-bbb
മലപ്പുറം ലോക്‌സഭ സ്ഥാനാർത്ഥിയായ എം.പി. അബ്ദുസ്സമദ് സമദാനിയും നിയമസഭ സ്ഥാനാർത്ഥിയായ പി. ഉബൈദുള്ളയും മലപ്പുറത്ത് നടത്തിയ പ്രകടനം

മലപ്പുറം: പതിവിന് വിപരീതമായി സ്ഥാനാർത്ഥിപ്രഖ്യാപനം വൈകിയെങ്കിലും തർക്കങ്ങൾക്ക് അധികം ഇടംകൊടുക്കാത്ത തരത്തിൽ സൂക്ഷ്മത പുലർത്തുന്നതാണ് ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക. താഴേത്തട്ടിലടക്കം വിപുലമായ ചർച്ചകൾ നടത്തിയും വ്യത്യസ്ത അഭിപ്രായങ്ങൾക്ക് ചെവി കൊടുത്തും സമൂഹത്തിലെ വിഭിന്ന മേഖലകളെ ഭാഗഭാക്കാക്കിയുമുള്ള പട്ടിക മുറുമുറുപ്പുകൾക്ക് വലിയ ഇടം നൽകുന്നില്ല. പതിവുമുഖങ്ങളെ ഒഴിവാക്കിയും പുതുമുഖങ്ങൾക്കും ചെറുപ്പക്കാർക്കും അർഹമായ പ്രാതിനിധ്യം നൽകിയും പ്രാദേശികമായ വികാരങ്ങൾ കണക്കിലെടുത്തുമാണ് ലീഗ് പട്ടിക ഒരുക്കിയിട്ടുള്ളത്.

പരിചയസമ്പന്നരും പുതുമുഖങ്ങളും

മലപ്പുറത്ത് പി. ഉബൈദുള്ള, വള്ളിക്കുന്നിൽ പി. അബ്ദുൾ ഹമീദ്, കൊണ്ടോട്ടിയിൽ ടി.വി. ഇബ്രാഹിം, എറനാട് പി.കെ. ബഷീർ, കോട്ടയ്ക്കൽ ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ സിറ്റിംഗ് മണ്ഡലം നിലനിറുത്തി. പെരിന്തൽമണ്ണയിലെ സിറ്റിംഗ് എം.എൽ.എയായ മഞ്ഞളാംകുഴി അലി മങ്കടയിലേക്ക് മാറി. പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ തിരിച്ചെത്തി. വലിയൊരിടവേളയ്ക്കു ശേഷം സംഘടനാരംഗത്തു നിന്നും തിരഞ്ഞെടുപ്പു ഗോദയിലേക്ക് വീണ്ടുമെത്തുകയാണ് കെ.പി.എ. മജീദ്, തിരൂരങ്ങാടിയിൽ മത്സരിക്കും. പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം , താനൂരിൽ പി.കെ. ഫിറോസ് , മഞ്ചേരിയിൽ യു.എ. ലത്തീഫ്, തിരൂരിൽ കുറുക്കോളി മൊയ്തീൻ എന്നിവർ ജില്ലയിൽ കന്നിയങ്കം കുറിക്കും. വേങ്ങര എം.എൽ.എയായ കെ.എൻ.എ ഖാദറിനെ ഗുരുവായൂരിലേക്കാണ് പാർട്ടി ഇത്തവണ നിയോഗിച്ചിട്ടുള്ളത്. തിരൂരിൽ ഇത്തവണ മത്സരത്തിനിറങ്ങുമെന്ന് കരുതപ്പെട്ടിരുന്ന നാട്ടുകാരൻ കൂടിയായ എൻ. ഷംസുദ്ദീൻ വീണ്ടും മണ്ണാർക്കാട് മത്സരിക്കും.

അവർ ഇത്തവണയില്ല

സിറ്റിംഗ് എം.എൽ.എമാരായ ടി.എ. അഹമ്മദ് കബീർ(മങ്കട)​​ ,​ പി.കെ. അബ്ദുറബ്ബ്(തിരൂരങ്ങാടി)​,​ എം. ഉമ്മർ (മഞ്ചേരി)​,​ സി. മമ്മൂട്ടി(തിരൂർ)​ എന്നിവരാണ് ഇത്തവണ ഒഴിവായവർ. താനൂരിൽ കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട അബ്ദുറഹ്മാൻ രണ്ടത്താണി ഇത്തവണ പരിഗണിക്കപ്പെട്ടില്ല.

