
മലപ്പുറം : ഏറനാട്ടിലെ തിരഞ്ഞെടുപ്പ് മൈതാനത്ത് ഇത്തവണ ആവേശം പൊടിപാറും. കഴിഞ്ഞ രണ്ടുതവണയും വിജയിച്ച മുസ്ലിംലീഗിന്റെ പി.കെ. ബഷീറിനെതിരെ സർപ്രൈസ് കാർഡായി സി.പി.എം പുറത്തെടുക്കുന്നത് പ്രശസ്ത ഫുട്ബാൾ താരമായിരുന്ന യു. ഷറഫലിയെയാണ്. ഫുട്ബാൾ രക്തത്തിലലിഞ്ഞ ജനതയുടെ പിന്തുണ നേടി ലീഗിന്റെ ഗോൾപോസ്റ്റ് കുലുക്കാൻ ഷറഫലിയിലൂടെ സാധിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.
നിയോജകമണ്ഡലം പുനർനിർണയത്തെ തുടർന്ന് 2011ലാണ് ഏറനാട് മണ്ഡലം രൂപീകൃതമാകുന്നത്. തുടർച്ചയായ രണ്ടുതവണയും വിജയിച്ചത് മുസ്ലിംലീഗിന്റെ പി.കെ ബഷീറാണ്. സീതിഹാജിയുടെ മകനെന്ന പരിഗണനയും ജനകീയതയും കടുത്ത മത്സരങ്ങളിൽ ബഷീറിനെ തുണച്ചു.
സി.പി.ഐ മത്സരിക്കുന്ന സീറ്റാണ് ഏറനാടെന്നതിനാൽ ഷറഫലിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണ്. എങ്കിലും ഷറഫലി തന്നെ രംഗത്തെത്തുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫുട്ബാൾ ഭ്രാന്തൻമാരുടെ നാടായ ഏറനാട്ടിൽ ഷറഫലിയുടെ പേരുയർന്നത് വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. മത്സരിക്കാൻ പാർട്ടി സമീപിച്ചതായും അനുകൂല നിലപാടാണ് താനെടുത്തതെന്നും ഇതിനകം ഷറഫലി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് കൂടുതലൊന്നും പറയാൻ അദ്ദേഹം തയ്യാറല്ല. പാർട്ടിയാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു. ഫുട്ബാളിനോടുള്ള ജനങ്ങളുടെ സ്നേഹമല്ല, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പിൽ പ്രധാനമെന്നാണ് ഷറഫലിയുടെ നിലപാട്.
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഷറഫലിയുടെ പേര് ഏതാണ്ട് ഉറച്ച മട്ടാണ്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സി.പി.ഐയുടെ സീറ്റാണ് ഏറനാട്. ആദ്യപോരാട്ടത്തിൽ തന്നെ സി.പി.ഐ ഔദ്യോഗിക സ്ഥാനാർത്ഥിക്കു പകരം സ്വതന്ത്രനായ പി.വി. അൻവറിനെ സി.പി.എം പരസ്യമായി പിന്തുണച്ചത് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. അതിനാൽ ഇത്തവണ ഏറെ ശ്രദ്ധയോടെയാണ് സി.പി.എമ്മിന്റെ നീക്കം. പൊതുസ്വതന്ത്രൻ എന്ന നിലയിൽ ഷറഫലിയെ പിന്തുണയ്ക്കുന്നതിനേക്കാൾ പകരം മറ്റൊരു സീറ്റിനാണ് സി.പി.ഐക്ക് താത്പര്യം. നിലവിൽ മത്സരിച്ച മൂന്നു സീറ്റുകൾ കുറയാതെയുള്ള നീക്കുപോക്കുകൾക്കാണ് സി.പി.ഐ ശ്രമിക്കുന്നത്.
അരീക്കോട്, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തുകൾ ഫുട്‌ബാളിന് പേരുകേട്ട സ്ഥലമാണ്. സെവൻസ് മൈതാനങ്ങളെ ഇഷ്ടപ്പെടുന്നവരാണ് ഏറനാട്ടുകാർ. ഇതുതന്നെയാണ് ഷറഫലിയുടെ സ്ഥാനർത്ഥിത്വത്തിലെ വലിയ സാദ്ധ്യതയും. അരീക്കോടിന്റെ ഫുട്ബാൾ പെരുമ ദേശീയതലത്തിൽ ഉയർത്തിപ്പിടിച്ചയാളെന്ന ഷറഫലിയുടെ ഇമേജ് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ അനുകൂല ഘടകം. കേരള പൊലീസിൽ 36 വർഷത്തെ സേവനമനുഷ്ഠിച്ച അദ്ദേഹം കോട്ടയ്ക്കൽ റാപ്പിഡ് റസ്‌പൊൺസ് ആൻഡ് റെസ്‌ക്യൂ ഫോഴ്സിന്റെ കമൻഡാന്റായാണ് വിരമിച്ചത്.
