muslim-league

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ ഒമ്പതിനോ പത്തിനോ പ്രഖ്യാപിക്കാൻ ഇന്നലെ പാണക്കാട് ചേർന്ന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥിയെയും പ്രഖ്യാപിക്കും.

സ്ഥാനാർത്ഥി നിർണയത്തിനായി നാളെ മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ല, മണ്ഡലം ഭാരവാഹികളുടെ യോഗം ചേരും. സാദ്ധ്യതാ പട്ടികയിൽ ഒന്നിലധികം പേരുള്ളയിടങ്ങളിൽ പ്രാദേശിക കമ്മിറ്റികളുടെ അഭിപ്രായവും തേടും. പാർലമെന്ററി ബോർഡ് യോഗം ചേർന്ന് സ്ഥാനാർത്ഥി പട്ടികയ്‌ക്ക് അംഗീകാരം നൽകും.

സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയുണ്ടാക്കാനും അധിക സീറ്റുകളിൽ കോൺഗ്രസ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനുമാണ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ഉന്നതാധികാര സമിതി ചേർന്നത്. വിജയസാദ്ധ്യതയുള്ള സീറ്റുകളെന്ന ആവശ്യത്തിൽ പിന്നാക്കം പോവേണ്ടെന്ന വികാരമാണ് യോഗത്തിലുയർന്നത്.

കെ.പി.എ. മജീദും പി.വി. അബ്ദുൽ വഹാബും മത്സരിക്കുന്നതിലും തീരുമാനമായില്ല. മഞ്ചേരിയിൽ മത്സരിക്കാനാണ് വഹാബിന് താത്പര്യം. എന്നാൽ ഒരാളെ രാജ്യസഭയിലേക്ക് പരിഗണിക്കാനാണ് നേതൃത്വത്തിന് താത്പര്യം.

അഞ്ച് സീറ്റുകൾ ആവശ്യപ്പെട്ട യൂത്ത് ലീഗ് നേതൃത്വത്തെയും ചർച്ചയിലേക്ക് വിളിച്ചുവരുത്തി. നാല് സീറ്റുകൾ വരെ നൽകിയേക്കും. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്,​ ട്രഷറർ എം.എ. സമദ്,​ സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം,​ സെക്രട്ടറി എ.കെ.എം. അഷ്റഫ് എന്നിവർ സ്ഥാനാർത്ഥികളായേക്കും.

പി.കെ. കുഞ്ഞാലിക്കുട്ടി,​ കെ.പി.എ. മജീദ്,​ എം.കെ. മുനീർ,​ ഇ.ടി. മുഹമ്മദ് ബഷീ‌ർ,​ സാദിഖലി ശിഹാബ് തങ്ങൾ, പി.വി. അബ്ദുൽ വഹാബ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

യു.ഡി.എഫിലെ സീറ്റ് വിഭജനം അന്തിമഘട്ടത്തിലാണ്. തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കും.

പി.കെ. കുഞ്ഞാലിക്കുട്ടി