സർപ്രൈസ്
ഇത്തവണ രംഗത്തുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്ന പി. ഉബൈദുള്ള അവസാന നിമിഷം ലിസ്റ്റിൽ ഇടംനേടി. പ്രവർത്തനമികവും ജനകീയതയുമാണ് അദ്ദേഹത്തിന് ഗുണം ചെയ്തത്. ലിസ്റ്റിലെ അവസാന നിമിഷമുണ്ടായ ചില മാറ്റിമറച്ചിലുകളും അദ്ദേഹത്തിന് ഗുണകരമായി. മൂന്നുതവണ മത്സരിച്ചവരെയാണ് ഒഴിവാക്കുന്നതെന്ന മാനദണ്ഡവും തുണച്ചു.

സീനിയർ നേതാവായ കുറുക്കോളി മൊയ്തീൻ ഇത്തവണ തിരൂരിൽ കന്നിയങ്കത്തിനിറങ്ങും.

2011ലും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അവസാനനിമിഷം സി. മമ്മൂട്ടിക്കായി മാറിനിൽക്കുകയായിരുന്നു. കഴിഞ്ഞ തവണയും പരിഗണിക്കപ്പെട്ടില്ല. ഇത്തവണ അർഹതയ്ക്കുള്ള അംഗീകാരമായാണ് സ്ഥാനാർത്ഥിത്വം അദ്ദേഹത്തെ തേടിയെത്തുന്നത്. ആദ്യഘട്ടത്തിലും അദ്ദേഹത്തിന്റെ പേര് പറഞ്ഞുകേട്ടിരുന്നില്ല. താഴേത്തട്ടിലെ പ്രവർത്തകർക്കിടയിൽ വേരുകളുള്ള നേതാവാണ് കുറുക്കോളി മൊയ്തീൻ.

പൊടിപാറും

പെരിന്തൽമണ്ണ

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സി.പി.എം സ്വതന്ത്രനായി പെരിന്തൽമണ്ണയിലിറങ്ങിയ മുൻലീഗ് നേതാവ് കെ.പി.എം. മുസ്തഫയെ നേരിടാൻ യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റായ നജീബ് കാന്തപുരത്തെയാണ് രംഗത്തിറക്കിയിട്ടുള്ളത്. മഞ്ഞളാംകുഴി അലി കഴിഞ്ഞ തവണ

579 വോട്ടിന് കഷ്ടിച്ച് കരപറ്റിയ മണ്ഡലത്തിൽ ഇത്തവണ പോരാട്ടം തീപാറും. മലപ്പുറം മുൻനഗരസഭ ചെയർമാൻ കൂടിയായിരുന്നു മുഹമ്മദ് മുസ്തഫ

താനൂർ

കോൺഗ്രസ് വിട്ടെത്തിയ വി. അബ്ദുറഹ്മാനെ സ്വതന്ത്രനായിറക്കി എൽ.ഡ‌ി.എഫ്

പിടിച്ചെടുത്ത താനൂർ തിരിച്ചുപിടിക്കാൻ ഇത്തവണയിറങ്ങുന്നത് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നടത്തിയ വികസനപ്രവർത്തനങ്ങളാണ് അബ്ദുറഹ്മാന്റെ ബലം. തദ്ദേശതിരഞ്ഞെടുപ്പിലുണ്ടായ വ്യക്തമായ മേൽക്കോയ്മ ലീഗിന് ആത്മവിശ്വാസമേകുന്നു.

മങ്കട

വെറും 1,508 വോട്ടിനാണ് മങ്കടയിൽ കഴിഞ്ഞ തവണ സി.പി.എമ്മിന്റെ ടി.കെ. റഷീദലി ലീഗിന്റെ ടി.എ അഹമ്മദ് കബീറിനോട് പരാജയപ്പെട്ടത്. ഇത്തവണ മണ്ഡലം പിടിച്ചടക്കാൻ കച്ചകെട്ടിയിറങ്ങുന്ന റഷീദലിയെ തളയ്ക്കാൻ നാട്ടുകാരൻ കൂടിയായ മഞ്ഞളാംകുഴി അലിയെയാണ് ലീഗ് രംഗത്തിറക്കുന്നത്. ലീഗ് കോട്ടയായ മങ്കടയിൽ സി.പി.എം സ്വതന്ത്രനായി രണ്ടുതവണ ജയിച്ച അലി 2011ലാണ് ലീഗിലെത്തിയത്. അലിയെ പെരിന്തൽമണ്ണയിലിറക്കി മുൻതിരഞ്ഞെടുപ്പിൽ കൈവിട്ട സീറ്റ് പിടിച്ചെടുത്ത സീറ്റ് മങ്കടയും പോക്കറ്റിലാക്കി. കഴിഞ്ഞ തവണത്തെ പോരാട്ടം ഇഞ്ചോടിഞ്ച് കനത്തതാണ് ഇത്തവണ അലിയെ മങ്കടയിലെത്തിക്കാൻ പാർട്ടിയെ പ്രേരിപ്പിക്കുന്നത്.