പി. കെ. ബഷീർ തന്നെയാവും ഇത്തവയും ഏറനാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി. പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാപഞ്ചായത്തംഗം, എം.എൽ.എ , എന്നീ നിലകളിൽ ദീർഘകാലമായി ജനങ്ങളോടടുത്തു നിൽക്കുന്നയാളെന്ന നിലയിലെ ബന്ധങ്ങളാണ് ബഷീറിന്റെ കരുത്ത്.
ഫുട്ബാളിന്റെ നാട് രാഷ്ട്രീയപോരാട്ടത്തിൽ എത്രത്തോളം കളിക്കളത്തിലെ ഹീറോയ്ക്കൊപ്പം നിൽക്കുമെന്നാണ് സംസ്ഥാനം ആകാംക്ഷയോടെ ഏറനാട്ടിലേക്ക് ഉറ്റുനോക്കുന്നത്.
തദ്ദേശഫലം യു.ഡി.എഫിന് അനുകൂലം
കീഴുപറമ്പ്, ഊർങ്ങാട്ടിരി, അരീക്കോട്,എടവണ്ണ ,കാവനൂർ ,ചാലിയാർ, കുഴിമണ്ണ എന്നീ ഏഴ് പഞ്ചായത്തുകൾ ചേർന്നതാണ് ഏറനാട് മണ്ഡലം. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോൾ യുഡിഎഫിന് അനുകൂലമാണ് കാര്യങ്ങൾ. എന്നാൽ പ്രതീക്ഷിക്കാത്ത ചില തിരിച്ചടികളും മണ്ഡലത്തിലുണ്ടായി. 20 വർഷത്തോളമായി യുഡിഎഫ് ഭരിച്ചിരുന്ന എടവണ്ണ ഇത്തവണ സി.പി.എം പിടിച്ചു. എം എൽ എയാവും മുമ്പ് എടവണ്ണ പഞ്ചായത്ത് പ്രസിഡന്റായിരുന്നു പി.കെ. ബഷീർ. അതേ സമയം കുഴിമണ്ണ പഞ്ചായത്തിൽ എൽഡിഎഫിന് ഒറ്റ സീറ്റും ലഭിച്ചില്ല. ഊർങ്ങാട്ടിരി പഞ്ചായത്ത് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. ഏറനാട്ടിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ അരീക്കോട് പഞ്ചായത്തിൽ പതിനെട്ടിൽ എട്ട് സീറ്റുകൾ എൽഡിഎഫിനുണ്ട് . രണ്ടു സീറ്റിന്റെ വ്യത്യാസത്തിലാണ് യുഡിഎഫ് വീണ്ടും ഭരണത്തിലെത്തിയത്. എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫിലേക്ക് മാറിയ പഞ്ചായത്തുകളാണ് കാവനൂരും ഊർങ്ങാട്ടിരിയും. തദ്ദേശതിരഞ്ഞെടുപ്പിൽ മേൽക്കോയ്മയുണ്ടെങ്കിലും എം.എൽ.എയുടെ സ്വന്തം പഞ്ചായത്ത് നഷ്ടപ്പെട്ടത് ഏറെ ചർച്ചയാവുന്നുണ്ട്.
രണ്ടുതവണ ബഷീർ
2011ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നത് പി.വി അൻവർ ആയിരുന്നു. 47452 വോട്ടുകളാണ് സ്വതന്ത്രനായ പി.വി അൻവറിന് ലഭിച്ചിരുന്നത്. സി.പി.ഐയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് അയ്യായിരം വോട്ടുപോലും പിടിക്കാനായില്ല. 11,246 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പി.കെ ബഷീർ വിജയിച്ചു. 2016 ലെ തിരഞ്ഞെടുപ്പിൽ കെ.ടി അബ്ദുറഹ്മാൻ ആയിരുന്നു ഇടതുപക്ഷ സ്ഥാനാർത്ഥി. 56,155 വോട്ടുകളാണ് 2016 ൽ കെടി അബ്ദുറഹ്മാന് ലഭിച്ചത്. 12,893 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ചു.