election

മലപ്പുറം: തദ്ദേശ തിര‌ഞ്ഞെടുപ്പിൽ ആഞ്ഞുവീശിയ ഇടതുകാറ്റിൽ പച്ചക്കോട്ട ഇളകിയിരുന്നില്ല. കേരളമൊന്നാകെ ചുവന്നപ്പോഴും പച്ചപുതച്ച് നിൽപ്പായിരുന്നു മലപ്പുറം. 94 പഞ്ചായത്തുകളിൽ 67ഉം യു.ഡി.എഫ് നേടിയപ്പോൾ എൽ.ഡി.എഫിന് 19ൽ ഒതുങ്ങേണ്ടിവന്നു. 2015ൽ 'സാമ്പാർ മുന്നണി"യിലൂടെ 27 പഞ്ചായത്തുകളിലെ ഭരണം പിടിച്ചെടുത്ത സ്ഥാനത്താണിത്. ജില്ലാ പഞ്ചായത്തിലെ മൃഗീയ ഭൂരിപക്ഷത്തിനൊപ്പം 12 മുനിസിപ്പാലിറ്റികളിൽ ഒമ്പതും 15 ബ്ലോക്കുകളിൽ 12ഉം നേടി യു.ഡി.എഫ് ബഹുദൂരം മുന്നിലാണ്.

സ്വതന്ത്ര സ്ഥാനാർത്ഥികൾ

തദ്ദേശത്തിൽ നിന്ന് നിയമസഭയിലേക്ക് എത്തുമ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണം വിപുലമാക്കി നേട്ടം കൊയ്യാനാണ് സി.പി.എമ്മിന്റെ നീക്കം. യു.ഡി.എഫ് വിമതരെയും പ്രമുഖ വ്യക്തികളെയും രംഗത്തിറങ്ങി സ്ഥാനാർത്ഥി പട്ടികയിൽ ഇടംനൽകിയിട്ടുണ്ട്. തട്ടകത്തിലെ 16 സീറ്റുകളിൽ 14ഉം ലക്ഷ്യമിട്ട് യു.ഡി.എഫും സമീപകാലത്തെ മികച്ച നേട്ടമായ നാല് സീറ്റ് നിലനിറുത്താൻ എൽ.ഡി.എഫും കച്ചകെട്ടിയിറങ്ങുമ്പോൾ മലപ്പുറത്തെ പോരിന് വീറും വാശിയുമേറും.

ഇരുമുന്നണികളിലെയും മത്സരാർത്ഥികളുടെ ചിത്രം ഏകദേശം രൂപപ്പെട്ടിട്ടുണ്ട്. ചില മണ്ഡലങ്ങളിൽ മാത്രമാണ് അനിശ്ചിതത്വം. പി.കെ. കുഞ്ഞാലിക്കുട്ടി,​ മന്ത്രി കെ.ടി. ജലീൽ,​ എ.പി. അനിൽകുമാ‌ർ,​ പി.വി. അൻവർ എന്നിവരാണ് സീറ്റുറപ്പിച്ച ഗ്ലാമർ സ്ഥാനാർത്ഥികൾ. രണ്ടുതവണ മത്സരിച്ചവരെ തഴഞ്ഞപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് പൊന്നാനി സീറ്റ് നഷ്ടപ്പെട്ടു.

സീറ്റ് നിലനിറുത്തൽ വെല്ലുവിളി

2016ലെ നിയമസഭ തിരഞ്ഞെടുപ്പിലെ നാല് സീറ്റെന്ന വലിയ നേട്ടം ആവർത്തിക്കുകയാണ് ഇടതുപക്ഷത്തിന് മുന്നിലുള്ള വെല്ലുവിളി. നിലമ്പൂർ, താനൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങൾക്കൊപ്പം ഇത്തവണ പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിലും കണ്ണുവച്ചാണ് ഇടതുപക്ഷത്തിന്റെ നീക്കങ്ങൾ. പുറമെ ഏറനാട്ടിലും വണ്ടൂരിലും സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണത്തിലൂടെ മത്സരം കടുപ്പിക്കും.

