
പൊന്നാനി: പൊന്നാനിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആരെന്നതിൽ കൺഫ്യൂഷൻ തീരുന്നില്ല. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ.എ.എം രോഹിതിന്റെ പേരാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്നത്. പ്രമുഖരുടേതുൾപ്പെടെ നിരവധി പേരുകൾ മാറി മറിഞ്ഞാണ് രോഹിതിലെത്തി നിൽക്കുന്നത്. ഇത് അന്തിമ പട്ടികയിലേക്കെത്തുമൊ എന്നറിയാൻ ഞായറാഴ്ച്ച സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതുവരെ കാത്തിരിക്കണം.
പൊന്നാനിയിൽ സ്ഥാനാർത്ഥിത്വത്തിലേക്ക് ആദ്യ ഘട്ടത്തിൽ പരിഗണിച്ചിരുന്ന പേരുകൾ ഇടയ്ക്കു വച്ച് അപ്രത്യക്ഷമായി. അഡ്വ.എ എം രോഹിതിനൊപ്പം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ.സിദ്ധിഖ് പന്താവൂർ, കെ പി സി സി അംഗം എം.വി ശ്രീധരൻ എന്നിവരുടെ പേരുകളാണ് പരിഗണിച്ചിരുന്നത്. എന്നാൽ ലിസ്റ്റ് ഹൈക്കമാൻഡിന് മുന്നിലേക്കെത്തുന്ന ഘട്ടമെത്തിയതോടെ ഡി സി സി പ്രസിഡന്റ് വി.വി പ്രകാശ്, ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ പേരുകൾ പരിഗണിക്കുന്ന സ്ഥിതിയുണ്ടായി. എ.എം രോഹിതിന് വേണ്ടി ഹൈക്കമാൻഡിലുള്ള കേരള പ്രതിനിധിയുടെ ഇടപെടൽ ഉണ്ടായതോടെ ചിത്രം വീണ്ടും മാറി മറിഞ്ഞു.
സി പി എമ്മിലെ മുതിർന്ന നേതാവ് പി നന്ദകുമാർ ഇടതു മുന്നണി സ്ഥാനാർത്ഥിയായി
പൊന്നാനിയിലേക്ക് പരിഗണിച്ചിരുന്ന സിദ്ദിഖ് പന്താവൂരിന്റെ പേര് പിന്നിലേക്ക് പോയത് ചങ്ങരംകുളം മേഖലയിൽ കോൺഗ്രസിനകത്ത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ജനപ്രതിനിധികളും മണ്ഡലം, ബ്ലോക്ക് ഭാരവാഹികളും രാജി ഭീഷണിയുമായി രംഗത്തുണ്ട്. വി എം സുധീരന്റെ ശക്തമായ പിന്തുണ സിദ്ദിഖിനുണ്ടായിരുന്നു.
എ.എം രോഹിതിന് വേണ്ടി സോഷ്യൽ മീഡിയയിലെ കോൺഗ്രസ് പ്രൊഫൈലുകൾ പ്രചാരണം തുടങ്ങിയിട്ടുണ്ട്. 81 സീറ്റുകളിൽ സ്ഥാനാർത്ഥികളായെന്ന് കോൺഗ്രസ് നേതൃത്വം പറയുമ്പോഴും അതിൽ പൊന്നാനി ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കാത്തതാണ് പ്രവർത്തകരിൽ കൺഫ്യൂഷനിടയാക്കുന്നത്.