ഏറനാട്ടെ സി.പി.ഐ സ്ഥാനാർത്ഥി കെ.ടി. അബ്ദുറഹ്മാൻ കന്നിയങ്കത്തിനൊരുങ്ങുകയാണ്. ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ തെഞ്ചേരി സ്വദേശിയാണ് ഇദ്ദേഹം. കോഴിക്കോട് വെള്ളിമാടുകുന്ന് ജെ. ഡി. ടി ഇസ്ലാം പോളിടെക്നിക്കില്‍ നിന്ന് സിവില്‍ എന്‍ജിനിയര്‍ ഡിപ്ലോമയെടുത്ത അദ്ദേഹം 34 വര്‍ഷം പൊതുമരാമത്ത് വകുപ്പില്‍ എൻജിനീയറായി ജോലി ചെയ്തു.
രാഷ്ട്രീയ പശ്ചാത്തലം?
പഠനം പൂർത്തിയാക്കി വൈകാതെ ജോലിയില്‍ പ്രവേശിച്ചു. മുക്കം ഐ.ടി.സിയില്‍ അദ്ധ്യാപകനായി. പിന്നീട് സര്‍ക്കാര്‍ സര്‍വീസിലെത്തി. എംഎസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിലെ തുടക്കം. ഹസ്സന് മുഹമ്മദ് കുരുക്കളാണ് രാഷ്ട്രീയ ഗുരു.ഞാനാരാണെന്ന് ആളുകളെ അറിയിക്കാൻ കൂടെയുള്ള ഒരു തിരഞ്ഞെടുപ്പായാണ് കാണുന്നത്.
വിജയപ്രതീക്ഷ എത്രത്തോളമാണ്?
അത് ജനം തീരുമാനിക്കേണ്ടതാണ്.ജനങ്ങളെ സേവിക്കുക എന്നതാണ് എന്റെ ലക്ഷ്യം. പ്രളയവും കൊവിഡുമൊക്കെ വന്നപ്പോൾ കേരളത്തിലെ പൊതുവിതരണ സമ്പ്റദായത്തെ എങ്ങനെ ജീവസുറ്റതാക്കാമെന്ന് മുഖ്യമന്ത്റിയും സഹമന്ത്റിമാരും കാണിച്ചു തന്നു. ആരോഗ്യരംഗത്തും വലിയ നേട്ടം കൈവരിച്ചു .
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രതികൂലമാവുമോ?
തുടക്കത്തിൽ മാദ്ധ്യമങ്ങൾ ആഘോഷിച്ചു എന്നതിനപ്പുറത്തേക്ക് ആരോപണങ്ങളിൽ കഴമ്പില്ല. മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന പുസ്തകമാണ്. ജനങ്ങള്‍ക്കറിയാം പ്രളയത്തില്‍ കിട്ടിയ കിറ്റുകള്‍ ഒക്കെ ആരുടേതാണെന്ന്. ഈ കിറ്റുമായി പോകുമ്പോള്‍ അവർ അറിയാതെ പറയുന്നുണ്ടാവും പിണറായി വിജയന് സിന്ദാബാദ് എന്ന്. അത്രത്തോളം ജനങ്ങളുടെ മനസിലേക്കെത്തിയിട്ടുണ്ട്   സർക്കാർ. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ സര്‍ക്കാരാണ് നമ്മുടേത് .
യു. ഷറഫലി മാറിയത് എങ്ങനെ?
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. ഷറഫലി രാജ്യമറിയുന്ന പ്രഗത്ഭ വ്യക്തിത്വമാണ്. അതിനാൽ അദ്ദേഹത്തിന്റെ അസൗകര്യം ചിലപ്പോള്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടാവാം. എന്റെ സ്ഥാനാര്‍ത്ഥിത്വം ഞാനും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. 32 വര്‍ഷമായി രാഷ്ട്രീയത്തിലുള്ള എന്റെ നിലപാടുകള്‍ പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ടാവും. ഞാന്‍ ഒരു മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനാണ്. ജനങ്ങളുടെ ക്ഷേമവും ദുഃഖങ്ങളും എല്ലാം അവരിലൊരാൾ എന്ന നിലയില്‍ ഞാന്‍ ഏറ്റെടുക്കും. 
മതസംഘടനകളുമായുള്ള ബന്ധം?
എനിക്ക് ഒരു സംഘടനയിലും ഭാരവാഹിത്വമില്ല. എല്ലാതരം സേവന സംഘടനകളോടും ഇഴകിച്ചേര്‍ന്ന് നില്‍ക്കുന്നയാളാണ്. ഇടതുപക്ഷ നേതാക്കളുമായി നല്ല ബന്ധമുണ്ട്.
വികസന പ്രശ്നങ്ങളെന്തൊക്കെയാണ്?
വികസനരംഗത്ത് പോരായ്മകളുണ്ട് എന്നൊന്നും പറയുന്നില്ല. .ജനസംഖ്യാ ആനുപാതികമായിട്ടുള്ള വിഹിതം കിട്ടണം. പൊതുമരാമത്ത് വകുപ്പ് അല്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവയിൽ നിന്നുള്ളത് മാത്രം പോര. എല്ലാ മേഖലകളില്‍ നിന്നുമുള്ള സേവനങ്ങളും ജനങ്ങള്‍ക്ക് കിട്ടണം. അത് ലഭ്യമാക്കാനുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്. അരീക്കോട് താലൂക്ക് ആശുപത്രിയുടെ സ്ഥിതിയെടുക്കുക. ആശുപത്രിയുടെ വികസനത്തിനായുള്ള നിരവധി മാർച്ചുകളിൽ പങ്കെടുത്തയാളാണ് ഞാൻ. നിലവിൽ അവിടെ എന്തുണ്ട്. മള്‍ട്ടി സ്പെഷ്യാലിറ്റി സംവിധാനമുള്ള ആശുപത്രിയാക്കി ഏറനാട്ടിലെ മറ്റു ആശുപത്രികളെയും മാറ്റണം.മറ്റു മണ്ഡലങ്ങളിലെ ആശുപത്രികളിലെ സൗകര്യങ്ങൾ അനുഭവിച്ചാൽ പോര. വളരെ പാവപ്പെട്ടവരും ആദിവാസികളും താമസിക്കുന്ന മണ്ഡലമാണിത്. അവർക്കും മെച്ചപ്പെട്ട ജീവിത സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്. അതിനായി അവരെയും ഉള്‍ക്കൊള്ളിച്ചുള്ള ക്ലസ്റ്ററുകള്‍ രൂപവത്കരിക്കണം.
തദ്ദേശതിരഞ്ഞെടുപ്പിലെഫലം നൽകുന്ന സൂചനകളെന്തെല്ലാം?
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രീതി വേറെയാണ്. പഞ്ചായത്തിലെ വികസനപ്രവര്‍ത്തനങ്ങളുടെ രീതിയില്‍ ചില വോട്ടിംഗ് പാറ്റേണുകള്‍ വന്നേക്കാം.
പ്രചാരണ പ്രവർത്തനങ്ങൾ എങ്ങനെ?
പ്രചാരണരംഗത്തേക്ക് ഇറങ്ങുകയാണ്. ഈ മണ്ഡലത്തിലെ എല്ലാവരിലേക്കും ഇറങ്ങിച്ചെന്ന് വോട്ടഭ്യർത്ഥിക്കും . നാടിന്റെ വികസനം മാത്രം ലക്ഷ്യം വച്ച് അവരിലൊരാളായി പ്രവർത്തിക്കും. ദാര്ഷ്ട്യമോ അഹങ്കാരമോ കാണിക്കാതെ ആളുകളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കും