fire
തീയണക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്സ്

നിലമ്പൂർ: പനങ്കയം കൊട്ടുപാറയിലെ ചാലിയാർ പുഴയോരത്തെ റബ്ബർ എസ്റ്റേറ്റിന് തീപ്പിടിച്ചു. ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. അയ്യപ്പൻ കാലയിൽ ദയാനന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് എസ്റ്റേറ്റ്. തീപ്പിടിച്ച ഉടനെ ഓടിയെത്തിയ നാട്ടുകാർ തീയണക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും ശക്തമായ കാറ്റുമൂലം തീ പടർന്നു പിടിച്ചു. ഉടനെ നിലമ്പൂർ ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഘവും സിവിൽ ഡിഫെൻസ് വളണ്ടിയർമാരും നാട്ടുകാരും ട്രോമ കെയർ വളണ്ടിയർമാരും തീപടരാതിരിക്കാൻ ഫയർ ബ്രേക്ക് സ്ഥാപിച്ചു. തുടർന്ന് ഫയർ ബീറ്ററുകൾ ഉപയോഗിച്ച് അടിച്ചും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തും തീ പൂർണമായും അണച്ചതിനാൽ ജനവാസമേഖലയിലേക്ക് തീ പടരുന്നത് തടയാനായി. ഒന്നര ഏക്കർ സ്ഥലത്തെ അടിക്കാടുകൾ കത്തിനശിച്ചു.