പൊന്നാനി: പൊന്നാനിയിൽ ടി.എം സിദ്ധീഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് സി പി എമ്മിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത്. ആവശ്യമറിയിക്കാൻ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ട പ്രവർത്തകരെ അനുനയിപ്പിച്ച് പിന്തിരിപ്പിച്ചു. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ നടന്നത് ചരിത്രത്തിലില്ലാത്ത നാടകീയ രംഗങ്ങൾ
സ്പീക്കർ പി. ശ്രീരാമകൃഷ്ണന് സംസ്ഥാന നേതൃത്വം അവസരം നിഷേധിച്ചതോടെ ജില്ലാ കമ്മറ്റിയംഗമായ ടി.എം സിദ്ധീഖിന് സ്ഥാനാർത്ഥിത്വം നൽകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ രംഗത്തുവന്നത്. ആവശ്യമറിയിക്കാനായി ജില്ലാ കമ്മറ്റിയിലേക്ക് പോകാനൊരുങ്ങിയ പ്രവർത്തകരെ ടി.എം സിദ്ദിഖിന്റെ നേതൃത്വത്തിൽ നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. പൊന്നാനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ പ്രവർത്തകർ ആനപ്പടിയിൽ മുദ്രാവാക്യം വിളിച്ച് ഒരുമിച്ചുകൂട്ടുകയും ബസിലും, കാറിലുമായി മലപ്പുറത്തേക്ക് പുറപ്പെടാൻ തീരുമാനിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് നേതാക്കൾ ഫോണിൽ വിളിച്ച് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും, ഇത് അനുസരിക്കാൻ പ്രവർത്തകർ ആദ്യം മടിച്ചു. ഒടുവിൽ നേതാക്കൾ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വെളിയങ്കോട്ടുകാരനുമായ ടി.എം സിദ്ധീഖിനെ മൽസരിപ്പിക്കണം എന്നാണ് ഇവരുടെ ആവശ്യം. ടി എം സിദ്ധീഖിനെ പൊന്നാനിയിലെ ക്യാപ്റ്റനായാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്. പൊന്നാനിയിലേക്ക് പറഞ്ഞു കേൾക്കുന്ന മറ്റൊരു നേതാവായ നന്ദകുമാറിനെതിരെയും സോഷ്യൽ മീഡിയയിൽ പ്രചരണം തുടങ്ങിയിട്ടുണ്ട്.നന്ദകുമാറിനെ അംഗീകരിക്കില്ല പകരം ടി.എം.സിദ്ധീഖിന് ഉറപ്പ് നൽകൂ എന്നാണ് പ്രചാരണം. മുമ്പെങ്ങും ഇല്ലാത്ത വിധം അണികൾ ചേരിതിരിഞ്ഞ് പ്രചരണം തുടങ്ങിയതോടെ നേതൃത്വം അങ്കലാപ്പിലായിട്ടുണ്ട്.