dddddd

മലപ്പുറം ലോക്‌സഭ മണ്ഡലം ഉപതിര‌ഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും ദേശീയതലത്തിൽ വിദ്യാ‌ർത്ഥി സമരങ്ങളിലെ പ്രധാനമുഖം കൂടിയായ വി.പി.സാനു തിരഞ്ഞെടുപ്പ് പ്രതീക്ഷകളും നിലപാടും പങ്കുവെക്കുന്നു.


രണ്ടുവർഷം മുമ്പാണ് മലപ്പുറം ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഈ പരിചയം എത്രമാത്രം ഗുണം ചെയ്യും.

കഴിഞ്ഞ തവണ പ്രചാരണത്തിന് 46 ദിവസം ലഭിച്ചിരുന്നു. 2,200ഓളം ബൂത്തുകളിൽ ഭൂരിഭാഗമിടങ്ങിലും എത്താനായി. ഇതു ഇത്തവണ ഗുണകരമാവും. ആളുകൾക്ക് കുറേക്കൂടി പരിചിതനാവാൻ പറ്റിയിട്ടുണ്ട്. 2006-16 വരെ മലപ്പുറം കേന്ദ്രീകരിച്ച് ബാലസംഘം മുതൽ എസ്.എഫ്.ഐ വരെ പ്രവർത്തിച്ച അനുഭവമുണ്ട്. ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഗുണം ചെയ്തിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ വലിയ ഭൂരിപക്ഷം ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ

ആത്മവിശ്വാസത്തിന് യാതൊരു ചോർച്ചയും സംഭവിച്ചിട്ടില്ല. കഴിഞ്ഞ തവണത്തെ സാഹചര്യം തീർത്തും വ്യത്യസ്തമായിരുന്നു. വയനാട്ടിലെ രാഹുൽഗാന്ധിയുടെ സാന്നിദ്ധ്യവും ​ അദ്ദേഹം പ്രധാനമന്ത്രിയാവുമെന്ന ധാരണയും മലയാളികൾക്ക് പൊതുവേ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിൽ എല്ലാ മണ്ഡലത്തിലും യു.ഡി.എഫിന് വലിയ ഭൂരിപക്ഷമായിരുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമായിരുന്നു പിന്നീട്. ഉപതിരഞ്ഞെടുപ്പിൽ സീറ്റ് പിടിച്ചെടുത്തു. തദ്ദേശതിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടായി. മലപ്പുറത്ത് പഞ്ചായത്തുകളുടെ എണ്ണത്തിൽ ചെറിയ കുറവുണ്ടായിട്ടുണ്ടെങ്കിലും വോട്ട് വിഹിതം വർദ്ധിച്ചിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ രാജി ഏതു വിധത്തിലാവും ഉന്നയിക്കുക?

എങ്ങനെ ഉപതിരഞ്ഞെടുപ്പുണ്ടായി എന്നത് പ്രധാന ചോദ്യമാണ്. അനാവശ്യ തിരഞ്ഞെടുപ്പാണിത്. 2014ന് ശേഷം മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ ജനങ്ങൾ 2018ൽ ഒഴിച്ച് എല്ലാവർഷവും ബൂത്തിലെത്തേണ്ടി വന്നു. വേങ്ങരക്കാർ ഒരുവോട്ട് അധികവും ചെയ്യേണ്ടിവന്നു. ഇ.അഹമ്മദ് എം.പിയുടെ മരണത്തെ തുടർന്നുണ്ടായ 2017ലെ ലോക്‌സ‌ഭ തിരഞ്ഞെടുപ്പ് അനിവാര്യതയായിരുന്നു. എന്നാൽ ഇപ്പോൾ എന്തിനാണ് ഈ തിരഞ്ഞെടുപ്പ്. ജനങ്ങൾ ഒരാളെ തിരഞ്ഞെടുക്കുന്നത് അഞ്ച് വർഷത്തേക്കാണ്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടും നാടിന്റെ വികസനം സാദ്ധ്യമാക്കിയും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുയരുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനും ചുമതലപ്പെട്ടയാളാണ്. പൗരത്വഭേദഗതി, മുത്തലാഖ്,​ പെട്രോൾ വില എന്നിങ്ങനെയുള്ള വിഷയങ്ങൾ വരുമ്പോൾ ഒരുകോട്ട പോലെ തങ്ങൾക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിച്ചാണാവർ വിജയിപ്പിച്ചത്. ഈ വിശ്വാസം കാത്തുസൂക്ഷിച്ചില്ലെന്നതിനൊപ്പം വഞ്ചിക്കുകയും ചെയ്തു. ലീഗിനകത്ത് പോലും കടുത്ത അമർഷമുണ്ട്. ഫാസിസം ബി.ജെ.പി ഉപേക്ഷിച്ചോ,​ അതോ ഫാസിസമില്ലാത്ത പാർട്ടിയായി ബി.ജെ.പി മാറിയോ. അത്തരം നിയമങ്ങളിൽ നിന്ന് ബി.ജെ.പി പിൻമാറിയെന്നാണോ ലീഗ് ധരിക്കുന്നത്. ഇതെല്ലാം അനുദിനം രൂക്ഷമാവുകയാണ്. കൊവിഡ് കഴിഞ്ഞാൽ സി.എ.എ നടപ്പാക്കുമെന്നാണ് അമിത്ഷാ പറയുന്നത്. കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അതിശക്തമായി പറഞ്ഞിട്ടുണ്ട്. ഈ നിലയിലേക്കുള്ള ശക്തമായ നിലപാടെടുക്കാൻ ലീഗിനോ യു.ഡി.എഫിനോ കഴിഞ്ഞിട്ടില്ല. ഫാസിസത്തിനെതിരായ പോരാട്ടം വോട്ട് കിട്ടാനുള്ള വിദ്യ മാത്രമാക്കിയപ്പോൾ ഇടതുപക്ഷത്തിനിത് രാഷ്ട്രീയ നിലപാടാണ്. ഇതിനൊപ്പം ജനം നിൽക്കും. സംസ്ഥാന സർക്കാരിന്റെ വികസനത്തിന് തീർച്ചയായും വോട്ട് കിട്ടും.


നിയമസഭ,​ ലോക്‌സഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ്.​ നിയമസഭ മണ്ഡലങ്ങളിൽ ലീഗിന് ആധിപത്യമുണ്ട്. ലോക്‌സഭയിലേക്കുള്ള വോട്ടുകളും ഈ ഒഴുക്കിനൊപ്പമാവുമോ?

ഇത്തരമൊരു ആശങ്കയില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കിട്ടിയ ഭൂരിപക്ഷം ഒരുമണ്ഡലത്തിലും കിട്ടുമോയെന്നതിൽ ലീഗിന് തന്നെ സംശയമുണ്ട്. മികച്ച സ്ഥാനാർത്ഥികളെയാണ് ഇടതുപക്ഷം രംഗത്തിറക്കിയിട്ടുള്ളത്. ജനം കൃത്യമായ രാഷ്ട്രീയ നിലപാടുള്ളവരാണ്. മലപ്പുറം ലോക്ഭ മണ്ഡലത്തിന് കീഴിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും മികച്ച മുന്നേറ്റമുണ്ടാവും. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പാറ്റേണിലാവില്ല ജനം വോട്ട് ചെയ്യുക.