കുറ്റിപ്പുറം :തവനൂർ മണ്ഡലത്തിലെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നേ മണ്ഡലത്തിൽ റോഡ് ഷോ നടത്തി യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ. മലപ്പുറം- പാലക്കാട് ജില്ലാ അതിർത്തിയായ നീലിയാട് നിന്നും പ്രവർത്തകരുടെ വമ്പിച്ച സ്വീകരണം ഏറ്റുവാങ്ങിയാണ് ഫിറോസ് മണ്ഡലത്തിൽ പ്രവേശിച്ചത്. സ്വീകരണച്ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. പി. ബാവഹാജി, യു.ഡി.എഫ് തവനൂർ മണ്ഡലം കൺവീനർ സുരേഷ് പൊൽപ്പാക്കര, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി. രാജീവ് തുടങ്ങിയവർ അണിനിരന്നു. റോഡ് ഷോയിൽ വലിയ ബഹുജന പങ്കാളിത്തമുണ്ടായിരുന്നു. മണ്ഡലത്തിൽ രണ്ട് തവണ വിജയിച്ച മന്ത്രി കെ.ടി.ജലീലിനെ ഇത്തവണ തോൽപ്പിക്കാനുള്ള ശക്തനായ സ്ഥാനാർത്ഥിയെന്ന അന്വേഷണമാണ് യു.ഡി.എഫിനെ ഫിറോസിലേക്കെത്തിച്ചത്.