മലപ്പുറം: വെസ്റ്റ് കോഡൂരിൽ കോഡൂർ സ്വദേശിയായ യുവതിയുടെ രണ്ടുപവൻ വരുന്ന മാല ബൈക്കിലെത്തി പൊട്ടിച്ചുകൊണ്ടുപോയ അന്തർജില്ല മോഷ്ടാക്കളായ രണ്ടുപേരെ വളാഞ്ചേരിയിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടി. എറണാകുളം പെരുമ്പാവൂർ മാടംപിള്ളി സ്വദേശി മടവന സിദ്ധിഖ്(46), പാണ്ടിക്കാട് മോഴക്കൽ സ്വദേശി പട്ടാണി അബ്ദുൾ അസീസ് (44) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് മാല മോഷണത്തിനുപയോഗിച്ച ബൈക്കും കണ്ടെടുത്തു. മങ്കര പാലപ്പറ്റയിൽ നിന്ന് മോഷ്ടിച്ച ബൈക്ക് വ്യാജ നമ്പർ ഉപയോഗിച്ചാണ് ഓടിച്ചിരുന്നത്. ഈമാസം രണ്ടിന് ഉച്ചയ്ക്ക് ബാങ്കിൽ പോയി വീട്ടിലേക്ക് നടന്നുവരികയായിരുന്ന യുവതിയുടെ അരികിൽ വിലാസം ചോദിക്കാനെന്ന രീതിയിൽ ബൈക്ക് നിറുത്തി സംസാരിക്കുന്നതിനിടെ മാല പൊട്ടിക്കുകയായിരുന്നു. മോഷ്ടിച്ച സ്വർണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയായ അബ്ദുൾ അസീസിനെതിരെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി അമ്പലമോഷണം, വാഹനമോഷണം, ബിവറേജുകളും സർക്കാർ ഓഫീസുകളും പൊളിച്ചുള്ള കളവ്, ആളില്ലാത്ത വീടുകൾ പൊളിച്ചുള്ള കളവുകളടക്കം മുപ്പതോളം കേസുകളുണ്ട്. കഴിഞ്ഞ വർഷം ചന്ദനത്തടി മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ അട്ടപ്പാടിയിൽ വച്ച് പിടിക്കപ്പെട്ട് അഞ്ചുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
പിടിയിലായ മാടവന സിദ്ധിഖിന് മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിലായി മാലമോഷണം, വാഹനമോഷണം, വീട് പൊളിച്ചുള്ള കവർച്ചയടക്കം 40 ഓളം കേസിലെ പ്രതിയാണ്. കഴിഞ്ഞ വർഷം സമാനസംഭവത്തിന് ഷൊർണ്ണൂരിൽ നിന്നും പിടിക്കപ്പെട്ട് രണ്ടുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. വിവിധ സ്ഥലങ്ങളിൽ കുടുംബസമേതം വാടകയ്ക്ക് താമസിച്ചാണ് ഇയാൾ കളവുകൾ നടത്തുന്നത്. മലപ്പുറം ഇൻസ്പക്ടർ പ്രേംസദൻ, എസ്.ഐ.ബിപിൻ.പി.നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി.സഞ്ജീവ്, സത്യനാഥൻ മനാട്ട്, അബ്ദുൾ അസീസ് എന്നിവർക്ക് പുറമെ മലപ്പുറം സ്റ്റേഷനിലെ എസ്.ഐ കെ.എസ്.ജയൻ, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് രവി, അജിത്ത്കുമാർ, സഗേഷ്, ഗിരീഷ്, പ്രശോഭ് എന്നിവരാണ് പ്രതികളെ പിടികൂടി തുടർഅന്വേഷണം നടത്തുന്നത്.