noorbina-rashid

കോഴിക്കോട്/മലപ്പുറം: മുസ്ളിം ലീഗ് കാൽ നൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ഒരു വനിതയ്ക്ക് സീറ്റു നൽകി. വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.നൂർബിന റഷീദ് പാർട്ടിയുടെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്തിലാണ് പോരിനിറങ്ങുന്നത്. സിറ്റിംഗ് എം.എൽ.എയും പ്രതിപക്ഷ ഉപനേതാവുമായ ഡോ.എം.കെ.മുനീറിനെ കൊടുവള്ളിയിലേക്ക് മാറ്റിയാണ് സുരക്ഷിത മണ്ഡലത്തിൽ നൂർബിനയെ മത്സരിപ്പിക്കുന്നത്.

1996-ലാണ് ചരിത്രത്തിലാദ്യമായി മുസ്ളിം ലീഗ് വനിതാ സ്ഥാനാർത്ഥിയെ മത്സര രംഗത്തിറക്കിയത്. മണ്ഡല പുനർനിർണയത്തിന് മുമ്പ് കോഴിക്കോട് - രണ്ട് എന്നറിയപ്പെട്ടിരുന്ന ഇതേ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായത് വനിതാ ലീഗ് നേതാവ് ഖമറുന്നീസ അൻവറാണ്. അന്നും സിറ്റിംഗ് സീറ്റ് കൈമാറിയത് മുനീർ തന്നെ. സി.പി.എമ്മിലെ എളമരം കരീമിനോട് 8,766 വോട്ടിന് ഖമറുന്നീസയ്ക്ക് അടിയറവ് പറയേണ്ടിവന്നു. സംസ്ഥാന സാമൂഹികക്ഷേമ ബോർഡ് അദ്ധ്യക്ഷസ്ഥാനം രാജിവച്ചായിരുന്നു ഖമറുന്നീസ അങ്കത്തിനിറങ്ങിയത്.

സമസ്തയുടെ അടക്കം താത്പര്യമില്ലായ്മ കാരണം ലീഗ് പിന്നീട് വനിതകളെ പരിഗണിച്ചില്ല. ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ നൂർബിനയ്ക്ക് മൂന്ന് പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുണ്ട്. വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1996ൽ സുഗതകുമാരി അദ്ധ്യക്ഷയായി സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ച വനിതാ കമ്മിഷനിൽ അംഗമായിരുന്നു ഇവർ. റിട്ട. കസ്റ്റംസ് കമ്മിഷണർ അബ്ദുൾ റഷീദാണ് ഭർത്താവ്. മൂന്ന് മക്കളുണ്ട്.

പിടിമുറുക്കി വനിതാ ലീഗ്

തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ സംവരണത്തിന് പിന്നാലെ സംഘടനാതലത്തിൽ സജീവമായ വനിതാ ലീഗ് നിയമസഭാ സീറ്റെന്ന ആവശ്യം പലതവണ നേതൃത്വത്തിന് മുന്നിലുയർത്തിയിരുന്നു. വനിതാ സ്ഥാനാർത്ഥിയെ പരിഗണിച്ചെങ്കിലും ഒരുഘട്ടത്തിൽ സമസ്തയുടെ മുൻ എതിർപ്പ് മറയാക്കി ചർച്ചയ്ക്ക് ബ്രേക്കിട്ടു. തടസം സമസ്തയാണെന്ന പ്രചാരണമുയർന്നതോടെ, ലീഗിന്റെ ആഭ്യന്തര കാര്യത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് സമസ്ത നേതൃത്വം ആവശ്യപ്പെട്ടു. പിന്നാലെ, ലീഗിലെ ഒരു വിഭാം വനിതാ സ്ഥാനാർത്ഥിക്കായി ഉറച്ചുനിന്നതോടെയാണ് നൂർബിനയ്ക്ക് നറുക്ക് വീണത്. വനിതാലീഗ് ദേശീയ സെക്രട്ടറി ജയന്തിരാജനെയും സംസ്ഥാന അദ്ധ്യക്ഷ സുഹറ മമ്പാടിനെയും പരിഗണിച്ചിരുന്നു. എൽ.ഡി.എഫിൽ ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിലാണ് സ്ഥാനാർത്ഥി.

ലീഗ് വനിതകളെ തഴയുന്നെന്ന പ്രചാരണത്തിനുള്ള മറുപടിയാണിത്. മൂന്ന് പതിറ്റാണ്ടിലധികമായി ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്നുണ്ട്. നേതൃത്വം അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും.

നൂർബിന റഷീദ്