
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ തിരൂരങ്ങാടിയിലെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ പാർട്ടിയിൽ പരസ്യ പ്രതിഷേധം ശക്തമായതോടെ മഞ്ചേരി ആവർത്തിക്കുമോയെന്ന പേടിയിൽ ലീഗ്.
മജീദിന് വോട്ട് ചെയ്യില്ലെന്ന പരസ്യപ്രഖ്യാപനവുമായി നൂറിലധികം പ്രവർത്തകർ പാണക്കാട്ടെത്തി സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. പ്രതിഷേധക്കാർക്ക് പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയുണ്ട്. 2004ൽ ലീഗിന്റെ ഉരുക്കുകോട്ടയായിരുന്ന മഞ്ചേരി ലോക്സഭ മണ്ഡലത്തിലേറ്റ തോൽവിക്ക് സമാനമായ തിരിച്ചടിയാണ് നേതൃത്വം ഭയക്കുന്നത്. 1999ൽ 1,23,411 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇ.അഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ടി.കെ.ഹംസയ്ക്കെതിരെ മത്സരിച്ച മജീദ് 47,743 വോട്ടുകൾക്കാണ് തോറ്റത്. പ്രാദേശിക എതിർപ്പിനൊപ്പം വിജയസാദ്ധ്യതയില്ലാത്ത സ്ഥാനാർത്ഥിയെന്ന പ്രചാരണം അന്നും ഉയർന്നിരുന്നു.
സി.പി.ഐയുടെ സീറ്റായ തിരൂരങ്ങാടിയിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടിയെ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ടെങ്കിലും പൊതുസ്വതന്ത്രനെ കളത്തിലിറക്കി നിലവിലെ സാഹചര്യം അനുകൂലമാക്കാനാവുമോയെന്ന ചർച്ച ഇടതുപക്ഷം തുടങ്ങിയിട്ടുണ്ട്.
2016ൽ ഇടതുസ്വതന്ത്രനായി മത്സരിച്ച സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്തിനെ സി.പി.എം സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടിട്ടുണ്ട്. പിന്മാറാനുള്ള സന്നദ്ധത അജിത് കൊളാടിയും അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ന് നിശ്ചയിച്ചിരുന്ന എൽ.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മാറ്റി. കടുത്ത സമ്മർദ്ദമുണ്ടെങ്കിലും നിയാസ് മനസുതുറന്നിട്ടില്ല. മത്സരിക്കുന്നതിൽ ഇന്നോ നാളയോ തീരുമാനമുണ്ടാവും.