cxdfd
.

മലപ്പുറം: യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അവസാന നിമിഷവും സസ്പെൻസ് തുടർന്ന നിലമ്പൂരും തവനൂരും കൂടി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നതോടെ ജില്ലയിലെ പോരിന് വീറുംവാശിയുമേറും. നിലമ്പൂർ,​ തവനൂർ,​ മങ്കട,​ താനൂർ,​ തിരൂരങ്ങാടി മണ്ഡലങ്ങളിൽ ഇരുമുന്നണികൾക്കും അഭിമാന പോരാട്ടമാണ്. ഇവി‌ടങ്ങൾ നിലനിറുത്തുകയും പിടിച്ചെടുക്കുകയുമാണ് മുന്നണികൾക്ക് മുന്നിലെ വലിയ ദൗത്യം. നിലവിൽ പന്ത്രണ്ടിടത്ത് യു.ഡി.എഫും നാലിടത്ത് എൽ.ഡി.എഫുമാണ്. 2011ൽ യു.ഡി.എഫ് - 14,​ എൽ.ഡി.എഫ് - രണ്ട് എന്നിങ്ങനെ ആയിരുന്നു. കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന നിലമ്പൂരും ലീഗിന്റെ താനൂരൂം സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണത്തിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തു. മന്ത്രി കെ.ടി.ജലീലിന്റെ മണ്ഡലമായ തവനൂരിൽ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫിറോസ് കുന്നംപറമ്പിലാണ് സ്ഥാനാർത്ഥി. തിരൂരങ്ങാടിയിൽ യു.ഡി.എഫിനായി കെ.പി.എ മജീദ് സ്ഥാനാർത്ഥിയായതോടെ എൽ.‌ഡി.എഫ് നേരത്തെ തീരുമാനിച്ച സ്ഥാനാർത്ഥിയെ മാറ്റി ഇടതുസ്വതന്ത്ര പരീക്ഷണം ആവർത്തിക്കുന്ന അപൂർവ്വതയ്ക്കും ജില്ല സാക്ഷിയായി.

പിടിവലിയിൽ നിലമ്പൂർ

പി.വി.അൻവറിനെ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയാക്കി എൽ.ഡി.എഫ് പ്രചാരണത്തിൽ മുന്നേറുമ്പോൾ സ്ഥാനാർത്ഥിയെ സംബന്ധിച്ച കോൺഗ്രസിലെ തർക്കമാണ് തിരിച്ചടി. ഡ‌ി.സി.സി പ്രസി‌ഡന്റ് വി.വി.പ്രകാശും ആര്യാടൻ ഷൗക്കത്തും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ല. ആര്യാടൻ ഷൗക്കത്തിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നൽകിയുള്ള സമവായത്തിനാണ് ശ്രമം. ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും മണ്ഡലം യൂത്ത് കോൺഗ്രസ്,​ കെ.എസ്.യു പ്രവർത്തകർ പരസ്യപ്രതിഷേധവുമായി രംഗത്തുവന്നത് നേതൃത്വത്തിന് കൂടുതൽ തലവേദനയായി. പ്രതിഷേധം വോട്ട് ചോർച്ചയ്ക്ക് വഴിവയ്ക്കുമോയെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. ഇതിലാണ് കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയ ഇടതുസ്വതന്ത്രൻ പി.വി.അൻവറിന്റെ പ്രതീക്ഷ. കോൺഗ്രസ് വോട്ടുകൾ ചോർത്താനായാൽ വലിയ മാർജിനിൽ വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടതുക്യാമ്പ്. കഴി‍ഞ്ഞ തവണ 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അൻവ‌ർ വിജയിച്ചത്. ആര്യാടൻ ഷൗക്കത്തിനെയും വി.വി.പ്രകാശിനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഫോർമുല രൂപപ്പെടുത്താൻ നേതൃത്വത്തിനായില്ലെങ്കിൽ തിരിച്ചടിയുണ്ടായേക്കാം. തദ്ദേശ തിരഞ്ഞെടുപ്പിൽ 784 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. നിലമ്പൂർ മുനിസിപ്പാലിറ്റി ഇടത് പിടിച്ചെടുത്തപ്പോൾ രണ്ട് പഞ്ചായത്തുകളിലെ ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസിനായി.

നിയമസഭ തിരഞ്ഞെടുപ്പ് ഫലം

2016 - പി.വി അൻവർ ( ഇടത് സ്വതന്ത്രൻ)​ - 77,​858
ആര്യാടൻ ഷൗക്കത്ത് (കോൺഗ്രസ്)​ - 66,354

