പൊന്നാനി: സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ പ്രതിഷേധങ്ങളെ അനുനയിപ്പിച്ചും പൊന്നാനിയിലെ വിജയസാദ്ധ്യതകളെ ചോരാതെ നിലനിറുത്തിയും സി.പി.എം പ്രചാരണ രംഗത്ത് ചുവടുറപ്പിക്കുന്നു. പി നന്ദകുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുള്ള ഔദ്യോഗിക തീരുമാനം വന്നതുമുതൽ എല്ലാവരെയും ചേർത്തു പിടിച്ചുള്ള പ്രചാരണ രീതിക്കാണ് സി.പി.എം ശ്രദ്ധ കൊടുത്തത്. സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങിയവരെ ഒരു കാരണവശാലും അകറ്റി നിറുത്തുന്ന സമീപനമുണ്ടാകരുതെന്ന കണിശമായ നിർദ്ദേശമാണ് കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്നത്. പി. നന്ദകുമാറിന്റെ സ്ഥാനാർത്ഥിത്വ കാര്യത്തിലെ അനിവാര്യത ബോദ്ധ്യപ്പെടുത്തിയും നന്ദകുമാറും പാർട്ടിയും തമ്മിലുള്ള പ്രവർത്തന കാലത്തിന്റെ ആഴം വിശദീകരിച്ചുമാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ നീരസമുള്ള പ്രവർത്തകരെ സി.പി.എം അഭിസംബോധന ചെയ്തത്.
മികച്ച കുടുംബ സാഹചര്യങ്ങൾ ഉണ്ടായിട്ടും എല്ലാം വിട്ടെറിഞ്ഞ് അരനൂറ്റാണ്ടോളം തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച നേതാവ്, അടിയന്തരാവസ്ഥക്കാലത്ത് ഒന്നേമുക്കാൽ കൊല്ലം ജയിൽവാസം അനുഭവിക്കേണ്ടി വന്ന പാർട്ടി പ്രവർത്തകൻ, പാർട്ടി ഗ്രൂപ്പിൽ തുടങ്ങി സി.ഐ.ടി.യു അഖിലേന്ത്യ നേതൃത്വം വരെ എത്തിയ പ്രവർത്തന പരിചയം എന്നിങ്ങനെ വിശദീകരിച്ചാണ് എതിർപ്പുള്ളവരെ അനുനയിപ്പിക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച ചിലരെ പ്രഖ്യാപനം വന്ന ദിവസം തന്നെ കൂടെ കൂട്ടാൻ സി പി എമ്മിനായിട്ടുണ്ട്.മണ്ഡലത്തിലെ പ്രമുഖരെ വീട്ടിൽ സന്ദർശിച്ച് അനുഗ്രഹം വാങ്ങിച്ചും പിന്തുണ ഉറപ്പാക്കിയുമാണ് പി. നന്ദകുമാർ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇ.കെ. ഇമ്പിച്ചിബാവയുടെ പത്നി ഫാത്തിമ, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ.എം മുഹമ്മദ് കാസിം കോയ എന്നിവരുൾപ്പെടെയുള്ളവരുടെ വീടുകൾ നന്ദകുമാർ സന്ദർശിച്ചു.
18ന് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊന്നാനിയിലെ പ്രചാരണ കൺവെൻഷൻ വൻ ജനപങ്കാളിത്തത്തോടെ പാർട്ടിയുടെ കെട്ടുറപ്പ് പ്രകടമാക്കുന്ന തരത്തിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
ചുക്കാൻ പിടിക്കാൻ സ്പീക്കർ
നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് പൊന്നാനി മണ്ഡലത്തിന്റെ പ്രചാരണ ചുമതല. 
തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മണ്ഡലത്തിൽ ഉണ്ടാകണമെന്ന കർശന നിർദ്ദേശമാണ് സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്നത്.
 പരമാവധി വീടുകൾ കയറിയും ഫോണിലൂടെ വോട്ടർമാരെ ബന്ധപ്പെട്ടും വോട്ടുറപ്പിക്കാനാണ് ശ്രീരാമകൃഷ്ണന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. 
സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ പ്രതിഷേധങ്ങൾ ഒരു കാരണവശാലും വിജയത്തെ ബാധിക്കാതിരിക്കാൻ സൂക്ഷ്മമായ ഇടപെടലായിരിക്കും ഉണ്ടാവുക.
പ്രതിഷേധക്കാരിൽ പ്രമുഖരെ അനുനയിപ്പിക്കാൻ സ്പീക്കർ തന്നെ നേരിട്ട് ഇറങ്ങിയേക്കും.