താനൂരിൽ വിജയം ആവർത്തിക്കുമോയെന്നതിൽ ആശങ്കയുണ്ടെങ്കിലും പൊന്നാനിയിലും തവനൂരിലും ചെങ്കോട്ടയാണെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം. പൊന്നാനിയിൽ പ്രാദേശിക നേതൃത്വത്തിന്റെ വികാരം അവഗണിച്ച് സി.ഐ.ടി.യു നേതാവ് പി. നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളുമടക്കം പ്രവർത്തകർ പാർട്ടി പതാകയുമായി തെരുവിലിറങ്ങിയതിന്റെ ഞെട്ടിലിലാണ് നേതൃത്വം. പൊന്നാനി ഏരിയാ സെക്രട്ടറി ടി.എം. സിദ്ദിഖിനെ മത്സരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഏരിയാ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ടി.എം. സിദ്ദിഖിന്റെ പേരായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയപ്പോൾ സിദ്ദിഖിനെ വെട്ടിമാറ്റി പി. നന്ദകുമാറിനെ ഉൾപ്പെടുത്തുകയായിരുന്നു.

സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണത്തിലൂടെ അട്ടിമറി വിജയങ്ങൾ ലക്ഷ്യമിടുന്ന സി.പി.എമ്മിന് ചെങ്കോട്ടയിലെ അതിശക്തമായ പരസ്യപ്രതിഷേധം ഞെട്ടിപ്പിച്ചിട്ടുണ്ട്.

സർവ്വം സ്വതന്ത്രമയം

മുൻ ഇന്ത്യൻ ഫുട്‌ബാൾ ടീം ക്യാപ്റ്റൻ യു. ഷറഫലി,​ മലപ്പുറം നഗരസഭ മുൻ ചെയർമാൻ കെ.പി. മുഹമ്മദ് മുസ്തഫ,​ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി. മിഥുന എന്നിവരാണ് ഇടതിന്റെ പുതിയ തുറുപ്പുചീട്ടുകൾ. മുസ്‌തഫയും മിഥുനയും ലീഗ് നേതൃത്വത്തോട് ഇടഞ്ഞാണ് ഇടതുപാളയത്തിലെത്തിയത്. ഇവർക്ക് പുറമെ വി. അബ്ദുറഹിമാൻ എം.എൽ.എ താനൂരിലും പി.വി. അൻവർ എം.എൽ.എ നിലമ്പൂരിലും കളത്തിലിറങ്ങും.

തിരൂരിൽ ഗഫൂർ പി. ലില്ലീസ്,​ പരപ്പനങ്ങാടിയിൽ നിയാസ് പുളിക്കലകത്ത് എന്നിങ്ങനെ നീളുന്നു സ്വതന്ത്ര സ്ഥാനാർത്ഥിപ്പട്ടിക. തവനൂരിൽ മന്ത്രി കെ.ടി. ജലീലിനെതിരെ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെ അങ്കത്തട്ടിലിറക്കാൻ യു.ഡി.എഫിലും അണിയറ നീക്കങ്ങളുണ്ട്. മന്ത്രി കെ.ടി. ജലീലിന്റെ തവനൂരും സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ പൊന്നാനിയുമാണ് ഇടതിന്റെ ഉറച്ച സീറ്റുകൾ. ഇവിടങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുമുന്നേറ്റം പ്രകടമായിരുന്നു.

ലീഗ് വിയർത്ത പെരിന്തൽമണ്ണയിലും മങ്കടയിലും എൽ.ഡി.എഫ് പ്രതീക്ഷ പുലർത്തുന്നു.

