
മലപ്പുറം: പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടർന്നുള്ള മലപ്പുറം ലോക്‌സഭ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത് ദേശീയ നേതാക്കൾ. യു.ഡി.എഫിൽ ലീഗ് ദേശീയ സെക്രട്ടറി അബ്ദുസമദ് സമദാനിക്കാണ് സാദ്ധ്യത കൂടുതൽ. ലീഗ് നിയമസഭ സ്ഥാനാർത്ഥികൾക്ക് ഒപ്പമാവും പ്രഖ്യാപനം. എൽ.ഡി.എഫിനായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു വീണ്ടും മത്സരിക്കും. രണ്ടുദിവസത്തിനകം ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റും സാനുവിന്റെ പേരാണ് നിർദ്ദേശിച്ചിട്ടുള്ളത്. എൻ.ഡി.എയ്ക്കായി ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി മത്സരിക്കും.
ഫാസിസത്തിനെതിരെ പോരാട്ടം പാതിവഴിയിൽ ഉപേക്ഷിച്ചെന്ന ആക്ഷേപം കുഞ്ഞാലിക്കുട്ടിക്കും മുസ്‌ലിം ലീഗിനുമെതിരെ ഉയർന്നത് അനുകൂലമാക്കാൻ ആവുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. ദേശീയതലത്തിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലെ മുൻനിര മുഖമെന്നതിനൊപ്പം മണ്ഡലത്തിൽ സുപരിചിതനാണെന്നതും സാനുവിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.ലീഗിനും കുഞ്ഞാലിക്കുട്ടിക്കും എതിരായ വികാരം അനുകൂലമാക്കാമെന്ന കണക്കുകൂട്ടലിൽ തന്നെയാണ് അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയും രംഗത്തിറക്കുന്നത്. പാർട്ടിയുടെ ന്യൂനപക്ഷ മുഖമായ അബ്ദുള്ളക്കുട്ടിയിലൂടെ മത്സരം കനപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. കഴിഞ്ഞ തവണ ബി.ജെ.പി പാലക്കാട് മേഖലാ പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണനായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി. 82,332 വോട്ടുകളാണ് ലഭിച്ചത്. വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ ആയില്ലെങ്കിൽ അബ്ദുള്ളക്കുട്ടിക്കും ക്ഷീണമാവും. ന്യൂനപക്ഷ വിഭാഗങ്ങളെ ആകർഷിക്കുകയെന്ന ലക്ഷ്യം കൂടിവച്ചാണ് അബ്ദുള്ളക്കുട്ടിക്ക് ദേശീയ പദവിയേകിയത്. അബ്ദുള്ളക്കുട്ടിയുടെ സ്ഥാനലബ്ദിയിൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനിടയിൽ തന്നെ ഭിന്നാഭിപ്രായമുയർന്നിരുന്നു. വോട്ട് വിഹിതം ഒരുലക്ഷം കടത്തായില്ലെങ്കിൽ പോലും അബ്ദുള്ളക്കുട്ടിക്ക് ക്ഷീണമാവും. 2017ലെ ഉപതിരഞ്ഞെടുപ്പിൽ എൻ.ശ്രീപ്രകാശിന് 65,675 വോട്ടാണ് ലഭിച്ചത്. ദേശീയ ജനറൽ സെക്രട്ടറിയും ഡൽഹി സ്വദേശിയുമായ ഡോ. തസ്‌ലിം റഹ്മാനിയെ രംഗത്തിറക്കി മത്സരം ദേശീയമാക്കാൻ ആദ്യം നീക്കം നടത്തിയ എസ്.ഡി.പി.ഐ ഇതിനകം തിരഞ്ഞെടുപ്പ് പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവച്ചത് ചർച്ചയാക്കി നേട്ടം കൊയ്യാനാണ് നീക്കം.
കടക്കേണ്ടത് വലിയ കടമ്പ
മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽ കഴിഞ്ഞ തവണ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ഭൂരിപക്ഷമാണ്. 2,60,153 വോട്ട്. വയനാട്ടിൽ രാഹുൽഗാന്ധിക്ക് 4,31,770 വോട്ടിന്റ ഭൂരിപക്ഷവും. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് നിയോജക മണ്ഡലങ്ങളാണ് മലപ്പുറം ലോക്‌സഭ പരിധിയിലുള്ളത്. വള്ളിക്കുന്ന് , പെരിന്തൽമണ്ണ നിയോജക മണ്ഡലങ്ങളിൽ ഒഴികെ മറ്റെല്ലായിടത്തും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 30,000 വോട്ടുകൾക്ക് മുകളിലായിരുന്നു. പെരിന്തൽമണ്ണ- 23,038, വള്ളിക്കുന്ന് - 29,447 എന്നിങ്ങനെയായിരുന്നു കുറഞ്ഞ ലീഡ്. കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായിരുന്ന വേങ്ങരയിൽ 51,888 വോട്ടിന്റെയും മലപ്പുറത്ത് 44,976 വോട്ടിന്റെയും ഭൂരിപക്ഷവുമായി ഏറെ മുന്നിലെത്തി. വള്ളിക്കുന്ന് - 21,802, കൊണ്ടോട്ടി - 13,832 എന്നിങ്ങനെയാണ് ബി.ജെ.പിക്ക് കൂടുതൽ വോട്ട് കിട്ടിയ നിയോജക മണ്ഡലങ്ങൾ. ഫാസിസത്തിനെതിരെയുള്ള പോരാട്ടമെന്ന കാമ്പയിനായിരുന്നു ലീഗ് ശക്തമായി നടത്തിയിരുന്നത്. ഇതിനൊപ്പം വയനാട്ടിൽ രാഹുൽഗാന്ധിയുടെ സാന്നിദ്ധ്യവും ലീഡ് ഉയരാൻ സഹായിച്ചു. 2017ൽ ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ എം.ബി ഫൈസലിനെതിരെ 1,71,023 വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്.
മണ്ഡലസാരഥികൾ ഇവർ
2009 മുതലാണ് മഞ്ചേരി ലോക്‌സഭ മണ്ഡലം പേരുമാറ്റി മലപ്പുറമായത്. നേരത്തെ മഞ്ചേരിയിൽ ഉൾപ്പെട്ടിരുന്ന നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയോജക മണ്ഡലങ്ങൾ വയനാടിന്റെ ഭാഗമായി. 1957ലെ ആദ്യ തിരഞ്ഞെടുപ്പ് മുതൽ ലീഗിനൊപ്പമാണ് മണ്ഡലം നിലയുറപ്പിച്ചിട്ടുള്ളത്. 2004ൽ ടി.കെ.ഹംസയിലൂടെ ആദ്യമായി ചെങ്കൊടി പാറിപ്പിച്ചു.
മഞ്ചേരി ലോക്‌സഭ മണ്ഡലം
1957 - ബി പോക്കർ
1962,67,71 - എം. മുഹമ്മദ് ഇസ്‌മായിൽ
1977, 80,84, 89 - ഇബ്രാഹീം സുലൈമാൻ സേട്ട്
1991,96,98,99 - ഇ.അഹമ്മദ്
2004- ടി.കെ.ഹംസ
മലപ്പുറം ലോക്‌സഭ മണ്ഡലം
2009 - ഇ.അഹമ്മദ്
2014 - ഇ.അഹമ്മദ്
2017- പി.കെ.കുഞ്ഞാലിക്കുട്ടി
2019 - പി.കെ.കുഞ്ഞാലിക്കുട്ടി