
മഞ്ചേരി: നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതീക്ഷയർപ്പിക്കുകയാണ് ജില്ലയിലെ അച്ചടി മേഖല. കടലാസ് മുതൽ അച്ചടിക്കാവശ്യമായ എല്ലാ സാധനങ്ങൾക്കും വില ഉയരുകയും കൊവിഡ് പ്രതിസന്ധിയിൽ പൊതുപരിപാടികൾ കുറയുകയും ചെയ്തതോടെ നിലനിൽപ്പ് ഭീഷണിയിലാണ് നിലവിൽ പ്രസുകളെല്ലാം.
ഓഫ്സെറ്റ് പ്രസുകളെല്ലാം ഇപ്പോൾ ലോക്ക് ഡൗണിലാണ്. കൊവിഡിനു ശേഷം ഇനിയും ഉണരാതെ കിടക്കുകയാണ് തൊഴിൽ രംഗം. കടലാസ് മുതൽ മഷി വരെ എല്ലാത്തിനും വില കൂടി. അസംസ്കൃത വസ്തുക്കൾക്കാവട്ടെ ക്ഷാമവും. കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ വിദ്യാലയങ്ങളില്ല. പൊതു പരിപാടികൾ പേരിനു മാത്രം. നിലവിലെ സാഹചര്യത്തിൽ അച്ചടി സ്ഥാപനങ്ങളെല്ലാം നേരിടുന്നത് കടുത്ത ഭീഷണിയാണ്.
ഇതിനിടയിലാണ് പ്രതീക്ഷയേകി നിയമസഭ തിരഞ്ഞെടുപ്പും ലോക്സഭ ഉപതിരഞ്ഞെടുപ്പും പടിവാതിലിൽ എത്തിയിരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ പ്രചാരണ രംഗം ചൂടുപിടിക്കുമ്പോൾ ഇതുവരെയുണ്ടായിരുന്ന ഇരുളകലുമെന്ന പ്രതീക്ഷയിലാണ് പ്രസ് നടത്തിപ്പുകാർ. പോസ്റ്ററുകളുടെ പ്രിന്റിംഗ് വ്യാപകമാകുന്നതോടെ രംഗം ഉണരുമെന്നാണ് പ്രതീക്ഷ. ഇതിനിടയിലും അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവും വെല്ലുവിളി തീർക്കുന്നു. വിദേശ നിർമ്മിത ആർട്ട് പേപ്പറിനാണ് ഏറ്റവും കൂടുതൽ ക്ഷാമം നേരിടുന്നത്. ഇതിന് മൂന്നുമാസത്തിനുള്ളിൽ കിലോയ്ക്ക് അറുപതിൽനിന്ന് തൊണ്ണൂറ് രൂപയായി. മഷി, കെമിക്കൽ തുടങ്ങിയവയ്ക്കും വിലവർദ്ധിച്ചു. കടലാസ് വിലവർദ്ധനവിനനുസരിച്ച്അച്ചടി ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ നിർബന്ധിതമായ സാഹചര്യമാണുള്ളതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.