muslim-league-demands-thi

മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ഇന്ന് വൈകിട്ട് നാലിന് പാണക്കാട്ട് പ്രഖ്യാപിക്കും. നിയമസഭയ്ക്കൊപ്പം മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെയും പ്രഖ്യാപിക്കും. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിലാണ് തീരുമാനം. വ്യാഴാഴ്ച സ്ഥാനാ‌ർത്ഥികളെ പ്രഖ്യാപിക്കാനായിരുന്നു ലീഗ് ലക്ഷ്യമിട്ടതെങ്കിലും അധികമായി കിട്ടുന്ന സീറ്റുകളുടെ കാര്യത്തിലെ അവ്യക്തതയാണ് പ്രഖ്യാപനം നീളാൻ കാരണം. മൂന്ന് സീറ്റുകളിൽ കൂത്തുപറമ്പിനും പേരാമ്പ്രയ്ക്കും പുറമെ പട്ടാമ്പി കൂടി വേണമെന്ന ലീഗിന്റെ ആവശ്യം കോൺഗ്രസ് അംഗീകരിച്ചിട്ടില്ല. പട്ടാമ്പി ലഭിച്ചില്ലെങ്കിൽ കോഴിക്കോട് ജില്ലയിൽ മറ്റൊരു സീറ്റെന്ന ആവശ്യവും ലീഗുയർത്തിയിട്ടുണ്ട്. പാലക്കാട്ടെ സംവരണ മണ്ഡലമായ കോങ്ങാട് നൽകാമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ടെങ്കിലും വിജയസാദ്ധ്യതയില്ലാത്ത മണ്ഡലം ഏറ്റെടുക്കരുതെന്നാണ് ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നിലപാട്.

കെ.പി.എ. മജീദും പി.വി.അബ്ദുൾ വഹാബും മത്സരിക്കുന്നതിൽ അവസാന നിമിഷവും സമവായമുണ്ടാക്കാനായില്ല. ഒരാളെ രാജ്യസഭയിലേക്ക് പരിഗണിക്കും. മഞ്ചേരിയിൽ മത്സരിക്കാനാണ് വഹാബിന് താത്പര്യം. ലോക്‌സഭയിലേക്ക് അബ്ദുസമദ് സമദാനി മത്സരിച്ചേക്കും. ഏറനാട്, കൊണ്ടോട്ടി, വള്ളിക്കുന്ന്, കോട്ടയ്ക്കൽ, കുറ്റ്യാടി മണ്ഡലങ്ങളിൽ സിറ്റിംഗ് എം.എൽ.എമാർ തുടരും. എം.കെ.മുനീർ കൊടുവള്ളിയിലും പി.കെ.കുഞ്ഞാലിക്കുട്ടി വേങ്ങരയിലും മത്സരിക്കും. കെ.എം.ഷാജിയെ അഴീക്കോട്, കളമശ്ശേരി, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ പരിഗണിക്കുന്നുണ്ട്. കളമശ്ശേരിയിൽ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഷാജിക്കല്ലാതെ അഴീക്കോട് മറ്റാർക്കും വിജയസാദ്ധ്യതയില്ലെന്ന് കാണിച്ച് മണ്ഡലം ഭാരവാഹികൾ ഇന്നലെ പാണക്കാട് തങ്ങളെ കണ്ടിരുന്നു.