പൊന്നാനി: സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരായ പൊന്നാനിയിലെ പ്രതിഷേധങ്ങൾ അവസാനിക്കുന്നില്ല. കൂട്ടരാജിയുമായി കമ്മിറ്റി ഭാരവാഹികൾ. ഇരുപതോളം സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങൾ രാജി നൽകി. ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവരാണ് രാജിവച്ചിരിക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പി. നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള പാർട്ടി തീരുമാനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കൂട്ടരാജി. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി പാർട്ടി അംഗങ്ങൾ രാജിവെച്ചു. പൊന്നാനി നഗരം, എരമംഗലം, വെളിയങ്കോട്, പെരുമ്പടപ്പ് ലോക്കൽ കമ്മിറ്റികളിൽ നിന്നാണ് കൂട്ടരാജി. പെരുമ്പടപ്പ് എൽ.സി യിൽ നിന്നും നാല് അംഗങ്ങളും പെരുമ്പടപ്പ് ലോക്കൽ കമ്മറ്റിക്ക് കീഴിലെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും താഴത്തേൽപടി, വെളിയങ്കോട് വെസ്റ്റ്, ഈസ്റ്റ് നാക്കോല എന്നിവിടങ്ങളിലെ ബ്രാഞ്ച് സെക്രട്ടറിമാരുമാണ് രാജി നൽകിയത്. വെളിയങ്കോട് എൽ.സിക്ക് കീഴിൽ ആറ് അംഗങ്ങളാണ് രാജി സമർപ്പിച്ചത്. അയ്യോട്ടിച്ചിറ, തണ്ണിത്തുറ, പത്തുമുറി, വെളിയങ്കോട് ടൗൺ എന്നിവിടങ്ങളിലെ ബ്രാഞ്ച് സെക്രട്ടറിമാരും രാജിസന്നദ്ധത അറിയിച്ചു.
പൊന്നാനി നഗരം ലോക്കൽ കമ്മറ്റിക്ക് കീഴിലെ മൂന്നു ലോക്കൽ കമ്മറ്റി അംഗങ്ങളും തെക്കേക്കടവ് ബ്രാഞ്ച് സെക്രട്ടറിയും രാജി സമർപ്പിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
പൊന്നാനി നഗരസഭയിലെ 22 പാർട്ടി അംഗങ്ങളും പെരുമ്പടപ്പ് ലോക്കൽ കമ്മിറ്റിയിലെ 11 അംഗങ്ങളും മാറഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ നാല് പാർട്ടി അംഗങ്ങളും രാജി സമർപ്പിച്ചിട്ടുണ്ട്.
പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി മേഖലയിൽനിന്നുള്ള പാർട്ടി ജനപ്രതിനിധികളും രാജിവയ്ക്കുമെന്ന ഭീഷണി പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച പൊന്നാനിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തംഗം താഹിർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. സി.ഐ.ടി.യു. നേതാവ് പി. നന്ദകുമാറിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെയാണ് പൊന്നാനിയിൽ സി.പി.എം. അണികൾക്കിടയിൽ വ്യാപകപ്രതിഷേധം. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് സി.പി.എം അണികളുടെ പൊതുവികാരം.