തിരൂരങ്ങാടി: പ്രചാരണം ആരംഭിച്ച സ്ഥാനാർത്ഥിയെ മാറ്റിസി.പി.എം സ്വതന്ത്രനായി നിയാസ് പുളിക്കലകത്ത് എത്തുന്നു. കെ.പി.എ മജീദ് തിരൂരങ്ങാടിയിൽ സ്ഥാനാർത്ഥിയാവുകയും അദ്ദേഹത്തിനെതിരെ അണികളിൽ നിന്നും പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇടതുമുന്നണി പുതിയ തീരുമാനമെടുത്തത്. 30,000ത്തിൽ പരമുണ്ടായിരുന്ന പി.കെ. അബ്ദുറബ്ബിന്റെ ഭൂരിപക്ഷം 2016ൽ ആറായിരത്തിലേക്കെത്തിച്ച നിയാസ് പുതിയ സാഹചര്യത്തിൽ ശക്തമായ പോരാട്ടമുയർത്തുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. ഇതോടെ ആവേശഭരിതമായ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്.
സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത്ത് കൊളാടി പ്രചാരണം അരംഭിച്ചതിനിടെയാണ്ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നതും അപ്രതീക്ഷിതമായി കെ.പി.എ. മജീദിന്റെ പേര് തിരൂരങ്ങാടിയിൽ പ്രഖ്യാപിക്കപ്പെടുന്നതും. പിറ്റേന്ന് തന്നെ പ്രതിഷേധവുമായി അണികൾ പാണക്കാടെത്തി. പി..എം.എ സലാം മത്സരിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അണികൾക്കിടയിലെ വികാരം മുതലാക്കുകയെന്നതാണ് സി.പി.എമ്മിന്റെ അതിവേഗത്തിലുള്ള തന്ത്രമൊരുക്കലിലേക്ക് എത്തിച്ചത്. സി.പി.ഐയുമായുള്ള ചില ഭിന്നതകളെ തുടർന്ന് മാറിനിൽക്കാൻ തീരുമാനിച്ച നിയാസിനെ അതിവേഗം മത്സരത്തിലേക്ക് തിരിച്ചെത്തിക്കാൻ ഇടതുമുന്നണിക്കായതോടെയാണ് വീറുറ്റ പോരിന് കളമൊരുങ്ങിയത്.എൻ.ഡി.എ സ്ഥാനാർത്ഥി തിരൂർ താലൂക്കിൽപ്പെട്ട കൽപ്പകഞ്ചേരി സ്വദേശി കള്ളിയത്ത് അബ്ദുൾ സത്താർ ഹാജിയാണ്. മണ്ഡലത്തിൽ എൻ.ഡി.എക്ക് പരപ്പനങ്ങാടി നഗരസഭയിൽ മൂന്ന് കൗൺസിലർമാരും നന്നമ്പ്ര പഞ്ചായത്തിൽ ഒരു അംഗവുമുണ്ട്. 30 വർഷത്തോളം മുസ്ലിംലീഗിലെ കർഷകസംഘം സംസ്ഥാന എക്സിക്യുട്ടീവ് അംഗം, പ്രവാസി ലീഗ് കൗൺസിലർ, തിരൂർ പെയിൻ ആൻഡ് പാലയേറ്റീവ് ബോർഡംഗം, റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റാണ്