
മലപ്പുറം: ഖനന വ്യവസായവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തോളമായി ആഫ്രിക്കൻ രാജ്യമായ സിയാറ ലിയോണിലായിരുന്ന നിലമ്പൂർ എം.എൽ.എ പി.വി.അൻവർ ഇന്നലെ ഉച്ചയോടെ കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തി. എൽ.എൽ.എയെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകർ വിമാനത്താവളത്തിൽ തടിച്ചുകൂടി. കാറിൽ കയറുംമുമ്പെ അണികൾ അൻവറിനെ പൊതിഞ്ഞതോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനായില്ല. തുടർന്ന് കാറിൽ കയറിയാണ് അൻവർ സ്വീകരണം ഏറ്റുവാങ്ങിയത്.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് അൻവറിനെ നിലമ്പൂർ മണ്ഡലത്തിലേക്ക് പ്രവർത്തകർ സ്വീകരിച്ചത്. ഒരാഴ്ചത്തെ ക്വാറന്റൈനിന് ശേഷമേ പ്രചാരണത്തിന് ഇറങ്ങാനാവൂ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസമാണ് അൻവർ വിദേശത്തേക്ക് പോയത്. അൻവറിനെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പൊലീസിന് പരാതി നൽകിയിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഘാനയിലെ ജയിലിലാണെന്ന പ്രചാരണവുമുണ്ടായി. ഘാന പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിൽ അൻവറിനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് മലയാളികൾ കൂട്ടത്തോടെ പോസ്റ്റുകളിട്ടത് വാർത്തയായിരുന്നു. അൻവർ എവിടെയാണെന്നതിൽ വ്യക്തമായ ഉത്തരമേകാൻ സി.പി.എം ജില്ലാ നേതൃത്വത്തിനുമായില്ല. അസാന്നിദ്ധ്യം വിവാദമായതോടെ താൻ ആഫ്രിക്കയിലെ സിയാറ ലിയോണിലുണ്ടെന്ന് കാണിച്ച് അൻവർ ഫേസ്ബുക്കിലൂടെ രംഗത്തുവന്നു. 25,000 കോടി രൂപയുടെ സ്വർണ-വജ്ര ഖനന പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്നും ഒരുവർഷം കൊണ്ട് പദ്ധതി യാഥാർത്ഥ്യമാവുമെന്നും മലയാളികളടക്കം 20,000 പേർക്ക് തൊഴിൽ നൽകുമെന്നും പിന്നീട് അൻവർ ഫേസ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞിരുന്നു.
നിലമ്പൂരുകാരോട് നന്ദിയുണ്ട്. വൈകാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും. എല്ലാ ആരോപണങ്ങൾക്കും മറുപടി തിരഞ്ഞെടുപ്പിലൂടെ നൽകും.
-പി.വി. അൻവർ