ponnani

പൊന്നാനി: പൊന്നാനിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയം അനിശ്ചിതത്വത്തിൽ. ശ്രീരാമകൃഷ്ണന് വേണ്ടി മണ്ഡലത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. രണ്ട് തവണ മത്സരിച്ചു ജയിച്ചവർ വീണ്ടും മത്സരിക്കേണ്ടെന്ന സി.പി.എം തീരുമാനത്തെത്തുടർന്ന് നിലവിലെ മണ്ഡലം എം.എൽ.എയും, നിയമസഭ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണനെ മാറ്റിനിർത്താനുള്ള നീക്കത്തിനിടെയാണ് സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി ആശയക്കുഴപ്പമുണ്ടാകുന്നത്. ശ്രീരാമകൃഷ്ണന് പകരം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും, മുൻ ഏരിയ സെക്രട്ടറിയുമായ ടി.എം സിദ്ദിഖ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ സി.ഐ.ടി.യു ദേശീയ സെക്രട്ടറിയായ ചങ്ങരംകുളം സ്വദേശി പി.നന്ദകുമാറിനെ പൊന്നാനിയിലേക്ക് പരിഗണിച്ചതോടെയാണ് പൊന്നാനിയിലെ സി.പി.എമ്മിൽ ഭിന്നത രൂക്ഷമായത്. മണ്ഡലത്തിൽ സജീവമല്ലാത്ത പി.നന്ദകുമാറിനെ മത്സരിപ്പിക്കുന്നത് സീറ്റ് നഷ്ടപ്പെടാനിടയാക്കുമെന്നാണ് വിലയിരുത്തൽ. ഇതിനിടെ ശ്രീരാമകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനിയിലുടനീളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഉറപ്പാണ് എൽ ഡി എഫ്, ശ്രീരാമകൃഷ്ണൻ മത്സരിക്കണം എന്നൊക്കെയാണ് പോസ്റ്ററുകളിൽ എഴുതിയിട്ടുള്ളത്. ഒരുവിഭാഗം ഇടതുപക്ഷ പ്രവർത്തകർ ശ്രീരാമകൃഷ്ണനെ മത്സരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് ഇത്തരം പോസ്റ്ററുകൾ വന്നത്. പാർട്ടിയിൽ വിഭാഗീയത ശകതിപ്പെട്ടതിന്റെ സൂചനയാണിത്. അതേസമയം, ടി.എം.സിദ്ധീഖിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് നവമാദ്ധ്യമങ്ങളിൽ കാമ്പയിൻ സമാനമായ ഇടപെടൽ നടക്കുന്നുണ്ട്. ശ്രീരാമകൃഷ്ണന് പകരം ജില്ലാ സെക്രട്ടറിയേറ്റ് മുന്നോട്ടുവെച്ച പേര് ജില്ലാ കമ്മിറ്റിയംഗമായ ടി.എം സിദ്ധീഖിന്റേതാണ്. എന്നാൽ ഇതിനെ മറികടക്കാനാണ് പൊതുജനങ്ങൾക്ക് അധികമൊന്നും പരിചയമില്ലാത്ത സംഘടനാ രംഗത്ത് കഴിവുതെളിയിച്ച നന്ദകുമാറിനെ കൊണ്ടുവരുന്നതെന്നാണ് അറിയുന്നത്. ഇതിലൂടെ ജനഹിതം മനസിലാക്കുകയും, വിജയസാദ്ധ്യത ഉറപ്പിക്കാൻ ശ്രീരാമകൃഷ്ണനെ തന്നെ മൂന്നാമതും പൊന്നാനിയിൽ സ്ഥാനാർത്ഥിയായേക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്.