‌ലിം ഇതര പ്രാതിനിധ്യം ഉറപ്പാക്കാനാവും എന്നതിനൊപ്പം സമസ്തയുടെ എതിർപ്പ് ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കുമെന്ന കണക്കുകൂട്ടിലിലായിരുന്നു ലീഗ് നേതൃത്വം. ചേലക്കര തീർത്തും വിജയ സാദ്ധ്യതയില്ലാത്ത മണ്ഡലമാണെന്നും ഇത് ആവശ്യപ്പെടരുതെന്നും കാണിച്ച് മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. നിലവിൽ തൃശൂരിൽ ഗുരുവായൂരിൽ മാത്രമാണ് ലീഗ് മത്സരിക്കുന്നത്. ഇത്തവണ മികച്ച സ്ഥാനാർത്ഥിയിലൂടെ ഗുരുവായൂരിൽ വിജയസാദ്ധ്യത ലീഗ് വിലയിരുത്തുന്നുണ്ട്. പൊതുവെ ലീഗിന് സംഘടനാ സംവിധാനം കുറഞ്ഞ ജില്ലയാണ് തൃശൂർ. ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കാനാണ് തൃശൂർ ജില്ലാകമ്മിറ്റിയുടെ തീരുമാനം. ചേലക്കര കൂടി വരുന്നതിനാൽ ഇവിടേക്കും ശ്രദ്ധ പതിപ്പിക്കേണ്ടിവരും. എന്നാൽ വിജയ സാദ്ധ്യത തീർത്തും കുറവുമാണ്. തൃശൂർ ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം മറികടന്ന് സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കുമോയെന്നത് ഇനി കണ്ടറിയേണ്ടതുണ്ട്. പ്രാതിനിധ്യം വേണമെന്ന ആവശ്യം വനിതാ ലീഗ് ഉന്നയിച്ചിട്ടുണ്ട്.

ഊഴം കാത്ത്
വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റും മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സുഹ്റ മമ്പാട്, ദേശീയ ജനറൽ സെക്രട്ടറി നൂർബീനാ റഷീദ്, സംസ്ഥാന സെക്രട്ടറി പി. കുൽസു, വിദ്യാർത്ഥി സംഘനയായ എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന പ്രസിഡന്റ് ഫാത്തിമ തെഹലിയ എന്നിവരിൽ ഒരാളെ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. യുവത്വത്തിന് പകരം പരിചയ സമ്പന്നരെയാവും പരിഗണിക്കുകയെന്ന തരത്തിലേക്കും ചർച്ച മാറി. സമസ്തയുടെ എതിർപ്പുയർന്നതോടെ വനിതാ സ്ഥാനാർത്ഥി ചർച്ചയുടെ വേഗം കുറച്ചിരിക്കുകയാണിപ്പോൾ ലീഗ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം അഭിപ്രായം വ്യക്തമാക്കുമെന്നാണ് വനിതാ ലീഗ് നേതൃത്വം പറയുന്നത്.