ഭൂരിപക്ഷം - 11,504

2011
ആര്യാടൻ മുഹമ്മദ് ( കോൺഗ്രസ്) - 66,331
എം.തോമസ് മാത്യു ( ഇടത്) 60,733

ഭൂരിപക്ഷം - 5,598

കനപ്പിച്ച് പോരാട്ടം

പച്ചക്കോട്ട ചുവപ്പിച്ച വി.അബ്ദുറഹ്മാൻ താനൂരിൽ രണ്ടാംഅങ്കത്തിന് ഇറങ്ങിയപ്പോൾ മണ്ഡ‌ലം തിരിച്ചുപിടിക്കാൻ നിയോഗിച്ചത് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ. ലീഗിലെ യുവത്വത്തിന്റെ പ്രതീകമായ ഫിറോസിന് വലിയ ഭൂരിപക്ഷമെന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം അരങ്ങേറുന്നത്. യൂത്ത് ലീഗ് പ്രവ‌ർത്തകരുടെ സജീവ സാന്നിദ്ധ്യമുണ്ട്. താനൂർ ഫിഷിംഗ് ഹാർബർ യാഥാർത്ഥ്യമാക്കിയതടക്കം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുസ്വതന്തനും സിറ്റിംഗ് എം.എൽ.എയുമായ വി.അബ്ദുറഹ്മാൻ. മണ്ഡല രൂപീകരണം മുതൽ താനൂർ മുസ്‌ലിം ലീഗിനൊപ്പമായിരുന്നു. മൂന്നാംവട്ട അങ്കത്തിനിറങ്ങിയ ലീഗിന്റെ അബ്ദുറഹ്മാൻ രണ്ടത്താണിയെ 4,​918 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇടതുസ്വതന്ത്രനായ വി.അബ്ദുറഹ്മാൻ പരാജയപ്പെടുത്തിയത്. യു.ഡി.എഫിനകത്തെ പടലപ്പിണക്കങ്ങളും ഇതിനൊപ്പം കോൺഗ്രസിൽ നിന്ന് വിഘടിച്ച പൊന്മുണ്ടം കോൺഗ്രുകാരുടെ പിന്തുണയും അബ്ദുറഹ്മാനെ തുണച്ചു. പൊന്മുണ്ടം കോൺഗ്രസിലെ പ്രശ്നങ്ങൾ കോൺഗ്രസ് നേതൃത്വമിടപെട്ട് പരിഹരിച്ചിട്ടുണ്ട്. തദ്ദേശ തിര‌ഞ്ഞെടുപ്പിൽ താനൂരിൽ യു.ഡി.എഫിന് 19,​510 വോട്ടിന്റെ മുൻതൂക്കമുണ്ട്.

2016

വി.അബ്ദുറഹിമാൻ ( ഇടതുസ്വതന്ത്രൻ)​ 64,472
അബ്ദുറഹിമാൻ രണ്ടത്താണി( ലീഗ് )​ - 59,554

ഭൂരിപക്ഷം 4,918

2011

അബ്ദുറഹിമാൻ രണ്ടത്താണി ( ലീഗ് ) - 51,549

ഇ.ജയൻ (സി.പി.എം)​ - 42,116

ഭൂരിപക്ഷം - 9,433

ചാരിറ്റിയിൽ കോർത്ത് തവനൂർ

ജീവകാരുണ്യ പ്രവർത്തനം എല്ലാവരും നടത്തുന്നുണ്ട്. അത് പുറത്ത് പറ‌ഞ്ഞ് നടക്കുന്നില്ല എന്നേയുള്ളൂ. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ പ്രഖ്യാപിക്കാനിരിക്കെ മന്ത്രിയും തവനൂരിലെ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയുമായ കെ.ടി. ജലീലിന്റെ ആദ്യ ഒളിയമ്പാണിത്. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തെ തുടർന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയപ്പോൾ പ്രചാരണരംഗത്ത് മുന്നേറിയിട്ടുണ്ട് ഇടതുപക്ഷം. ജില്ലയിൽ ആദ്യമായി പത്രിക നൽകിയതും ജലീലാണ്. ലീഗിന്റെ കണ്ണിലെ കരടായ ജലീലിനെതിരെ സ്ഥാനാ‌ർത്ഥി പ്രഖ്യാപനം വൈകുന്നതിനെ കടുത്ത അമർഷം യു.ഡി.എഫ് ക്യാമ്പിലുണ്ട്. കോൺഗ്രസിനേക്കാൾ ലീഗിന് സ്വാധീനമുള്ള മണ്ഡലമാണിത്. ഫിറോസ് മത്സര രംഗത്തെത്തിയാൽ ഫണ്ട് തിരിമറി അടക്കമുള്ള ആരോപണങ്ങൾ ശക്തമാക്കാനാണ് ഇടതിന്റെ തീരുമാനം. ഈ വിഷയത്തിൽ ഫിറോസും മന്ത്രി കെ.ടി.ജലീലും നേരത്തെയും കൊമ്പുകോർത്തിട്ടുണ്ട്. വിവാദങ്ങളിലേക്ക് കടക്കാതെ ചാരിറ്റി പ്രവർത്തനം വഴിയുള്ള പ്രശസ്തിയും അനുകൂല സാഹചര്യവും പ്രയോജനപ്പെടുത്താനാണ് യു.ഡി.എഫ് ക്യാമ്പിന്റെ നീക്കം. തദ്ദേശതിരഞ്ഞെടുപ്പിൽ 6,110 വോട്ടിന്റെ മുൻതൂക്കമാണ് ഇടതിന്റെ പ്രതീക്ഷ.


2016

കെ.ടി.ജലീൽ (ഇടതുസ്വതന്ത്രൻ)​ 68,179

ഇഫ്ത്തിഖാറുദ്ദീൻ ( കോൺഗ്രസ് )​ 51,115

ഭൂരിപക്ഷം 17,066

2011

കെ.ടി.ജലീൽ (ഇടതുസ്വതന്ത്രൻ)​ 57,729

വി.വി.പ്രകാശ് - ( കോൺഗ്രസ് ) 50,875

ഭൂരിപക്ഷം - 6,854