പൊന്നാനി: സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച പാർട്ടി തീരുമാനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത് തെറ്റായ രീതിയാണെന്നും ഇത് തിരുത്താൻ നടപടികളുണ്ടാവുമെന്നും നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. പ്രതിഷേധിച്ചവർ പാർട്ടിയുടെ ശത്രുക്കളല്ല. വഴി വിട്ട നീക്കവും വൈകാരിക ഇടപെടലുമാണ് പ്രതിഷേധക്കാരിൽ നിന്നുണ്ടായത്. ഇവരെ തിരുത്തി കൂടെ നിറുത്തി മുന്നോട്ടു പോകാൻ പാർട്ടിക്ക് ശേഷിയുണ്ട്. പ്രതിഷേധങ്ങൾ നിർഭാഗ്യകരമായിരുന്നു. ഇത് മുന്നണിയുടെ വിജയത്തെ ബാധിക്കില്ല. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് .നിലവിലെ സാഹചര്യത്തെ അതിജീവിക്കാനുള്ള ശേഷി പാർട്ടിക്കുണ്ട്. നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തുമെന്ന ലെനിന്റെ പ്രശസ്ത വാക്യം പ്രതിഷേധക്കാർ ഉപയോഗിച്ചത് യോജിച്ച സന്ദർഭത്തിലല്ല. വ്യക്തി താത്പര്യങ്ങൾ പാർട്ടിക്ക് കീഴ്പ്പെടുകയെന്നതാണ് കമ്മ്യൂണിസ്റ്റ് രീതി. പി നന്ദകുമാർ തന്റെ നോമിനിയാണെന്ന് പറയുന്നത് അസംബന്ധമാണ്. 1966ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗ്രൂപ്പിൽ അംഗമായ നന്ദകുമാറിനെ 1967ൽ ജനിച്ച താൻ നോമിനേറ്റ് ചെയ്യുകയെന്നത് ഏറ്റവും വലിയ തെറ്റിദ്ധരിപ്പിക്കലാണ്.തുടർച്ചയായി രണ്ടു തവണ മത്സരിച്ചവരെ മാറ്റിനിറുത്താനുള്ള തീരുമാനം മികച്ചതാണ്. ഇതിനോട് യോജിക്കുന്നു. ഒഴിയാനുള്ള സന്നദ്ധത നേരത്തെ അറിയിച്ചിരുന്നുവെന്നും സ്പീക്കർ പറഞ്ഞു.