സുരക്ഷിതമാക്കാൻ ലീഗ് നീക്കം

പെരിന്തൽമണ്ണയിൽ മഞ്ഞളാംകുഴി അലി -579, മങ്കടയിൽ അഹമ്മദ് കബീർ - 1,508 വോട്ടുകൾക്കുമാണ് വിജയിച്ചത്. ഇരുമണ്ഡലങ്ങളിലും എം.എൽ.എമാരെ മാറ്റി മണ്ഡലം സുരക്ഷിതമാക്കാനാണ് ലീഗിന്റെ നീക്കം. ഇടതുസ്വതന്ത്രനിലൂടെ അട്ടിമറി വിജയം നേടിയ താനൂരും നിലമ്പൂരും കൈവിടുമോയെന്ന ആശങ്ക എൽ.ഡി.എഫിനുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ നിലമ്പൂരിലും താനൂരിലും യു.ഡി.എഫിനാണ് ലീഡ്. കോൺഗ്രസ് കോട്ടയായിരുന്നു നിലമ്പൂരിൽ പി.വി. അൻവറിനെതിരെ മത്സരം കനപ്പിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശിനെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. എന്നാൽ, സീറ്റിനായി കഴിഞ്ഞ തവണ മത്സരിച്ച ആര്യാടൻ ഷൗക്കത്തും രംഗത്തുണ്ട്.

പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് വഴി നേതൃത്വത്തെ സമ്മർദ്ദത്തിലാക്കിയാണ് ഈ നീക്കം. സമവായമില്ലാതെ രണ്ടുപേരിൽ ആര് മത്സരിച്ചാലും പാലം വലിക്കാനുള്ള സാദ്ധ്യത ഏറെയാണ്. ആര്യാടൻ ഷൗക്കത്തിന് തവനൂർ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇടതിന്റെ സിറ്റിംഗ് സീറ്റിൽ മത്സരിക്കാൻ താത്പര്യപ്പെടുന്നില്ല.

14 സീറ്റ്: കൈയടക്കൽ തന്ത്രവുമായി കുഞ്ഞാലിക്കുട്ടി

ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കി സമവായമുണ്ടാക്കാനും നീക്കമുണ്ട്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 16 ഇടങ്ങളിൽ പന്ത്രണ്ടിടത്താണ് യു.ഡി.എഫ് വിജയിച്ചത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 2011ലെ 14 സീറ്റെന്ന നേട്ടം ആവർത്തിക്കാനുള്ള ചുമതല കൂടി ലീഗ് നൽകിയിട്ടുണ്ട്. കോൺഗ്രസ്-ലീഗ് ഐക്യം കൂടുതൽ ശക്തിപ്പെടുത്തി വോട്ട് ചോർച്ചയ്ക്ക് തടയിടാനുള്ള ശ്രമങ്ങളും സജീവമാക്കിയിട്ടുണ്ട്.

സീറ്റുകളുടെ എണ്ണം കുറയുന്നത് കുഞ്ഞാലിക്കുട്ടിക്കും തിരിച്ചടിയാവും. കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിൽ മലപ്പുറത്ത് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് കൂടി വരുന്നതിനാൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഇരട്ടപ്പോരാട്ടം കൂടിയാണ്. 2019ൽ 2,60,153 വോട്ടുമായി സംസ്ഥാനത്തെ രണ്ടാമത്തെ ഉയർന്ന ലീഡായിരുന്നു കുഞ്ഞാലിക്കുട്ടിക്ക്. ഭൂരിപക്ഷത്തിലെ ചെറിയ കുറവു പോലും ലീഗിന് ക്ഷീണമാവും. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് ചർച്ചയാക്കാനാണ് സി.പി.എമ്മിന്റെയും ചെറുപാർട്ടികളുടെയും തീരുമാനം.

ആകെ മണ്ഡലങ്ങൾ - 16
എൽ.ഡി.എഫ് വിജയിച്ചത് - പൊന്നാനി, തവനൂർ,​ നിലമ്പൂ‌ർ,​ താനൂർ.
യു.ഡി.എഫ് വിജയിച്ചത് - 12