vvvv

മലപ്പുറം: സ്ഥാനാർത്ഥി ചർച്ചകളിലുയർന്ന പേരുകൾ വെട്ടി ജില്ലയിലെ മൂന്നിടങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സി.പി.ഐയുടെ മണ്ഡലങ്ങളായ തിരൂരങ്ങാടിയിൽ ജില്ലാ അസിസ്റ്റന്റ്‌ സെക്രട്ടറി അജിത് കൊളാടി, മഞ്ചേരിയിൽ മണ്ഡലം എക്സിക്യുട്ടീവ് അംഗം പി.അബ്ദുൾ നാസർ എന്ന ഡിബോണ നാസർ, ഏറനാട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി കെ.ടി.അബ്ദുറഹ്മാൻ എന്നിവരാണ് മത്സരിക്കുക.

തിരൂരങ്ങാടിയിൽ തുടക്കം മുതൽ ഉയർന്നുകേട്ടിരുന്ന നിയാസ് പുളിക്കലകത്തിന് പകരമായി അജിത് കൊളാടിക്ക് നറുക്കുവീണു. 2016ൽ ഇടതുസ്വതന്ത്രനായി നിയാസ് പുളിക്കലകത്ത് മത്സരിച്ചിരുന്നു. പരാജയപ്പെട്ട നിയാസിന് സിഡ്‌കോ ചെയർമാൻ സ്ഥാനം നൽകിയിരുന്നു. ലീഗിന്റെ കോട്ടയായ മണ്ഡലത്തിൽ രണ്ടാംവട്ടമിറങ്ങിയ പി.കെ.അബ്ദുറബ്ബിനെതിരെ കടുത്ത മത്സരമാണ് നിയാസ് കാഴ്ച്ചവെച്ചത്. 2011ലെ 30,208 എന്ന വലിയ ഭൂരിപക്ഷം 6,043 ആയി കുറക്കാൻ നിയാസിനായി. മണ്ഡലത്തിലെ കോൺഗ്രസ് - ലീഗ് പോരും നിയാസിനെ തുണച്ചു. 2011ൽ സി.പി.ഐയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച കെ.കെ. അബ്ദുസമദിന് 28,458 വോട്ടും 2016ൽ ഇടതുസ്വതന്ത്രനായ നിയാസ് പുളിക്കത്തിന് 56,844 വോട്ടുമാണ് ലഭിച്ചത്. ഇത്തവണയും നിയാസ് പുളിക്കലകത്തിന്റെ പേര് സ്ഥാനാർത്ഥി ചർച്ചകളിൽ ഉയർന്നിരുന്നു. മത്സരിക്കാൻ താത്പര്യമില്ലെന്ന് കാണിച്ച് സി.പി.എം നേതൃത്വത്തിന് കത്ത് നൽകിയിരുന്ന നിയാസ് പാർട്ടി ആവശ്യപ്പെട്ടാൽ ഇക്കാര്യം തള്ളില്ലെന്നും അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പരപ്പനങ്ങാടി നഗരസഭയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സി.പി.എം പ്രാദേശിക നേതൃത്വവുമായി അഭിപ്രായ ഭിന്നത ഉയർന്നിരുന്നു. നിയാസ് നി‌ർദ്ദേശിച്ചയാൾക്ക് സീറ്റ് നൽകാതെ വെട്ടുകയും പ്രാദേശിക നേതൃത്വം നിറുത്തിയ ആൾ പരാജയപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെ നിയാസും സി.പി.എം പ്രാദേശിക നേതൃത്വവും തമ്മിൽ അകൽച്ചയിലായിരുന്നു. നിയാസിനെ പൊതുസ്വതന്ത്രനായി രംഗത്തിറക്കുന്നതിൽ സി.പി.എം പ്രാദേശിക നേതൃത്വവും താത്പര്യം കാണിച്ചിരുന്നില്ല.തിരൂരങ്ങാടിയിൽ അബ്ദുറബ്ബിന് വീണ്ടും അവസരം ലഭിച്ചേക്കില്ല. സാദ്ധ്യതാ പട്ടികയിൽ പി.എം.എ സലാം അടക്കമുള്ളവരുണ്ട്. മണ്ഡല രൂപീകരണ കാലം മുതൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളാണ് വിജയിക്കാറുള്ളത്.

