മലപ്പുറം: യു.ഡി.എഫ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുന്നതോടെ ജില്ലയിലെ അങ്കത്തട്ടിന്റെ ചിത്രം വ്യക്തമാവും. നിയമസഭയ്‌ക്കൊപ്പം മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് കൂടി നടക്കുന്നതിനാൽ പോരാട്ടച്ചൂടിന് വീറുംവാശിയുമേറും. യു.ഡി.എഫിൽ 16 സീറ്റുകളിൽ പന്ത്രണ്ടിടത്ത് ലീഗും നാലിടത്ത് കോൺഗ്രസുമാണ് മത്സരിക്കുന്നത്. ലീഗ് സ്ഥാനാർത്ഥികളെ ഇന്ന് വൈകിട്ട് നാലിന് പാണക്കാട് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കും. വിവിധ ജില്ലകളിൽ ഏഴോളം മണ്ഡലങ്ങളിൽ അവസാന നിമിഷവും ഒന്നിലധികം പേർ പരിഗണനയിലുണ്ട്. സീറ്റുകൾ മാറണമെന്ന സിറ്റിംഗ് എം.എൽ.എമാരുടെ ആവശ്യവും അധിക സീറ്റുകൾ ഏതെല്ലാം എന്നതിലെ അവ്യക്തതയുമാണ് ഒന്നിലധികം പേരെ ഉൾപ്പെടുത്താൻ കാരണം. ഉച്ചയ്ക്ക് മുമ്പായി അന്തിമ ധാരണ ഉണ്ടാക്കിയ ശേഷമാവും സ്ഥാനാർത്ഥി പ്രഖ്യാപനം. വനിതാ സ്ഥാനാർത്ഥിയുടെ ചിത്രവും ഇതുവരെ വ്യക്തമായിട്ടില്ല. അധിക സീറ്റ് ലഭിച്ചാൽ പരിഗണിക്കാമെന്ന തരത്തിലാണ് ഇന്നലെ ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന പാർലമെന്ററി സമിതി യോഗം പിരിഞ്ഞത്.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ദേശീയ ട്രഷറർ പി.വി.അബ്ദുൾ വഹാബ് എന്നിവർ മത്സരിക്കുമോ എന്നതിൽ അവസാന നിമിഷവും തീരുമാനമായിട്ടില്ല. രണ്ടിൽ ഒരാൾ മാത്രമാവും മത്സരിക്കുക. മഞ്ചേരിയിൽ മത്സരിക്കാനാണ് വഹാബിന് താത്പര്യം. കെ.പി.എ മജീദിനെ രാജ്യസഭയിലേക്ക് പരിഗണിക്കാനും സാദ്ധ്യതയുണ്ട്. ഇതു തിരിച്ചും സംഭവിച്ചേക്കാം. വേങ്ങരയിൽ പി.കെ.കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കും. ഒന്നിലധികം മണ്ഡലങ്ങളിൽ യു.എ.ലത്തീഫ്, പി.വി.അബ്ദുൽ വഹാബ്, പി.കെ.ബഷീർ എന്നിവരുടെ പേരുകളുയർന്നിട്ടുണ്ട്. പെരിന്തൽമണ്ണയിൽ കെ.എം.ഷാജി മത്സരിക്കണമെന്ന ആവശ്യം പ്രാദേശിക നേതൃത്വം ഉയർത്തിയിട്ടുണ്ടെങ്കിലും ഷാജി അഴീക്കോട് തന്നെ തുടർന്നേക്കും. കളമശ്ശേരിയിൽ മത്സരിക്കാനും ഷാജി താത്പര്യം അറിയിച്ചിട്ടുണ്ട്. കൊണ്ടോട്ടിയിൽ ടി.വി.ഇബ്രാഹീം, വള്ളിക്കുന്ന് - പി.അബ്ദുൾ ഹമീദ്, കോട്ടയ്ക്കൽ- ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ സിറ്റിംഗ് മണ്ഡലത്തിൽ തന്നെ മത്സരിക്കും. വഹാബ് മത്സരരംഗത്തില്ലെങ്കിൽ ഏറനാട്ടിൽ പി.കെ.ബഷീറും തുടരും. മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽ അവസാന നിമിഷവും എ.പി.അബ്ദുസമദ് സമദാനിയും എൻ.ഷംസുദ്ദീനുമാണ് ഇടംപിടിച്ചിട്ടുള്ളത്. സമദാനിക്കാണ് മുൻതൂക്കം. അധിക സീറ്റ് സംബന്ധിച്ച് കോൺഗ്രസുമായുള്ള തർക്കവും ഒരേ മണ്ഡലത്തിൽ ഒന്നിലധികം പേർ പിടിമുറുക്കിയതും പതിവിൽ നിന്ന് വിഭിന്നമായി ലീഗ് സ്ഥാനാത്ഥികളെ പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചു.
കോൺഗ്രസ് സ്ഥാനാർത്ഥികളെയും ഇന്ന് വൈകിട്ട് പ്രഖ്യാപിച്ചേക്കും.വണ്ടൂർ - എ.പി.അനിൽകുമാർ, നിലമ്പൂർ- വി.വി.പ്രകാശ്, പൊന്നാനിയിൽ എ.എം രോഹിത് എന്നിവരാണ് അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. തവനൂരിൽ ഫിറോസ് കുന്നുംപറമ്പിലിനെ കൊണ്ടുവരാനാണ് അവസാന നിമിഷവും ശ്രമിക്കുന്നത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ഇതിനകം തന്നെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങി. മണ്ഡലത്തിലെ പ്രമുഖരെ കണ്ട് പിന്തുണ അഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്ന സ്ഥാനാർത്ഥികൾ ഇന്നുമുതൽ മണ്ഡല പര്യടനം തുടങ്ങും. പെരിന്തൽമണ്ണയിലടക്കം ചിലയിടങ്ങളിൽ റോഡ് ഷോയും അരങ്ങേറി. ഇന്ന് മണ്ഡലംതല കൺവെൻഷനുകൾ നടക്കും. മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി സാനു ഇന്നലെ മങ്കട മണ്ഡലത്തിൽ പര്യടനം നടത്തി. എസ്.എഫ്.ഐയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തു. വൈകിട്ട് മലപ്പുറം ലോക്‌സഭ, നിയമസഭ മണ്ഡലം കൺവെഷനും നടന്നു. മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷനുമായ എ.പി.അബ്ദുള്ളക്കുട്ടി കണ്ണൂരിൽ നിന്ന് മലപ്പുറത്തെത്തി പ്രചാരണത്തിന് തുടക്കമിട്ടിട്ടുണ്ട്.