ffff
മിഥുന

മലപ്പുറം: വണ്ടൂരിൽ കോൺഗ്രസിന്റെ എ.പി.അനിൽകുമാറിനെതിരെ സി.പി.എം മത്സര രംഗത്തിറക്കുന്നത് മുസ്‌ലിം ലീഗിനെ ഏറെ വെള്ളം കുടിപ്പിച്ച മുൻ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മിഥുനയെ. പട്ടികജാതി സംവരണ സീറ്റാണ് വണ്ടൂർ.സി.പി.എം ചിഹ്നത്തിലാണ് 28കാരിയായ മിഥുനയുടെ നിയമസഭയിലേക്കുള്ള കന്നിയങ്കം. 2015ൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേൽക്കുമ്പോൾ മിഥുനയ്ക്ക് 22 വയസ്സായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന റെക്കാഡ് മിഥുനയ്ക്കായിരുന്നു. 2015ൽ യു.ഡി.എഫിന് 11ഉും എൽ.ഡി.എഫിന് പത്തും സീറ്റുകൾ വീതമാണ് ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായതിനാൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായി കോഴിപ്പുറം വാർഡിൽ നിന്ന് വിജയിച്ച മിഥുന എതിരില്ലാതെ തിര‍ഞ്ഞെടുക്കപ്പെട്ടു.
ആദ്യത്തെ രണ്ട് വർഷം മിഥുനയുടെ നേതൃത്വത്തിൽ യു.ഡി.എഫ് യാതൊരു പ്രശ്നവുമില്ലാതെ ഭരണസമിതി മുന്നോട്ടുപോയി. ഇതിനുശേഷം ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് മിഥുന ഇടതുപക്ഷത്തോട് അനുഭാവം പുലർത്താൻ തുടങ്ങി. ലീഗിന്റെ വിലക്ക് മറികടന്ന് മന്ത്രി കെ.ടി.ജലീലിനൊപ്പം കരിപ്പൂരിൽ കുടിവെള്ള പദ്ധതിയുടെ വേദിയും പങ്കിട്ടു. നിയമന വിവാദത്തിൽ കുടുങ്ങി മുസ്‌ലിം ലീഗ് കെ.ടി.ജലീലിനെ ബഹിഷ്‌ക്കരിക്കുന്ന കാലമായിരുന്നു അത്. മിഥുനയെ ലീഗിൽ നിന്ന് സസ്‌പെന്റ് ചെയ്തു. ഇതോടെ ഇടതുപക്ഷ മെമ്പർമാരോടൊപ്പം മിഥുന പരസ്യമായി പ്രവർത്തിക്കുവാൻ തുടങ്ങി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും 11 വീതമെന്ന സാഹചര്യമായതോടെ യു.ഡി.എഫിന് ഭരണസമിതിയുടെ പല തീരുമാനങ്ങളും നടപ്പാക്കാൻ കഴിയാതെയായി. ഇടത് മെമ്പർമാരുടെ തീരുമാനങ്ങളെ കാസ്റ്റിംഗ് വോട്ടുപയോഗിച്ച് മിഥുന പിന്താങ്ങുകയും ചെയ്തതോടെ യു.ഡി.എഫ് തീർത്തും പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ‍ തദ്ദേശ തിരഞ്ഞെടുപ്പിൽ മിഥുന മത്സരിച്ചിരുന്നില്ല. നിയമസഭയിലേക്ക് പരിഗണിക്കുന്നെന്ന പ്രചാരണവും ഉയർന്നിരുന്നു. എം.എ,. ബി.എഡ് ബിരുദധാരിയാണ്. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ കോഴിപ്പുറത്ത് താമസിക്കുന്ന മിഥുന അവിവാഹിതയാണ്.