മഞ്ചേരിയിൽ മത്സരിക്കുന്ന പി.അബ്ദുൽനാസർ 2015ൽ മുസ്‌ലിം ലീഗിൽ നിന്നും രാജിവച്ചാണ് സി.പി.ഐയിൽ ചേർന്നത്. പ്രവാസി ഫെഡറേഷൻ, കിസാൻ സഭ എന്നിവയുടെ ജില്ല കമ്മിറ്റി അംഗമാണ്. കഴിഞ്ഞ തവണ മഞ്ചേരിയിൽ സി.പി.ഐയുടെ അഡ്വ. കെ.മോഹൻദാസായിരുന്നു മത്സരിച്ചിരുന്നത്. മുസ്‌ലിം ലീഗിലെ എം.ഉമ്മർ 19,616 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2011ൽ നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങിയ ലീഗിലെ എം.ഉമ്മർ സി.പി.ഐയുടെ പി. ഗൗരിക്കെതിരെ 29,079 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥികളെ നിറുത്തുന്നത് കൊണ്ട് പാർട്ടിക്ക് ഗുണമില്ലെന്ന വിലയിരുത്തൽ മഞ്ചേരിയിലും തിരൂരങ്ങാടിയിലും പാർട്ടി ചിഹ്നത്തിൽ മത്സരാർത്ഥികളെ രംഗത്തിറക്കാൻ പ്രേരണയായി.

ഷറഫലി ഗ്രൗണ്ടിന് പുറത്ത്

ഏറനാട്ടിൽ മുസ്ലിം ലീഗിലെ പി.കെ. ബഷീറിനെതിരെ ഇടതുസ്വതന്ത്രനായി മുൻ ഇന്ത്യൻ ഫുട്‌ബാൾ ടീം ക്യാപ്റ്റൻ യു.ഷറഫലി രംഗത്തുവരുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. സി.പി.എം നേതൃത്വം ചർച്ച നടത്തിയതായി ഷറഫലിയും വ്യക്തമാക്കി. ഇതെല്ലാം പാടെ നിരാകരിച്ചാണ് പൊതുരംഗത്ത് സജീവമായ അരീക്കോട് സ്വദേശി കെ.ടി.അബ്ദുറഹ്മാനെ മത്സരിപ്പിക്കാൻ സി.പി.ഐ നേതൃത്വം തീരുമാനിച്ചത്. എ.പി.സുന്നി വിഭാഗവുമായി അടുത്ത ബന്ധം പുലർത്തുന്നത് അബ്ദുറഹ്മാന് തുണയായി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മലപ്പുറം,​ പൊന്നാനി,​ വയനാട് മണ്ഡലങ്ങളിൽ എ.പി. സുന്നി വിഭാഗത്തെ ഇടതുപക്ഷത്തോട് അടുപ്പിക്കുന്നതിലും നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലീഗിലെ പി.കെ.ബഷീർ 12,893 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഏറനാട്ടിൽ വിജയിച്ചത്.

2011ൽ എൽ.ഡി.എഫിനുള്ളിൽ ഏറെ വിവാദമുയർത്തിയ മണ്ഡലം കൂടിയാണിത്. എൽ.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി സി.പി.ഐയുടെ അഷ്റഫലി കാളിയത്തിനെയായിരുന്നു നിശ്ചയിച്ചിരുന്നത്. അതേസമയം പി.വി.അൻവറിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനായിരുന്നു സി.പി.എമ്മിന്റെ തീരുമാനം. എന്നാൽ ഇതിന് വഴങ്ങാതിരുന്ന സി.പി.ഐ നേതൃത്വം അഷ്റഫ് കാളിയത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എന്നാൽ സി.പി.എമ്മിന്റെ പരസ്യ പിന്തുണ പി.വി.അൻവറിനായിരുന്നു. 47,452 വോട്ട് അൻവറിന് ലഭിച്ചപ്പോൾ ഔദ്യോഗിക സ്ഥാനാർത്ഥിയായ അഷ്റഫ് കാളിയത്തിന് കിട്ടിയത് 2,700 വോട്ടും. ബി.ജെ.പിയുടെ കെ.പി.ബാബുരാജിന് 3,488 വോട്ടും എസ്.ഡി.പി.ഐയുടെ പി.പി ഷൗക്കത്തലിക്ക് 2,137 വോട്ടും ലഭിച്ച സ്ഥാനത്താണിത്. ഔദ്യോഗിക സ്ഥാനാർത്ഥിയെ കാലുവാരിയെന്ന വിവാദം ജില്ലയിലെ എൽ.ഡി.എഫിനുള്ളിൽ ഏറെക്കാലം ചർച്ചയായിരുന്നു. ഷറഫലിയെ ഏറനാട്ടിൽ സ്ഥാനാർത്ഥിയാക്കാൻ സി.പി.എം നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും സി.പി.ഐ ഇക്കാര്യത്തിൽ താത്പര്യമെടുത്തിരുന്നില്ല. ഷറഫലിയെ സ്വതന്ത്ര സ്ഥാനാർത്ഥി പരിവേഷത്തിൽ ഇറക്കിയാലും കാര്യമായ സ്വാധീനമുണ്ടാക്കാനാവില്ലെന്ന വിലയിരുത്തലിൽ സി.പി.എമ്മും പിന്തിരിഞ്ഞു. ഇരുപാർട്ടികളുടെയും പ്രാദേശിക നേതൃത്വങ്ങളും ഷഫഫലിയെ കൊണ്ടുവരാനുള്ള നീക്കത്തിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.