dddddddddddd
എ.പി. അബ്ദുള്ളക്കുട്ടി

ബി.ജെ.പിയുടെ കേരളത്തിലെ ന്യൂനപക്ഷ മുഖവും അഖിലേന്ത്യാ വൈസ് പ്രസിഡന്റും മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ എ.പി.അബ്ദുള്ളക്കുട്ടി നിലപാട് വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ചു

തീർത്തും അപ്രതീക്ഷിതമായാണ് മലപ്പുറത്ത് ലോക്‌സഭ തിരഞ്ഞെടുപ്പുണ്ടായത്. കുഞ്ഞാലിക്കുട്ടിയുടെ കുടുസ്സായ രാഷ്ട്രീയ നിലപാടാണിതിന് കാരണം. നിയമസഭ,​ ലോകസഭാംഗത്വങ്ങൾ രാജിവച്ചത് എന്തിനായിരുന്നു എന്ന് വ്യക്തമാക്കണം. തിരഞ്ഞെടുപ്പ് ചെലവുകൾ കുഞ്ഞാലിക്കുട്ടിയുടെ കുടുംബത്തിൽ നിന്ന് ഈടാക്കണം എന്നതടക്കമുള്ള വികാരങ്ങൾ ഈ അനാവശ്യ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുണ്ട്. ഇത് എൻ.ഡി.എയ്ക്ക് അനുകൂലമാവും. കാർഷിക, വ്യാവസായിക,​ തൊഴിൽ രംഗങ്ങളിൽ കേരളംവലിയ തകർച്ചയിലാണ്. ഹർത്താലും നോക്കുകൂലിയും അക്രമരാഷ്ട്രീയവും മൂലം കേരളം വ്യവസായിക സൗഹൃദമല്ലാതെ പോയി. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയർന്നുനിൽക്കുന്നതും കേരളത്തിലാണ്. പ്രവാസികളുടെ തണലിലാണ് ഇപ്പോൾ അൽപ്പമെങ്കിലും മുന്നോട്ടുപോവുന്നത്. എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങളുടെ രാഷ്ട്രീയ മനസ്സ് മാത്രമല്ല, വികസനവും മുരടിപ്പിച്ചിട്ടുണ്ട്. ഇതിന് മലപ്പുറം മാറ്റം കുറിക്കും.

മലപ്പുറം മാറിചിന്തിക്കും

തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി തോറ്റിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയും തോറ്റിട്ടുണ്ട്. കണ്ണൂരിൽ ഞാൻ മുല്ലപ്പള്ളി രാമചന്ദ്രനെയും തോൽപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ വോട്ടും ഭൂരിപക്ഷവുമൊന്നും ആർക്കും കണക്കുകൂട്ടാനാവില്ല. ഏറ്റവും വലിയ ശക്തി ജനങ്ങളും സർവശക്തനുമാണ്. ഇതു രണ്ടും കൂടി ചേർന്നാൽ പല മാറ്റങ്ങളുമുണ്ടാവും. മലപ്പുറത്ത് ബി.ജെ.പി വിരുദ്ധത കുറഞ്ഞുവരികയാണ്. മോദിക്കൊപ്പം കേരളമെന്ന മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഈ പ്രതീക്ഷയിലാണ് ഞാൻ മലപ്പുറത്ത് മത്സരത്തിനിറങ്ങിയത്. മോദിയുടെ പിന്തുണയോടെ മലപ്പുറത്തിന്റെ സമഗ്ര പുരോഗതിയുണ്ടാക്കാം. മലപ്പുറം നഗരത്തെ സ്മാർട്ട് നഗരമാക്കാം.

ആരെയും പ്രീണിപ്പിക്കില്ല


ന്യൂനപക്ഷ സമുദായത്തെ വോട്ടുകുത്തി യന്ത്രങ്ങളാക്കി മാറ്റുകയാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ചെയ്തിട്ടുള്ളത്. ഈ പ്രീണന രാഷ്ട്രീയത്തിന് പകരം എല്ലാവരെയും ഒരുപോലെ കാണുന്ന രാഷ്ട്രീയം ഇന്ന് ഇന്ത്യയിലുണ്ട്. മോദി 11 കോടി പേർക്ക് ടോയ്‌ലറ്റും 13 കോടി പേർക്ക് സൗജന്യ ഗ്യാസും കൊടുത്തതും മതവും ജാതിയും നോക്കിയോ പ്രീണിപ്പിച്ചോ അല്ല.

