vvvvvvvvvvvv

പൊന്നാനി: പൊന്നാനി മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ സി.പി.എം അനുഭാവികളും പ്രവർത്തകരും തെരുവിൽ. സി.ഐ.ടി.യു ദേശീയ സെക്രട്ടറി പി.നന്ദകുമാർ പൊന്നാനിയിൽ സ്ഥാനാർത്ഥിയാവുമെന്നറിഞ്ഞതിനെ തുടർന്നാണ് പ്രതിഷേധം പൊട്ടിത്തെറിയിലെത്തിയത്.

പൊന്നാനി മുൻ ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.എം. സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേർ ഇന്നലെ വൈകിട്ട് പൊന്നാനിയിൽ പ്രകടനം നടത്തി. പാർട്ടി കൊടികളും ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ അണിനിരന്നത്. ചന്തപ്പടിയിൽ നിന്നാരംഭിച്ച മാർച്ച് ചമ്രവട്ടത്തെത്തിയപ്പോഴേക്കും നിരവധി പേർ അണിചേർന്നു. നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തുമെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രകടനം.

രണ്ടുതവണ മത്സരിച്ച് ജയിച്ച സ്പീക്കറും സിറ്റിംഗ് എം.എൽ.എയുമായ പി. ശ്രീരാമകൃഷ്ണനെ മാറ്റാൻ തീരുമാനിച്ചതിനെ തുടർന്ന് ടി.എം. സിദ്ദിഖ് മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീടാണ് പി. നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. ടി.എം.സിദ്ദിഖ് രണ്ടു തവണ ശ്രീരാമകൃഷ്ണന് വേണ്ടി മാറി നിന്നതാണെന്ന് പ്രതിഷേധക്കാർ പറയുന്നു. സംസ്ഥാന സമിതിയാണ് നന്ദകുമാറിന്റെ പേര് നിർദ്ദേശിച്ചത്.

ടി.എം. സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ ആരംഭിച്ച കാമ്പയിൻ വൻ പ്രതിഷേധമായി രൂപപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ബസിലും കാറുകളിലുമായി ജില്ലാ കമ്മിറ്റിയെ പ്രതിഷേധമറിയിക്കാൻ ഒരു കൂട്ടം പ്രവർത്തകർ മലപ്പുറത്തേക്ക് പുറപ്പെടാൻ ഒരുങ്ങിയിരുന്നു. ഏറെ പണിപ്പെട്ടാണ് നേതൃത്വം ഇവരെ തടഞ്ഞു നിറുത്തിയത്.