തിരൂരങ്ങാടി: മുസ്‌ലിം ലീഗിന്റെ കോട്ടയായ തിരൂരങ്ങാടിയിൽ കെ.പി.എ മജീദിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി പ്രാദേശിക നേതൃത്വവും പ്രവർത്തകരും. തിരൂരങ്ങാടി സ്വദേശി കൂടിയായ പി.എം.എ സലാം സ്ഥാനാർത്ഥിയാവുമെന്ന് ഉറപ്പിച്ചപ്പോഴാണ് തീർത്തും അപ്രതീക്ഷിതമായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ കെ.പി.എ മജീദിനെ സ്ഥാനാർത്ഥിയാക്കിയത്. തിരൂരങ്ങാടിയിൽ പുറത്തുനിന്നുള്ള നേതാവ് വേണ്ടെന്ന് കാണിച്ച് നൂറോളം പ്രവർത്തകർ പാണക്കാട്ടെത്തി സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. കെ.പി.എ മജീദിനെ സ്ഥാനാർത്ഥിയാക്കിയതിലെ പ്രതിഷേധം വോട്ട് ചോർച്ചയ്ക്ക് വഴിവെച്ചേക്കാമെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ പ്രതിഷേധം തണുപ്പിക്കാനുള്ള തീവ്രശ്രമങ്ങളിലാണ് ലീഗ് നേതൃത്വം. അഞ്ച് തവണ എം.എൽ.എയായ മജീദിന് പകരം പുതിയ സ്ഥാനാർത്ഥികളെ നിർത്തണമെന്ന ആവശ്യം നേരത്തെ തന്നെ ലീഗുമുള്ളിൽ ഉയർന്നിരുന്നു. കഴിഞ്ഞ തവണ അവസാന നിമിഷം വരെ സ്ഥാനാർത്ഥി പട്ടികയിൽ പി.എം.എ സലാം ഇടം പിടിച്ചിരുന്നു. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ പി.കെ.അബ്ദുറബ്ബിന് വീണ്ടും അവസരമേകാനുള്ള തീരുമാനത്തിൽ സലാം പുറത്തായി. ഉത്തവണ എന്തായാലും അവസരമേകുമെന്ന ഉറപ്പ് പി.എം.എ സലാമിന് നേതൃത്വത്തിൽ നിന്ന് ലഭിച്ചതായാണ് വിവരം. അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ലീഗ് നേതൃത്വത്തിൽ നിന്ന് ആരും സലാമിനെ ബന്ധപ്പെടാതിരുന്നതും പ്രതിഷേധത്തിന് ആഴംകൂട്ടി. സലാമിന്റെ പേരാണ് മണ്ഡലം കമ്മിറ്റി നിർദ്ദേശിച്ചിരുന്നത്. പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രാദേശിക നേതൃത്വം. ഇതോടെയാണ് നേതൃത്വത്തിന്റെ തീരുമാനത്തിൽ അമർശം പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ ഇന്നലെ പാണക്കാട്ടെത്തി സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെയും ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെയും നേരിൽകണ്ട് കടുത്ത പ്രതിഷേധമറിയിച്ചത്. തിരൂരങ്ങാടിയിൽ കെ.പി.എ മജിദിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻവലിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ലെന്ന പ്രഖ്യാപനം ലീഗ് നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്.
2011ൽ പി.കെ.അബ്ദുറബ്ബിന് 30,208 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോൾ 2016 ൽ 6,043 ആയി ചുരുങ്ങി. ഇടതുസ്വതന്ത്രനായി നിയാസ് പുളിക്കലകത്തായിരുന്നു മത്സരിച്ചിരുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് കൂടുതൽ മുന്നേറ്റമാണുണ്ടാക്കിയിരുന്നു. നേരത്തെ പല പഞ്ചായത്തുകളിലും ഇല്ലാതിരുന്ന യു.ഡി.എഫ് സംവിധാനം തദ്ദേശ തിരഞ്ഞെടുപ്പോടെ പുനഃസ്ഥാപിച്ചിരുന്നു. പ്രാദേശിക തലത്തിൽ ഘടക കക്ഷികൾ തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളും മറ്റും നേതൃത്വം ഇടപെട്ട് പരിഹരിച്ചു. 2019ലെ ലോക്സഭ തിരഞെഞ്ഞെടുപ്പിൽ ഇ.ടി.മുഹമ്മദ് ബഷീറിന് തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് 46,984 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന്റെ നില കൂടുതൽ മെച്ചപ്പെട്ടു. തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളും നന്നമ്പ്ര, എടരിക്കോട്, തെന്നല, പെരുമണ്ണക്ലാരി ഗ്രാമ പഞ്ചായത്തുകളുമടങ്ങിയതാണ് തിരൂരങ്ങാടി നിയോജക മണ്ഡലം. 2016ൽ പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളിൽ നിന്നും വോട്ടുകൾ കുറവായിരുന്നെങ്കിലും പഞ്ചായത്തുകളിലെ വോട്ടുകളാണ് അബ്ദുറബ്ബിന് രക്ഷയായത്. 39 ഡിവിഷനുകളുള്ള തിരൂരങ്ങാടി നഗരസഭയിൽ 2015നേക്കാൾ നില യു.ഡി.എഫ് മെച്ചപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിംലീഗ് 24 , കോൺഗ്രസ് ആറ്, സി.എം.പി രണ്ട്, വെൽഫെയർ ഒന്ന് എന്നിങ്ങനെയാണ് നിലവിലുള്ള യു.ഡി.എഫ് കക്ഷിനില . രണ്ട് സ്വതന്ത്രരും യു.ഡി.എഫിനെ പിന്തുണയ്ക്കുന്നുണ്ട്. 2015ൽ മുസ്‌ലിം ലീഗ് - 22 , ലീഗ് വിമതർ- രണ്ട്, കോൺഗ്രസ്-ഏഴ്, സി.എം.പി - ഒന്ന് എന്നിങ്ങനെയായിരുന്നു. 45 ഡിവിഷനുകളുള്ള പരപ്പനങ്ങാടി നഗരസഭയിൽ യു.ഡി.എഫിന് 2015ൽ 25 സീറ്റാണ് ഉണ്ടായിരുന്നത്. എന്നാൽ 2020ൽ യു.ഡി.എഫ് 29 സീറ്റുകൾ നേടി. കഴിഞ്ഞ തവണ യു.ഡി.എഫിനുള്ളിലെ പ്രാദേശിക പ്രശ്നങ്ങളും മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള സ്വതന്ത്രസ്ഥാനാർത്ഥിയുമായി എൽ.ഡി.എഫിന്റെ കടന്നുവരവുമാണ് യു.ഡി.എ ഫിന് ക്ഷീണമുണ്ടാക്കിയത്. ഇത്തവണ സി.പി.ഐ അസിസ്റ്റന്റ് ജില്ലാ സെക്രട്ടറി അജിത് കൊളാടിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. പ്രാദേശിക തലത്തിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ച് ഘടക കക്ഷികളെ ഒരേകുടക്കീഴിൽ കൊണ്ടുപോകാൻ സാധിച്ചെന്ന ആത്മവിശ്വാസത്തിനിടയിലാണ് പാളയത്തിലെ പട ലീഗിന് വെല്ലുവിളിയാവുന്നത്.