മാഹിയിൽ അഞ്ച് രൂപ ലാഭം

കണ്ണൂരിൽ നിന്ന് മലപ്പുറത്തേക്ക് വരുമ്പോൾ ഞാൻ പെട്രോളടിച്ചത് പിണറായിയുടെ നാട്ടിൽ നിന്നല്ല. മാഹിയിലെ കേന്ദ്രഭരണ പ്രദേശത്ത് നിന്നാണ്. ഒരുലിറ്റർ ഡീസലിന് അഞ്ച് രൂപ കുറവാണവിടം. ബി.ജെ.പി ഭരിക്കുന്ന കർണ്ണാടകയിലും കുറവാണ്. പെട്രോൾ വില വർദ്ധനവിൽ പുതിയ ചർച്ച സംഘടിപ്പിച്ചാൽ തോമസ് ഐസകും പിണറായിയുമാവും പ്രതികൾ. കോൺഗ്രസ് പറഞ്ഞതുപോലെ പെട്രോൾ വില വർദ്ധനവ് ആഗോളപ്രതിഭാസമാണെന്ന് പറഞ്ഞ് ഒഴിയില്ല. ഈ പ്രശ്നം പരിഹരിക്കുന്നത് പെട്രോളിയത്തിനെയും ഡീസലിനെയും ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ എതിർത്തത് പിണറായി,​ മമതാ സർക്കാരുകളാണ്. ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ സംസ്ഥാനത്തിന്റെ കൊള്ള നികുതിയിലും കേന്ദ്ര നികുതിയിലും മാറ്റംവരുത്താനാവും. ന്യായ വിലയ്ക്ക് നൽകാനാവും. കേരളത്തിന്റെ നികുതിയാണ് കൂടുതൽ, കേന്ദ്രത്തിന്റേത് അത്രത്തോളമില്ല. പെട്രോളിയത്തെ മാത്രം ആശ്രയിച്ചാവരുത് മുന്നോട്ടുപോക്ക്. കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വരണം. പാചകവാതകത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും കാര്യത്തിൽ മോദിക്ക് പുതിയ കാഴ്ച്ചപ്പാടാണുള്ളത്. നേരത്തെ അംബാനിക്ക് വരെ ഗ്യാസ് സബ്സിഡി നൽകിയിരുന്നു. അതിസമ്പന്നരെ ഒഴിവാക്കി പാവപ്പെട്ടവർക്ക് സൗജന്യമായി കൊടുക്കുകയാണിപ്പോൾ.


തീവ്രവാദത്തോട് സന്ധിയില്ല

കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേകിച്ചും മലബാറിൽ ഭീകരവാദ ഗ്രൂപ്പുകൾ സജീവമാണ്. ഐസിസിലേക്ക് ഏറ്റവും കൂടുതൽ പേർ പോയത് കണ്ണൂരിൽ നിന്നാണ്. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് ദേശസ്‌നേഹ പ്രചോദിതമായ നിലപാടുകളെടുക്കുന്ന പ്രസ്ഥാനമാണ് ബി.ജെ.പി. ഈ വിധത്തിൽ തീവ്രവാദികളെയും മറ്റും ശക്തമായ ഭാഷയിൽ വിമർശിക്കുമ്പോൾ തന്നെ മലപ്പുറത്തെ മഹാഭൂരിപക്ഷം ജനങ്ങളെ കുറിച്ച് ബി.ജെ.പിയുടെ അഭിപ്രായം ഏറ്റവും നല്ലവരായ ആളുകളാണെന്നാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ തീവ്രഗ്രൂപ്പുകളോട് യാതൊരു സന്ധിക്കും ബി.ജെ.പിയില്ല.