
മലപ്പുറം: കോൺഗ്രസുമായുള്ള സീറ്റ് തർക്കം കാരണം സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങുന്ന പതിവ് തെറ്റിയതിൽ മുസ്‌ലിം ലീഗിന് അതൃപ്തി. പ്രചാരണത്തിൽ പിന്നിലായെന്ന ആശങ്ക കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിനെയടക്കം ലീഗ് അറിയിച്ചതായാണ് വിവരം. ഉഭയകക്ഷി ചർച്ച പൂർത്തിയാക്കി എട്ടിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാമെന്നായിരുന്നു ലീഗിന്റെ കണക്കുകൂട്ടൽ. യു.ഡി.എഫിൽ ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് ലീഗാണ്.
ഘടകകക്ഷികളുടെ മുന്നണി മാറ്റത്തെ തുടർന്ന് അധികം വന്ന സീറ്റുകളിൽ മൂന്നെണ്ണം ലീഗിന് അനുവദിക്കാൻ ധാരണയായിരുന്നു. പട്ടാമ്പിയും പേരാമ്പ്രയും കൂത്തുപറമ്പുമാണ് ആവശ്യപ്പെട്ടത്. കൂത്തുപറമ്പും പേരാമ്പ്രയും സമ്മതിച്ചെങ്കിലും കോൺഗ്രസിന്റെ കൈവശമുള്ള പട്ടാമ്പിയുടെ കാര്യത്തിലാണ് തർക്കം. അധിക സീറ്റുകളിൽ ലീഗ് വിജയസാദ്ധ്യത ഉറപ്പിക്കുന്നത് പട്ടാമ്പിയിലാണ്. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം.എ. സമദിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ലീഗിന് സീറ്റ് കൊടുക്കരുതെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെ.പി.സി.സിക്ക് കത്ത് നൽകിയിരുന്നു. പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങിയിട്ടുണ്ട്. മുൻ എം.എൽ.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ സി.പി.മുഹമ്മദ് കണ്ണുവച്ച മണ്ഡലമാണിത്. എൽ.ഡി.എഫിൽ സി.പി.ഐയുടെ സിറ്റിംഗ് എം.എൽ.എ മുഹമ്മദ് മുഹ്സിൻ വീണ്ടും ജനവിധി തേടും. ഇരുമുന്നണികൾക്കും ബലാബലമുള്ള മണ്ഡലമാണിത്.
സ്ഥാനാർത്ഥികൾ ഇന്നോ നാളെയോ
മുസ്‌ലിം ലീഗിന്റെ സ്ഥാപകദിനമായ ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. കോഴിക്കോട്ടെ നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിന് മുഴുവൻ നേതാക്കളും എത്തുന്നുണ്ട്. പിന്നാലെ ഉന്നതാധികാര സമിതിയും ചേരുന്നുണ്ട്. ഉച്ചയ്ക്കുശേഷം പാണക്കാട്ടോ കോഴിക്കോട്ടോ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. ഇതല്ലെങ്കിൽ നാളെ പാണക്കാട്ട് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാവും.
പട്ടാമ്പിക്ക് പകരം കോങ്ങാട് നൽകാൻ കോൺഗ്രസ് നീക്കമുണ്ടെങ്കിലും ലീഗ് വഴങ്ങിയിട്ടില്ല. പട്ടാമ്പിയും കൂത്തുപറമ്പും മാത്രം നൽകി പ്രശ്നപരിഹാരത്തിന് ശ്രമമുണ്ടെങ്കിലും ലീഗ് തയ്യാറല്ല. സീറ്റുറപ്പാക്കാൻ പാർലമെന്ററി സമിതി കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.