fff
.

തിരഞ്ഞെടുപ്പ് ഗോദയിൽ പോരാളികളുടെ പൂർണ്ണചിത്രം വ്യക്തമായതോടെ ഇനി മീനച്ചൂടിനെ വെല്ലുന്ന പോരാട്ടച്ചൂടിലേക്ക്. തങ്ങളുടെ താരപ്രചാരകരെ എത്രയും വേഗം രംഗത്തെത്തിച്ച് വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികൾ

മുന്നിൽ നിന്ന് നയിക്കും മുഖ്യൻ

മുഖ്യമന്ത്രി പിണറായി വിജയനെ രംഗത്തിറക്കി വി.വി.ഐ.പി പ്രചാരണത്തിന് എൽ.ഡി.എഫ് തുടക്കംകുറിച്ചു. ഏറനാട് മണ്ഡലത്തിലെ അരീക്കോടിൽ ആദ്യ പ്രചാരണം ഇടതുകേന്ദ്രങ്ങളെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ഇന്ന് കൊണ്ടോട്ടി, താനൂർ, പൊന്നാനി നിയോജക മണ്ഡലങ്ങളിൽ മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുന്നുണ്ട്. ലീഗിന്റെ കോട്ടയായിരുന്ന താനൂർ കൈവിടാതിരിക്കാൻ സിറ്റിംഗ് എം.എൽ.എയും ഇടതുസ്വതന്ത്രനുമായ വി.അബ്ദുറഹ്മാൻ രണ്ടാംഅങ്കത്തിന് ഇറങ്ങുമ്പോൾ സീറ്റ് പിടിച്ചെടുക്കാൻ ലീഗ് നിയോഗിച്ചത് യൂത്ത് ലീഗിന്റെ മുഖമായ പി.കെ.ഫിറോസിനെയും. ഇഞ്ചോടിഞ്ച് മത്സരം അരങ്ങേറുന്ന താനൂരിലെ പ്രചാരണ വേഗത്തിനൊപ്പം ഇടതുക്യാമ്പിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ് മുഖ്യമന്ത്രിയുടെ സന്ദർശന ലക്ഷ്യം. ഉച്ചയ്ക്ക് രണ്ടിന് പരപ്പനങ്ങാടി റോ‌ഡിന് സമീപത്തെ മാനുഹാജി ഗ്രൗണ്ടിലാണ് പരിപാടി. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് പി.കെ.ഫിറോസിനെതിരെ ആരോപണമുന്നയിച്ച മുൻ യൂത്ത് ലീഗ് ദേശീയ സമിതിയംഗം യൂസഫ് പടനിലവും പങ്കെടുക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ സി.പി.എമ്മിനുള്ളിൽ ആദ്യ പരസ്യ പ്രതിഷേധം അരങ്ങേറിയ പൊന്നാനിയിലെ മുഖ്യമന്ത്രിയുടെ സന്ദർശനത്തിനും ഏറെ പ്രാധാന്യമുണ്ട്. തിരൂരങ്ങാടിയിൽ ഇടതു സ്വതന്ത്രനായ നിയാസ് പുളിക്കലകത്തിന്റെ പ്രചാരണത്തിനായി ഇന്നലെ സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനെത്തി.

എത്തും രാഹുലും

കോൺഗ്രസിനായി എത്തുന്ന താരപ്രചാരകരുടെ പട്ടിക തയ്യാറായിട്ടില്ല. രാഹുൽ ഗാന്ധി അടക്കമുള്ളവർ ജില്ലയിൽ പ്രചാരണത്തിനെത്തുമെന്നാണ് വിവരം. ജില്ലയിൽ നാലുമണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. രാഹുൽഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ ഭാഗങ്ങളുൾക്കൊള്ളുന്നതാണ് നിലമ്പൂർ മണ്‌ഡലം. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ശശി തരൂർ, രമേശ് പിഷാരടി തുടങ്ങിയവർ പ്രചാരണത്തിനെത്തുമെന്നാണ് സൂചന. വിശദമായ കാര്യപരിപാടി തയ്യാറാക്കി വരുന്നതേയുള്ളൂ.

മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാ‌ർത്ഥി എ.പി.അബ്ദുള്ളക്കുട്ടിയുടെ പ്രചാരണത്തിന് ബി.ജെ.പി എം.പിയും സിനിമാനടനും ഗായകനുമായ മനോജ് തിവാരി നാളെ മലപ്പുറത്തെത്തും. വൈകിട്ട് നാലിന് മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാന്റിന് സമീപത്തെ തുറന്ന വേദിയിലാവും പരിപാടി നടക്കുക. വിവിധ നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പിക്കായി കേന്ദ്രമന്ത്രിമാരും എം.പിമാരും എത്തിയേക്കും. ബി.ജെ.പി പ്രതീക്ഷവയ്ക്കുന്ന പ്രധാന മണ്ഡലങ്ങൾ മലപ്പുറത്തില്ലെന്നതാണ് താരപ്രചാരകരുടെ വരവിന് തടസം. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ എന്നിവർ കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കരിപ്പൂർ വിമാനത്താവളത്തിലിറങ്ങും. മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ പ്രചാരണത്തിനായി അമിത്ഷാ എത്തിയേക്കുമെന്ന് സൂചനകളുണ്ട്.

പത്രികാ തിരക്കിൽ സ്ഥാനാ‌ർത്ഥികൾ