
പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പി. നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള സി.പി.എം നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് മണ്ഡലത്തിലെ വിവിധ ലോക്കൽ കമ്മിറ്റികളിലെ അംഗങ്ങളായ ഇരുപതോളംപേർ രാജിവച്ചു. ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ രാജിവച്ചവരിലുണ്ട്. കൂടുതൽ രാജിയുണ്ടാവുമെന്നാണ് സൂചന. പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിനാളുകൾ തിങ്കളാഴ്ച പ്രകടനം നടത്തിയിരുന്നു.
പൊന്നാനിയുടെ വികാരം മനസ്സിലാക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ഇന്നലെ ചേർന്ന സി.പി.എം പൊന്നാനി മണ്ഡലം കമ്മിറ്റിയിൽ വിമർശനമുയർന്നു. സംസ്ഥാന കമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന മണ്ഡലം കമ്മിറ്റിയിൽ മലപ്പുറം ജില്ലാ കമ്മിറ്റിക്കെതിരെയും രൂക്ഷ വിമർശനമുണ്ടായി. ഇരുപതോളം പേർ പി. നന്ദകുമാറിന്റെ സ്ഥാനാർത്ഥിത്വത്തെ അനുകൂലിച്ചില്ല. നാലുപേരാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശത്തിനൊപ്പം നിന്നത്. യോഗത്തിന്റെ വികാരം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.