@11ൽ അഞ്ചും സ്വതന്ത്രർ
@2 ലീഗും 2 കോൺഗ്രസും

മലപ്പുറം: മുസ്ലീം ലീഗിന്റെ കോട്ടകളിൽ വിള്ളലുണ്ടാക്കാൻ ലക്ഷ്യമിട്ട് മലപ്പുറത്തെ സി.പി.എമ്മിന്റെ 11 സീറ്റുകളിൽ അഞ്ചിടത്തും സ്വതന്ത്ര സ്ഥാനാർത്ഥികൾ. ആറിടത്താണ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. സംസ്ഥാനത്തെ സി.പി.എമ്മിന്റെ ഒമ്പത് സ്വതന്ത്രരിൽ അഞ്ചു പേരും മലപ്പുറത്താണ്. ഇവരിൽ രണ്ടു പേർ മുൻ മുസ്ലീം ലീഗുകാരും രണ്ടു പേർ മുൻ കോൺഗ്രസുകാരുമാണ്.

പെരിന്തൽമണ്ണയിൽ മത്സരിക്കുന്ന കെ.പി.മുഹമ്മദ് മുസ്തഫ മലപ്പുറം മുനിസിപ്പാലിറ്റിയിലെ ലീഗിന്റെ മുൻ ചെയർമാനാണ്. പാർട്ടി ചിഹ്നത്തിൽ വണ്ടൂരിൽ മത്സരിക്കുന്ന പി.മിഥുന ലീഗിന്റെ മുൻ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും. 2015ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന റെക്കാഡ് മിഥുനയ്‌ക്കായിരുന്നു. ഇരുവരുമാണ് പുതുതായെത്തിയ ലീഗുകാർ. തവനൂരിൽ മൂന്നാംവട്ടവും ജനവിധി തേടുന്ന മന്ത്രി കെ.ടി.ജലീൽ യൂത്ത് ലീഗിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.

മുൻ കോൺഗ്രസുകാരും എം.എൽ.എമാരുമായ പി.വി.അൻവ‌ർ നിലമ്പൂരിലും വി.അബ്ദുറഹിമാൻ താനൂരിലും വീണ്ടും ഇടതു സ്വതന്ത്രരായി അങ്കത്തട്ടിലുണ്ട്. കൊണ്ടോട്ടിയിൽ വ്യവസായി കാട്ടിപ്പരുത്തി സുലൈമാൻ ഇടതുസ്വതന്ത്രനായി മത്സരിക്കുന്നു. കഴിഞ്ഞ തവണ തിരൂരിൽ സ്വതന്ത്രനായിരുന്ന ഗഫൂ‌ർ പി.ലില്ലീസ് ഇത്തവണ പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
സി.പി.ഐയുടെ മൂന്ന് സ്ഥാനാർത്ഥികളിൽ ഒരാളും സ്വതന്ത്രനാണ് - ഏറനാട്ടിൽ എ.പി.സുന്നി വിഭാഗത്തോട് അടുപ്പമുള്ള കെ.ടി.അബ്ദുറഹ്‌മാൻ. സി.പി.ഐയുടെ രണ്ട് പാർട്ടി സ്ഥാനാ‌ർത്ഥികളിൽ മഞ്ചേരിയിൽ മത്സരിക്കുന്ന പി.അബ്ദുൾ നാസ‌ർ 2015ൽ ലീഗിൽ നിന്ന് രാജിവച്ചതാണ്. ഫലത്തിൽ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും 14 സീറ്റുകളിൽ ആറിടത്തും സ്വതന്ത്രരാണ്. സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണത്തിലൂടെ 2016ൽ മലപ്പുറത്ത് നാല് സീറ്റുകളെന്ന ചരിത്രവിജയം ആവ‌ർത്തിക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം.

@സി. പി. എം ചിഹ്നത്തിൽ മത്സരിക്കുന്നവർ

പൊന്നാനി -പി. നന്ദകുമാർ,​ തിരൂർ- ഗഫൂ‌ർ പി.ലില്ലീസ്,​ മങ്കട-ടി.കെ.റഷീദലി,​ വേങ്ങര- പി.ജിജി,​ മലപ്പുറം- പാലോളി അബ്ദുറഹിമാൻ,​ വണ്ടൂർ - പി മിഥുന