
നിലമ്പൂർ : നിയമസഭ തിരഞ്ഞെടുപ്പിൽ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നു. ഇന്ന് വൈകിട്ടോടെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. നിലമ്പൂരിൽ വി.വി പ്രകാശ് , പട്ടാമ്പിയിൽ ആര്യാടൻ ഷൗക്കത്ത് എന്നിങ്ങനെയുള്ള ഫോർമുലയാണ് സംസ്ഥാനനേതൃത്വം മുന്നോട്ടു വച്ചിട്ടുള്ളത്. നേതാക്കളിൽ നിന്ന് അനുകൂല നിലപാടുണ്ടാവുമെന്നാണ് ഉന്നത നേതാക്കളുടെ പ്രതീക്ഷ.
ഞായറാഴ്ച പ്രഖ്യാപിച്ച ആദ്യ പട്ടികയിൽ നിലമ്പൂർ നിയോജകമണ്ഡലം ഉൾപ്പെടാത്തതാണ്ആകാംക്ഷ വർദ്ധിപ്പിച്ചത്.
ആകാംക്ഷയ്ക്ക് വിരാമമിട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. അൻവർ വിദേശത്തുനിന്നും നിലമ്പൂരിൽ എത്തിയതോടെ എൽ.ഡി.എഫ് പ്രവർത്തകർ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. നിയോജകമണ്ഡലം കൺവെൻഷൻ നടത്തി പ്രചാരണ രംഗത്ത് എൽ.ഡി.എഫ് ഏറെ മുന്നിലെത്തി. പ്രാദേശിക കൺവെൻഷനുകളും നടന്നു വരികയാണ്. ക്വാറന്റൈൻ പൂർത്തിയായാൽപി.വി. അൻവർ നേരിട്ട് പ്രചാരണത്തിനെത്തും. എതിർ സ്ഥാനാർത്ഥി കൂടി രംഗത്തെത്തുന്നതോടെ പ്രചാരണത്തിന് ചൂടേറും. അതേ സമയം യു.ഡി.എഫ് സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിക്കാനാവാത്തത് മുന്നണിക്ക് തിരിച്ചടിയാവുമെന്ന് കരുതുന്നവരുമുണ്ട്. ആദ്യ ഘട്ടത്തിൽ രണ്ടിൽ കൂടുതൽ പേരുകൾ പരിഗണനയിലെന്ന റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും അവസാന ഘട്ടത്തിൽ വി.വി.പ്രകാശിന്റെയും ആര്യാടൻ ഷൗക്കത്തിന്റെയും പേരുകളിലാണ് ചർച്ചകൾ നടക്കുന്നത്. ടി. സിദ്ദിഖിന്റെ പേര് ഏതാണ്ട് ഉറച്ച സ്ഥിതിയിലെത്തിയിരുന്നെങ്കിലും എതിർപ്പുകളുയർന്നതോടെ ഒഴിവായി.
ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ്, സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് എന്നിവർ കഴിഞ്ഞ അഞ്ചുവർഷമായി സീറ്റിനായി മണ്ഡലത്തിൽ പ്രവർത്തനം നടത്തി വരുന്നവരാണ്. 2006 ലെ തോൽവിക്ക് മറുപടി നൽകാൻ ഒരവസരം കൂടി വേണമെന്ന നിലപാടിലാണ് ആര്യാടൻ ഷൗക്കത്ത്. എന്നാൽ 2016ലെ ധാരണ പാലിക്കാൻ സീറ്റ് തനിക്ക് തന്നെ വേണമെന്ന് വി.വി പ്രകാശും ആവശ്യപ്പെടുന്നുണ്ട്. നവമാദ്ധ്യമങ്ങളിലൂടെ ഇരുവരുടെയും അനുകൂലികൾ നടത്തുന്ന വടംവലി വേറെ.
എന്തായാലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഏറെ പ്രതിസന്ധികളിലൂടെയാണ് നിലമ്പൂരിന്റെ കാര്യത്തിൽ നേതൃത്വം കടന്നുപോകുന്നതെന്നാണ് തീരുമാനം വൈകുന്നതിലൂടെ അറിയാനാവുന്നത്.
നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കവേ ദിവസങ്ങൾക്കുള്ളിൽ തന്നെ നിലമ്പൂരിലെ സ്ഥാനാർത്ഥി കാര്യത്തിൽ തീരുമാനമാവുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകരും.
തവനൂരിലും ആശയക്കുഴപ്പം
എടപ്പാൾ : സ്ഥാനാർത്ഥി നിർണ്ണയത്തിൽ അനശ്ചിതത്വത്തിൽ തവനൂർ. തവനൂരിൽ മത്സരിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തുവന്നതോടെയാണ് തവനൂരിൽ അനിശ്ചിതത്വം ഉടലെടുത്തത്. ഒടുവിൽ ഫിറോസിന് പകരം റിയോസ് മുക്കോളി തന്നെ വന്നേക്കുമുള്ള പ്രചാരണമാണ് ഇപ്പോഴുള്ളത്. നേരത്തെ റിയാസ് മുക്കോളിയുടെ പേര് ഏറക്കുറെ ഉറച്ച ഘട്ടത്തിലാണ് കൂടുതൽ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന നേതാക്കളുടെ ചിന്തയെതുടർന്ന് ഫിറോസ് കുന്നംപറമ്പിലിനെ പരിഗണിച്ചത്. ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ് പരസ്യമായി രംഗത്തുവന്നതോടെയാണ് നേതാക്കൾ സ്ഥാനാർത്ഥിത്വത്തിൽ പിന്നോട്ടുപോയത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ നേരിട്ട് ബന്ധപ്പെട്ട് സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ടതായും താനിത് സ്വീകരിച്ചതായും ഫിറോസ് കുന്നംപറമ്പിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് പരസ്യമായി രംഗത്തുവന്നത്.
ഇതിനിടെ പൊന്നാനിയിൽ സിദ്ദിഖ് പന്താവൂരിനെ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് ചങ്ങരംകുളത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.