muslim-league-demands-thi

മലപ്പുറം: നിയമസഭ, മലപ്പുറം ലോക്‌സഭ, രാജ്യസഭ തിരഞ്ഞെടുപ്പുകളിലേക്കുള്ള ലീഗ് സ്ഥാനാർത്ഥികളെ ഇന്നലെ വൈകിട്ട് നാലരയോടെ പാണക്കാട്ടെ വസതിയിൽ സംസ്ഥാന അദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. 27 സീറ്റുകളിൽ മത്സരിക്കുമ്പോൾ 25 ഇടത്താണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അധികമായി ലഭിക്കുന്ന പേരാമ്പ്ര, പുനലൂർ അല്ലെങ്കിൽ ചടയമംഗലം സീറ്റുകളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. പുനലൂരാണോ ചടയമംഗലമാണോ ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 24 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. അഴിമതിക്കേസിൽ പ്രതിയായതോടെ കളമശ്ശേരിയിൽ വി.കെ.ഇബ്രാഹിംകുഞ്ഞിനെ ഒഴിവാക്കി മകൻ വി.ഇ.അബ്ദുൾ ഗഫൂറിനെ സ്ഥാനാർത്ഥിയാക്കി. മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ അബ്ദു സമദ് സമദാനിയും രാജ്യസഭ സീറ്റിൽ പി.വി.അബ്ദുൾ വഹാബും മത്സരിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി വേങ്ങരയിലും കെ.പി.എ മജീദ് തിരൂരങ്ങാടിയിലും പോരിനിറങ്ങും. മലപ്പുറത്തെ കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗുകാരൻ കൂടിയായ ജീവകാരുണ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ പൊതുസ്വതന്ത്രനായേക്കും.

ഇടതുമുന്നണി സ്വതന്ത്രനിലൂടെ അട്ടിമറി വിജയം നേടിയ താനൂർ തിരിച്ചുപിടിക്കാൻ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ രംഗത്തിറക്കി. സംവരണ മണ്ഡലമായ കോങ്ങാടിൽ ദളിത് ലീഗ് നേതാവ് യു.സി.രാമനാണ് മത്സരിക്കുന്നത്. എല്ലാവിഭാഗം ജനങ്ങൾക്കും പ്രാതിനിദ്ധ്യം നൽകാൻ ശ്രമിച്ചിട്ടുണ്ടെന്ന് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.